ന്യൂഡൽഹി: കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തെ മികച്ച തുടക്കമാണ് ആധാറെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. രാജ്യസഭയില്‍ ധനബില്ലിന്മേലുള്ള ചര്‍ച്ചകള്‍ നടക്കവേയാണ് യുപിഎ സര്‍ക്കാരിന്റെ നടപടിയെ പുകഴ്ത്തി ജെയ്റ്റ്ലി രംഗത്ത് വന്നത്. സബ്സിഡി ആനുകൂല്യങ്ങൾ നേരിട്ടു ലഭ്യമാക്കുന്നതിനും നികുതി വെട്ടിപ്പു തടയുന്നതിനും വേണ്ടി ആധാർ നിർബന്ധിതമാക്കി അതിനെ വികസിപ്പിക്കുകയായിരുന്നുവെന്നു മന്ത്രി പറഞ്ഞു.
‘ ആധാർ സംബന്ധിച്ചു നമ്മിൽ ചിലർക്കു ചില ഘട്ടങ്ങളിൽ സംശയങ്ങളുണ്ടായിരുന്നു. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പ്രധാനമന്ത്രി വിളിച്ചുചേർത്ത ആധാർ യോഗത്തിൽ ഞാനുമുണ്ടായിരുന്നു. എന്റെ സംശയങ്ങൾക്കു യോഗത്തിൽ ഉചിതമായ മറുപടി ലഭിച്ചു. ഞങ്ങൾക്കു തുറന്നുപറയാൻ മടിയില്ല, ഇതൊരു മഹത്തായ പദ്ധതിയാണെന്നു ഞങ്ങൾ അംഗീകരിക്കുന്നു. ഞങ്ങൾ ഈ പദ്ധതിയെ വികസിപ്പിക്കുകയാണ്. ഞങ്ങൾ ഇത് അംഗീകരിച്ചതാണ്, അതിലൊരു സംശയവും ഇല്ലെന്ന്’ മന്ത്രി പറഞ്ഞു.
ആധാർ നിർബന്ധിതമാക്കിയത് എന്തിന് എന്ന കോൺഗ്രസ് അംഗങ്ങളുടെ തുടർച്ചയായ ചോദ്യത്തിനു മറുപടിയായി, പൊതുക്ഷേമത്തിനു വേണ്ടി രൂപംകൊടുത്ത സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്താതിരിക്കുന്നത് എന്തിനാണെന്നു മന്ത്രി തിരിച്ചുചോദിച്ചു. ബാങ്ക് അക്കൗണ്ട്, ഐടി റിട്ടേൺ വിവരങ്ങൾ അടക്കമുള്ള വിവരങ്ങൾ ഹാക്കിങ്ങിലൂടെ ചോർത്തില്ലെന്ന് ഉറപ്പുതരാൻ സർക്കാരിനു കഴിയുമോ എന്നു പി.ചിദംബരം ചോദിച്ചു.
അതേസമയം, ഇന്റർനെറ്റ് ഹാക്കിങ് തടയാനാവില്ല. ആ ഭീഷണിയുടെ പേരിൽ സാങ്കേതികവിദ്യയെ തള്ളാനോ ഉപയോഗം നിയന്ത്രിക്കാനോ ആവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹാക്കിങ് തടയാനാവില്ലെന്നും ഫയർവോൾ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്താനാകുമെന്നും ജയ്റ്റ്ലി വ്യക്തമാക്കി. ആധാർ മൂലമല്ല ഹാക്കിങ് ഉണ്ടാകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments