തിരുവനന്തപുരം• പുതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ വാഹന ഉടമകളെ നിര്‍മാണവര്‍ഷവും മാസവും തെറ്റിച്ച് കബളിപ്പിക്കല്‍ നടത്തുന്ന വാഹന ഡീലര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. ഇത്തരം പരാതി വ്യാപകമായ സാഹചര്യത്തില്‍ സംസ്ഥാനമാകെ പരിശോധനകള്‍ നടത്തിവരുന്നുണ്ട്.
വാഹന ഉടമയ്ക്കും പുതിയ വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും വാഹന ചേസിസ് പരിശോധിച്ച് നിര്‍മാണവര്‍ഷവും മാസവും കണ്ടുപിടിക്കാനുതകുന്ന സൗകര്യം മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്‌സൈറ്റില്‍ (www.keralamvd.gov.in) ലഭ്യമാക്കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ ലഭ്യമായ Find vehicle year and month എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ഈ വിവരങ്ങള്‍ പരിശോധിക്കാം.
ചെങ്ങന്നൂര്‍ ജോയിന്റ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ആറ് ഡീലര്‍മാര്‍ക്കെതിരെയും, ആലപ്പുഴ ആര്‍.ടി.ഒ നാല് ഡീലര്‍മാര്‍ക്കെതിരെയും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കൃ്രതിമം കാണിച്ച കോട്ടയം ടി.വി.എസ് മോട്ടോഴ്‌സ്, എസ്.ജി മോട്ടോഴ്‌സ്, കളത്തില്‍പടി എന്നീ ഡീലര്‍മാരുടെ ട്രേഡ് സര്‍ട്ടിഫിക്കറ്റ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
മാവേലിക്കര മീനത്ത് മോട്ടോഴ്‌സ്, കായംകുളം എ.എസ്.ടി മോട്ടോഴ്‌സ് എന്നീ ഡീലര്‍മാരുടെ ട്രേഡ് സര്‍ട്ടിഫിക്കറ്റും സസ്‌പെന്‍ഡ് ചെയ്തു. നാല് ഡീലര്‍മാര്‍ക്ക് ആലപ്പുഴ ആര്‍.ടി.ഒ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുമുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
Post Your Comments