ക്രെഡിറ്റ് കാർഡ് തട്ടിപ്പിലൂടെ പത്തു ലക്ഷം ദിർഹം കവർന്ന സംഘത്തെ പിടികൂടി. ഓൺലൈൻ വഴി ക്രെഡിറ്റ് കാർഡ് വ്യാജമായി നിർമിക്കുകയും ബാങ്ക് ഇടപാടുകാരുടെ വിവരങ്ങൾ ചോർത്തുകയും ചെയ്ത ഏഷ്യക്കാരായ നാലംഗ സംഘത്തെയാണ് അബുദാബി പോലീസ് പിടികൂടിയത്. ക്രെഡിറ്റ് കാർഡുകൾ വ്യാജമായി നിർമ്മിച്ച ശേഷം അക്കൗണ്ടിൽ നിന്നും പണം ഈ കാർഡുകളിലേക്ക് മാറ്റും. പിന്നീട് ഇത് ഷോപ്പിങ്ങിനും മറ്റുമായി ഉപയോഗിക്കും.യഥാർത്ഥ ക്രെഡിറ്റ് കാർഡ് ഉടമ കാർഡ് ബ്ലോക്ക് ചെയ്യാതിരിക്കാനും അന്വേഷണം തങ്ങളിലേക്ക് വരാതിരിക്കാനും ഒരു കാർഡ് ഒരു തവണ ഉപയോഗിച്ച ശേഷം കളയുകയാണ് പതിവ്.
പോലീസിന് വിദേശത്തു നിന്നും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കാർഡുകൾ ഉപയോഗിച്ചിരിക്കുന്നത് യു.എ.ഇ ഷോപ്പിംഗ് മാളുകളിൽ ആണെന്ന് കണ്ടെത്തി. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇവർ പിടിയിലാവുകയായിരുന്നു. പരാതി ലഭിച്ചു ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാൻ പോലീസിന് കഴിഞ്ഞു. ലാപ്‌ടോപ്പുകൾ ക്രെഡിറ്റ് കാർഡ് നിർമ്മിക്കാനുപയോഗിക്കുന്ന ഉപകരണങ്ങൾ തുടങ്ങിയവ പോലീസ് പിടിച്ചെടുത്തു.
Post Your Comments