റിയാദ്: അമേരിക്കന്‍ യാത്രക്കാരുടെ വിലക്കിനെ മറികടക്കാന്‍ സൗകര്യങ്ങള്‍ സൗദി രംഗത്ത്. ഹാന്‍ഡ് ബാഗേജിനൊപ്പം ലാപ്ടോപ്പും ടാബുകളും മറ്റു ഇലക്ട്രോണിക്സ് ഉപകരണങ്ങളും വിമാനത്തിനകത്തു കയറ്റുന്നതിന് യു.എസ് ഏര്‍പ്പെടുത്തിയ വിലക്ക് മറികടക്കുന്നതിനു പുതിയ സേവനങ്ങളുമായി സൗദി എയര്‍ലൈന്‍സ്. ജിദ്ദ, റിയാദ് എന്നീ വിമാനത്താവളങ്ങളില്‍നിന്ന് യു.എസ്സിലേക്കുള്ള സര്‍വീസുകളിലെ യാത്രക്കാര്‍ക്ക് 20 എംബി ഇന്റര്‍നെറ്റ് സൗജന്യമായി നല്കുന്ന സേവനം സൗദി എയര്‍ലൈന്‍സ് ആരംഭിച്ചു.
ഇതിനുപുറമെ കമ്പനിക്കു കീഴിലുള്ള പുതിയ തലമുറയില്‍പെട്ട വിമാനങ്ങളില്‍ സീറ്റുകളിലെ സ്ക്രീനുകളില്‍ ഫ്ളാഷ് മെമ്മറി ഉപയോഗിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. എയര്‍പോര്‍ട്ട് ടെര്‍മിനലുകളില്‍നിന്നു വിമാനങ്ങളില്‍ കയറുന്നതിനു തൊട്ടുമുമ്പുവരെ സ്വന്തം ടാബുകളും ലാപ്ടോപ്പുകളും ഉപയോഗിക്കുന്നതിനും യാത്രക്കാരെ എയര്‍ലൈന്‍സ് അനുവദിക്കുന്നുണ്ട്. വിമാനത്തില്‍ കയറുന്ന സമയത്തു മാത്രം ടാബുകളും ലാപ്ടോപ്പുകളും ഗ്രൗണ്ട് സര്‍വീസ് ജീവനക്കാരെ ഏല്പിച്ചാല് മതി. ഓരോ ടാബും ലാപ്ടോപ്പും പ്രത്യേകം ബോക്സുകളിലാക്കി സൂക്ഷിച്ച് ലക്ഷ്യസ്ഥാനത്തെത്തിച്ച് യാത്രക്കാര്‍ക്ക് സുരക്ഷിതമായി കൈമാറും.
ഈജിപ്ത്, ജോര്‍ദാന്‍, കുവൈത്ത്, മൊറോക്കൊ, ഖത്തര്‍, സൗദി അറേബ്യ, തുര്‍ക്കി, യുഎഇ എന്നീ രാജ്യങ്ങളിലെ പത്തു എയര്‍പോര്‍ട്ടുകളില്‍നിന്ന് യുഎസ്സിലേക്കുള്ള സര്‍വീസുകളില്‍ ലാപ്ടോപ്പുകളും ടാബുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും ഹാന്‍ഡ് ബാഗേജിന്റെ കൂടെ വിമാനത്തില്‍ കയറ്റുന്നത് കഴിഞ്ഞയാഴ്ചയാണ് വിലക്കിയത്.
Post Your Comments