ബൊഗോട്ട: തെക്കന്‍ കൊളംബിയയില്‍ ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 206 പേര് കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരുക്കേൽക്കുകയും നാനൂറോളം പേരെ കാണാതായിട്ടുമുണ്ട്. നിരവധി വീടുകളും കെട്ടിടങ്ങളും പാലങ്ങളും ഒലിച്ചുപോയി. കൊളംമ്പിയന്‍ സിറ്റിയായ മൊക്കോവയിലാണ് സ്ഥിതി ഏറ്റവും അധികം മോശമായിരിക്കുന്നത്. വനത്തോട് ചേര്‍ന്ന പ്രദേശത്താണ് മണ്ണിടിച്ചില്‍ ഉണ്ടയതെന്നത് രക്ഷാപ്രവര്‍ത്തനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്.
ശക്തമായ മഴമൂലം നിരവധി നദികളും കനാലുകളും നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. തെക്കുപടിഞ്ഞാറന്‍ നഗരമായ പുട്ടുമാവോയില്‍ കെട്ടിടങ്ങളും മറ്റും തകര്‍ന്നുവീണ് റോഡ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.40,000ല്‍ അധികം ആളുകള്‍ താമസിക്കുന്ന നഗരത്തില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കനത്ത മഴ തുടരുകയായിരുന്നു. ഇത്രത്തോളം ശക്തമായ മഴയും മണ്ണിടിച്ചിലും അടുത്തിടെയെങ്ങും ഉണ്ടായിട്ടില്ലെന്ന് മാരിയോ യുയെയ്ല് എന്ന പ്രാദേശിക വാസി പറഞ്ഞു. ഇന്നലെ രാവിലെ 11 മണിയോടെ ആരംഭിച്ച മഴ ഇന്ന് പുലര്‍ച്ചെ ഒരു മണിവരെ നീണ്ടു.
നിര്‍ത്താതെ പെയ്ത കനത്തമഴയില്‍ മൊകോവ നദിയും പോഷക നദികളും കരകവിഞ്ഞൊഴുകിയതോടെയാണ് വന്‍ മണ്ണിടിച്ചിലുണ്ടായത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ത്തിരുന്ന സ്ഥലങ്ങളില്‍ നിന്ന് അവര്‍ തുടച്ചുനീക്കപ്പെട്ടു. എങ്ങും ചെളിനിറഞ്ഞു. 130 മില്ലിമീറ്റര്‍ മഴയാണ് വെള്ളിയാഴ്ച രാത്രി പെയ്തത്. ഒറ്റരാത്രി കൊണ്ട് എല്ലാം നാമാവശേഷമായതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ തെരുവിലായി രക്ഷപെട്ടവര്‍.രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ പ്രസിഡന്റ് ജുവാന്‍ മാനുവല്‍ സാന്റോസ് മൊകോവയിലെത്തി. മരിച്ചയാളുകളുടെ കുടുംബാംഗങ്ങള്‍ക്ക് പ്രസിഡന്റ് അനുശോചനം അറിയി്ച്ചു. രക്ഷാപ്രവര്‍ത്തനത്തിന് അനുയോജ്യമായ എല്ലാവഴികളും തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments