ന്യൂഡല്‍ഹി•പ്രാദേശിക കണക്ടിവിറ്റി പദ്ധതിയായ ഉഡാന്‍ പ്രകാരം 128 റൂട്ടുകളില്‍ സര്‍വീസ് നടത്താന്‍ അഞ്ച് വിമാനക്കമ്പനികള്‍ക്ക് കേന്ദ്രം അംഗീകാരം നല്‍കി. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വിമാനങ്ങളില്‍ യാത്രാ നിരക്ക് പരമാവധി 2500 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ സര്‍വീസ് ഇല്ലാത്തതും വളരെ കുറവ് സര്‍വീസ് മാത്രമുള്ളതുമായ രാജ്യത്തെ 45 ലേറെ വിമാനത്താവളങ്ങളിലേക്കാകും ഉഡാന്‍ (ഉടെ ദേഷ് കാ ആം നഗരിക്) പദ്ധതി പ്രകാരം സര്‍വീസ് ആരംഭിക്കുന്നത്.
128 റൂട്ടുകള്‍ 5 വിമാനക്കമ്പനികള്‍ക്കായി അനുവദിച്ചതായി വ്യോമസേന സെക്രട്ടറി ആര്‍.എന്‍ ചൗധരി അറിയിച്ചു. എയര്‍ ഇന്ത്യയുടെ ഉപകമ്പനിയായ അലൈഡ് സര്‍വീസസ്, സ്പൈസ് ജെറ്റ്, എയര്‍ ഡെക്കാന്‍, എയര്‍ ഒഡിഷ, ടര്‍ബോ മേഘ എന്നീ കമ്പനികള്‍ക്കാണ് ഉഡാന്‍ പദ്ധതി പ്രകാരം സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചത്.
19 മുതല്‍ 78 സീറ്റുകള്‍ വരെയുള്ള ചെറുവിമാനങ്ങള്‍ ഉപയോഗിച്ചാകും സര്‍വീസുകള്‍ നടത്തുക. ഓരോ വിമാനത്തിലെയും 50 ശതമാനം സീറ്റുകളുടെ നിരക്ക് പരമാവധി മണിക്കൂറിന് 2500 രൂപയായി നിജപ്പെടുത്തിയിട്ടുണ്ടെന്നും ചൗധരി പറഞ്ഞു.
ഭതിന്ദ, പുതുച്ചേരി, ഷിംല തുടങ്ങിയ വിമാനത്താവളങ്ങള്‍ പദ്ധതിയുടെ കീഴില്‍ വരും. പദ്ധതി പ്രകാരം സര്‍വീസ് നടത്തുന്ന കമ്പനികള്‍ക്ക് എയര്‍പോര്‍ട്ട് ചാര്‍ജുകള്‍ ഉണ്ടാകില്ല. കൂടാതെ അവര്‍ക്ക് അനുവദിച്ചിട്ടുള്ള റൂട്ടുകളിലേക്ക് അടുത്ത മൂന്ന് വര്‍ഷത്തേക്ക് മറ്റ് കമ്പനികള്‍ക്ക് റൂട്ടും അനുവദിക്കില്ല.
Post Your Comments