തൊടുപുഴ: അച്ഛന്റെ വസ്തു തട്ടിയെടുക്കാന്‍ ശ്രമിച്ച ബ്ലേഡ് പലിശക്കാർക്കെതിരെ പ്രധാനമന്ത്രിക്ക് പ്ലസ് ടു വിദ്യാർഥിനി കത്തയച്ചു. പണം കടം വാങ്ങിയെന്ന പേരില്‍ ഒന്നേ മുക്കാല്‍ കോടി രൂപ വിലമതിക്കുന്ന വസ്തു തട്ടിയെടുക്കാന്‍ ശ്രമിച്ച പുറപ്പുഴ വള്ളിക്കെട്ട് വട്ടംകണ്ടത്തില്‍ (തയ്യില്‍) ഉലഹന്നാെനയും (82), മകന്‍ ജോണ്‍സണെയുമാണ് (46) സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിലെ രാജ്യപുരസ്‌കാര്‍ ജേത്രിയായ പ്ലസ്ടൂക്കാരിയുടെ പരാതി കുടുക്കിയത്. ജോണ്‍സണെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തു. ഉലഹന്നാന്‍ ഒളിവിലാണ്.
തന്റെ അച്ഛന്‍ പലിശക്കാരില്‍നിന്ന് അനുഭവിക്കുന്ന ദുരിതങ്ങളാണ് കത്തിൽ എഴുതിയിരുന്നത്. പ്രിയപ്പെട്ട മോദിജീ.. എന്ന അഭിസംബോധനയോടെയാണ് കത്ത് തുടങ്ങിരിക്കുന്നത്. പുറപ്പുഴ സ്വദേശിയായ രാധാകൃഷ്ണന്‍ വഴിത്തലയില്‍ തുണിക്കട തുടങ്ങുന്നതിനായി 2014ലാണ് തന്റെ പേരിലുള്ള ഒരേക്കര്‍ ഒന്നര സെന്റ് തീറാധാരം എഴുതിക്കൊടുത്ത് 20 ലക്ഷം രൂപ വാങ്ങിയത്. എന്നാൽ കച്ചവടത്തില്‍ നഷ്ടം വന്നതിനെ തുടര്‍ന്ന് ഈ സ്ഥാപനം പൂട്ടിപ്പോയി. തുടര്‍ന്ന് ഉപജീവനത്തിനായി ഒരു ചപ്പാത്തി യൂണിറ്റ് തുടങ്ങുന്നതിനായി 10 ലക്ഷം രൂപാകൂടി വാങ്ങി. യൂണിറ്റ് തുടങ്ങി അടുത്ത ദിവസംതന്നെ ചപ്പാത്തി ഉണ്ടാക്കുന്ന യന്ത്രം കേടായി. ഉപകരണം നല്‍കിയ കമ്പനിയുമായി ഉപഭോക്തൃ കോടിതിയില്‍ കേസുമായി.
മാസം 45,000 രൂപ പലിശ നല്‍കണമെന്നാണ് നിബന്ധന. മൂന്നുമാസം കൃത്യമായി പണം നല്‍കിയെങ്കിലും പിന്നീട് സാമ്പത്തിക പരാധീനതമൂലം കഴിഞ്ഞില്ല. തുടർന്ന് പലിശയും മുതലിനും തുല്യമായ വസ്തു എഴുതിയെടുത്ത് ബാക്കി തിരികെത്തരാന്‍ ആവശ്യപ്പെട്ടെങ്കിലും ഉലഹന്നാനോ മകനോ തയ്യാറായില്ല. മധ്യസ്ഥ ചര്‍ച്ചകളും പരാജയപ്പെട്ടു. പ്രധാനമന്ത്രിക്ക് മലയാളത്തില്‍തന്നെ വിശദമായ പരാതി നല്‍കിയത് കഴിഞ്ഞ ഡിസംബറിലാണ്. ഈ പരാതി പ്രധാനമന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രി ഓഫീസിലേക്ക് അയച്ചു.
തുടര്‍ന്ന് ഇടുക്കി എസ്.പി. വഴി സി.ഐ. എന്‍.ജി.ശ്രീമോന് അന്വേഷണച്ചുമതല ലഭിക്കുകയായിരുന്നു. വെള്ളിയാഴ്ച പ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 60 ഏക്കറോളം വസ്തുവിന്റെ 29 ആധാരങ്ങളും മറ്റ് പണയരേഖകളും പോലീസ് കണ്ടെത്തി. 50 വര്‍ഷത്തോളമായി ഉലഹന്നാന്‍ അനധികൃത പലിശയിടപാട് നടത്തുകയാണെന്ന് പോലീസ് പറഞ്ഞു. തുകയെല്ലാം എല്‍.ഐ.സി. ഏജന്റായ മകന്‍ ജോണ്‍സന്റെ പേരില്‍ പോളിസികളില്‍ നിക്ഷേപിക്കുകയും ചെയ്യുമെന്ന് പോലീസ് പറഞ്ഞു. മണി ലെന്‍ഡേഴ്‌സ് ആക്ട് സെക്ഷന്‍ നാല് പ്രകാരം ജാമ്യമില്ലാ വകുപ്പും വഞ്ചനാക്കുറ്റവുമാണ് ഇവര്‍ക്കെതിേര ചുമത്തിയിരിക്കുന്നത്.
Post Your Comments