മലപ്പുറത്ത് ഹിന്ദു വോട്ടുകളുടെ ധ്രുവീകരണത്തിനാണ് ഇടതുപക്ഷത്തിന്റെ ശ്രമമെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുസ്ലിം ധ്രുവീകരണം നടത്തുകയാണെന്ന് നേരത്തെ ഇടതുപക്ഷം ആരോപിച്ചിരുന്നു. ഇടതുപക്ഷത്തിന്റെ പ്രചാരണം ദുഷ്ടലാക്കോടെയുള്ളതാണെന്നും ഹസന്‍ കുറ്റപ്പെടുത്തി.
എസ്ഡിപിഐ, പിഡിപി, വെല്‍ഫെയര്‍ പാര്‍ട്ടി എന്നീ ചെറുപാര്‍ട്ടികളുടെ വോട്ട് മുസ്ലിം ലീഗിനാണെന്നാണ് മലപ്പുറത്തെ പ്രചാരണം. ഇത്തരം പാര്‍ട്ടികളുടെ വോട്ട് നേടി മുസ്ലിം ലീഗ് മത ധ്രുവീകരണം നടത്തുകയാണെന്നാണ് ഇടതുപക്ഷം ആരോപിച്ചത്.
എന്നാല്‍ ഈ ആരോപണം ബോധപൂര്‍വമുള്ളതാണെന്ന് ഹസന്‍ പറയുന്നു. മുസ്ലിം ധ്രുവീകരണത്തിന് എതിരേയുള്ള ഹിന്ദു വോട്ടുകളാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യമെന്നും ഹസന്‍ കുറ്റപ്പെടുത്തി.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ കുഞ്ഞൂഞ്ഞ്, കുഞ്ഞുമാണി, കുഞ്ഞാലിക്കുട്ടി പ്രയോഗം ഇടതുപക്ഷം നടത്തിയിരുന്നു. ഇതും ഹിന്ദു വോട്ടില്‍ ലക്ഷ്യമിട്ടായിരുന്നുവെന്ന് ഹസന്‍ ആരോപിക്കുന്നു.
എസ്ഡിപിഐ, പിഡിപി, വെല്‍ഫെയര്‍ പാര്‍ട്ടി എന്നീ കക്ഷികള്‍ ഇത്തവണ മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നില്ല. അപ്രധാനമായ തിരഞ്ഞെടുപ്പാണിതെന്നാണ് ഈ കക്ഷികളുടെ നിലപാട്. അതുകൊണ്ടു തന്നെ ഈ പാര്‍ട്ടികളുടെ വോട്ട് ആരു നേടുമെന്നത് മലപ്പുറത്ത് പ്രധാന ചര്‍ച്ചയാണ്.
എന്നാല്‍ ഈ കക്ഷികളുടെ വോട്ട് മുസ്ലിം ലീഗിന് നല്‍കാന്‍ ധാരണയായെന്നാണ് ഇടതുനേതാക്കള്‍ പറയുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊള്ളുമ്പോള്‍ മതം പ്രധാന വിഷയമാവുന്നതില്‍ ആശങ്കയുണ്ടെന്ന് വോട്ടര്‍മാര്‍ തന്നെ അഭിപ്രായപ്പെടുന്നു. ഇത്തരം കക്ഷികളുടെ വോട്ട് വേണ്ട എന്നു പറയാന്‍ മുസ്ലിം ലീഗിന് ധൈര്യമുണ്ടോ എന്നും ഇടതു നേതാക്കള്‍ ചോദിക്കുന്നു.
യുഡിഎഫ് സ്ഥാനാര്‍ഥി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പിബി ഫൈസലുമാണ്. പ്രചാരണം ശക്തമായി നടക്കുമ്പോള്‍ മണ്ഡലത്തില്‍ വിദ്വേഷ പ്രസംഗങ്ങളും കൊടുമ്പിരി കൊള്ളുന്നുണ്ട്.
ജയിച്ചാല്‍ മണ്ഡലത്തില്‍ നല്ല ബീഫ് ലഭ്യമാക്കുമെന്നാണ് ബിജെപി സ്ഥാനാര്‍ഥി എന്‍ ശ്രീപ്രകാശ് കഴിഞ്ഞദിവസം മീറ്റ് ദി പ്രസില്‍ പറഞ്ഞത്. മലപ്പുറത്തുകാര്‍ ബീഫ് മാത്രം കഴിക്കുന്നവരാണോ, ബിജെപിയെ ജയിപ്പിച്ചിട്ട് ഞങ്ങള്‍ക്ക് ശുദ്ധമായ ബീഫ് കിട്ടേണ്ട തുടങ്ങിയ മറുപടികളാണ് ബിജെപി നേതാവിന് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്.
മുസ്ലിം ലീഗ് നേതാവ് ഇ അഹമ്മദ് അന്തരിച്ചതിനെ തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 1.94 ലക്ഷത്തിന്റെ ഭൂരിപക്ഷത്തിനായിരുന്നു കഴിഞ്ഞതവണ അഹമ്മദിന്റെ ജയം. ഭൂരിപക്ഷം അതിനേക്കാള്‍ വര്‍ധിപ്പിക്കാനാണ് മുസ്ലിം ലീഗ് ഇത്തവണ കുഞ്ഞാലിക്കുട്ടിയെ ഗോദയില്‍ ഇറക്കിയിരിക്കുന്നത്.
Post Your Comments