കോട്ടയം; കാൻസർ ബാധിച്ച അസ്ഥിയുടെ ഭാഗം മാത്രം മുറിച്ചുമാറ്റി പകരം കൃത്രിമ അസ്ഥി പിടിപ്പിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പുതിയ ചരിത്രമെഴുതി. തൊടുപുഴ മുതലക്കോടം പേണ്ടാനത്ത് അബ്ദുൽ കരീമിന്റെ മകൻ മാഹിൻ (21)ആണ് അപൂർവ ശസ്ത്രക്രിയയ്ക്കു വിധേയമായത്. മാഹിന്‍ കഴിഞ്ഞ ദിവസം ശസ്ത്രക്രിയ കഴിഞ്ഞ കൈ ഉയർത്തി ഡോക്ടർമാരെ അഭിവാദ്യം ചെയ്തു.
ഒരു വർഷമായി ഇടതുകൈയുടെ മുട്ടിനു മേൽഭാഗത്തായി കടുത്ത വേദനയായിരുന്നു. വിവിധ ആശുപത്രികളിൽ ചികിത്സ നടത്തിയെങ്കിലും രോഗം കണ്ടെത്താനോ സുഖപ്പെടുത്താനോ കഴിഞ്ഞില്ല. തുടർന്ന് കഴിഞ്ഞ നവംബർ ആദ്യവാരം തൊടുപുഴ ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സ തേടി. പരിശോധകളിൽ സംശയം തോന്നിയ ഡോക്ടർമാർ കോട്ടയം മെഡിക്കൽ കോളേജിലെ അസ്ഥിരോഗ മേധാവി ഡോ.എം.എ. തോമസിനെ കാണാൻ നിർദേശിച്ചു.
ഡോ. തോമസിന്റെ നേതൃത്വത്തിലുളള സംഘം വിദഗ്ധ പരിശോധനയിൽ ഇടതു തോളിനു താഴെ ഭാഗത്ത് അസ്ഥിക്കു കാൻസർ ആണെന്നു കണ്ടെത്തി. തുടർന്ന് കാൻസർ വിഭാഗം മേധാവിയുമായി ചർച്ചയ്ക്കു ശേഷം കീമോതെറാപ്പി നിർദേശിച്ചു. ഒരു മാസം കീമോ തെറാപ്പി ചെയ്തപ്പോൾ മുഴയുടെ വലിപ്പം കുറഞ്ഞു. എന്നാൽ, ശസ്ത്രക്രിയ ചെയ്യാൻ ബുദ്ധിമുട്ടുള്ളതിനാൽ ഡോക്ടർമാർ ആശങ്കയിലായി. സാധാരണ ഇങ്ങനെ കാൻസർ ബാധിച്ചാൽ ആ ഭാഗം മുറിച്ചുകളയുന്നതാണു ചികിത്സാരീതി. എന്നാൽ, മാഹിന്റെ പ്രായം കണക്കിലെടുത്തു രോഗം വന്ന ഭാഗത്തെ അസ്ഥി മാത്രം മുറിച്ചുകളഞ്ഞു കൃത്രിമ അസ്ഥി വയ്ക്കാൻ ഡോക്ടർമാർ തീരുമാനിക്കുകയായിരുന്നു.
സാധാരണ ലിംപ് സാൾട്ടേജ് ശസ്ത്രക്രിയ കാൽമുട്ടിനു മാത്രമേ ചെയ്യാറുള്ളു. കാൻസർ ബാധിച്ച ഭാഗം മാത്രം നീക്കി പുതിയ ശസ്ത്രക്രിയ രീതി അവലംബിക്കാൻ തീരുമാനിച്ചു. ഇതിനായി വിദേശത്തുനിന്നു കൃത്രിമ അസ്ഥി കൊണ്ടുവരാൻ ശ്രമം തുടങ്ങി. അളവെടുക്കാൻ മുബൈയിൽനിന്നു വിമാന മാർഗം ഡോക്ടറെ കൊണ്ടുവന്നു. 25 സെന്റിമീറ്റർ നീളമുള്ള അസ്ഥിയിൽ 15 സെന്റിമീറ്റർ വരെ ബോണ്‍ ട്യൂമർ ബാധിച്ചിരുന്നു. അതിനാൽ രോഗം വന്ന ഭാഗത്തിന്റെ ഇരുവശങ്ങളിൽ നിന്നും 2.5 സെന്റി മീറ്റർ നീളം അധികമായി മുറിച്ച് 20 സെന്റിമീറ്റർ നീളത്തിൽ മുറിച്ചുമാറ്റാൻ ധാരണയായി. 24നു രാവിലെ ശസ്ത്രക്രിയ നടത്തുകയായിരുന്നു.
നാലു മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം രോഗം വന്ന അസ്ഥി മുറിച്ചെടുത്തു പരിശോധിച്ചു. സ്വകാര്യ ആശുപത്രികളിൽ അഞ്ചു ലക്ഷം രൂപവരെ ചെലവുവരും. സർക്കാരിന്റെ കാരുണ്യ ഫണ്ടിൽനിന്നു ലഭിച്ച രണ്ടു ലക്ഷംരൂപയും ഡോക്ടർമാർ ചേർന്നു സ്വരൂപിച്ച കുറച്ചു പണവും ഉപയോഗിച്ചാണു മെഡിക്കൽ കോളേജില്‍ ശസ്ത്രക്രിയ നടത്തിയത്.
Post Your Comments