മംഗളൂരു•വളരെ ആശിച്ചാണ് വോള്‍വോയുടെ ഏറ്റവും പുതിയ കാറായ വോള്‍വോ എക്സ് സി 90 ടി 9 എക്സലന്‍സ് മംഗളൂരുവിലെ എം.എല്‍.എയായ മൊഹിയുദീന്‍ ബാവ സ്വന്തമാക്കിയത്. ഈ കാര്‍ ഇന്ത്യയില്‍ ആദ്യമായി സ്വന്തമാക്കിയതും ഇദ്ദേഹം തന്നെ. നിര്‍ഭാഗ്യം എന്നല്ലാതെ എന്ത് പറയാന്‍, ഈ ആഡംബരകാര്‍ നിരത്തിലിറക്കി രണ്ടാം നാള്‍ കട്ടപ്പുറത്തായി.
തിങ്കളാഴ്ച വൈകുന്നേരമാണ് 1.65 കോടി രൂപ വിലയുള്ള കാര്‍ കദ്രിയിലെ ഒരു പെട്രോള്‍ ബങ്കില്‍ പണിമുടക്കിയത്. പമ്പ് ജീവനക്കാരന് സംഭവിച്ച ഒരു അബദ്ധമാണ് വിനയായത്. പെട്രോള്‍ അടിക്കാനായി ബങ്കിലേക്ക് കൊണ്ടുവന്ന കാറില്‍ ജീവനക്കാരന്‍ പെട്രോളിന് പകരം ഡീസല്‍ നിറയ്ക്കുകയായിരുന്നു.
ബാവ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബംഗളൂരുവിലായിരുനു. ഇന്ത്യയിലെ ഭൂരിപക്ഷം എസ്.യു.വികളും ഡീസല്‍ കാറുകളാണ്. ഈ ധാരണയിലാകാം പമ്പ് ജീവനക്കാരന് അബദ്ധം പറ്റിയതെന്ന് എം.എല്‍.എയുടെ മകന്‍ പറഞ്ഞു. എന്നാല്‍ ഇതിന്റെ പേരില്‍ പമ്പ് ജീവനക്കാരനെ പഴിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
തുടര്‍ന്ന് കാര്‍ ട്രാക്കില്‍ കയറ്റി ബംഗളൂരുവിലെ സര്‍വീസ് സെന്ററിലേക്ക് കൊണ്ട്പോയി. പെട്രോള്‍ എഞ്ചിന്‍ വാഹനത്തില്‍ ഡീസല്‍ നിറച്ച ശേഷം എഞ്ചിന്‍ ഓണ്‍ ചെയ്താല്‍ വാഹനത്തിന്റെ ഇന്‍ജക്ഷന്‍ പമ്പ് പൊട്ടുകയും അമിതമായി ചൂടാകുകയും ചെയ്യും.
ജീവനക്കാരന്‍ തെറ്റ് സമ്മതിച്ചതായും മാപ്പ് പറഞ്ഞതായും ബാവ പറഞ്ഞു. തെറ്റ് മനുഷ്യസഹജമാണ്. തെറ്റ് പറ്റുക സാധാരണമാണ്. തങ്ങള്‍ യന്ത്രങ്ങളെക്കാള്‍ മനുഷ്യനെ ബഹുമാനിക്കുന്നു- ബാവ കൂട്ടിച്ചേര്‍ത്തു.
Post Your Comments