ന്യൂഡല്‍ഹി : എയര്‍സെല്‍- മാക്‌സിസ് അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധന മന്ത്രിയുമായ പി. ചിദംബരത്തിന്റെ പങ്ക് അന്വേഷിച്ച് വരികയാണെന്ന് സി.ബി.ഐ സുപ്രിം കോടതിയില്‍. അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സി.ബി.ഐ ഇക്കാര്യം വ്യക്തമാക്കിയത്.
2006ല്‍ മലേഷ്യന്‍ കമ്പനിയായ മാക്‌സിസിന് എയര്‍സെല്ലിന്റെ ഓഹരികള്‍ വാങ്ങാനുള്ള വിദേശ നിക്ഷേപ ബോര്‍ഡിന്റെ അനുമതിക്കായി ചിദംബരം വഴിവിട്ട് സഹായങ്ങള്‍ നല്‍കിയെന്നും ഇത് സംബന്ധിച്ചുള്ള സിബിഐയ്ക്ക് ലഭിച്ചിട്ടുള്ള തെളിവുകള്‍ കോടതിയില്‍ ഹാജരാക്കണമെന്നും സ്വാമി ആവശ്യപ്പെട്ടിട്ടുണ്ട്.
വിദേശ സ്ഥാപനങ്ങള്‍ക്ക് ഇന്ത്യന്‍ കമ്പനിയുടെ നൂറു ശതമാനം ഓഹകരികള്‍ നേരിട്ടും അല്ലാതേയും വാങ്ങാന്‍ രാജ്യത്തെ നിയമം അനുവദിക്കുന്നില്ല.
3,500 കോടിയുടെ എയര്‍സെല്ലിന്റെ ഓഹരികള്‍ വില്‍ക്കുന്നത് സംബന്ധിച്ചുള്ള വിവരം സാമ്പത്തിക വകുപ്പിന്റെ ക്യാബിനറ്റ് കമ്മിറ്റിക്ക് (സിസിഇഎ) പോലും നല്‍കാതെയാണ് വിദേശ നിക്ഷേപ ബോര്‍ഡ് ഇതിന് അംഗീകാരം നല്‍കിയതെന്നും സ്വാമി ആരോപിച്ചു. ചീഫ് ജസ്റ്റിസ് ജെ. എസ്. ഖേഹര്‍, ജസ്റ്റിസ് എന്‍. വി രമണ, ജസ്റ്റിസ് ഡി. വൈ. ചന്ദ്രചുഡി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
അതിനിടെ കേസുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ അന്വേഷണ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. കവറില്‍ സീല്‍ ചെയ്ത നിലയിലാണ് റിപ്പോര്‍ട്ട് കൈമാറിയത്. ഇതുസംബന്ധിച്ചുള്ള വിശദമായ വാദത്തിന് മെയ് രണ്ടിന് ഹര്‍ജി വീണ്ടും പരിഹരിക്കും. എയര്‍സെല്‍- മാക്‌സിസ് ഇടപാട് കേസില്‍ മുന്‍ കേന്ദ്ര ടെലികോം മന്ത്രി ദയാനിധി മാരന്‍, സഹോദരന്‍ കലാനിധി മാരന്‍ എന്നിവരെ ഒഴിവാക്കിക്കൊണ്ട് പ്രത്യേക കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു.
Post Your Comments