NewsInternational

യുഎഇയില്‍ കനത്ത മഴ തുടരുന്നു; പ്രധാന റോഡുകള്‍ വെള്ളത്തിനടിയിലായി : പലയിടത്തും നാശനഷ്ടങ്ങള്‍

ദുബായ്: അടുത്ത കാലത്തുണ്ടായ ഏറ്റവും ശക്തമായ മഴ ഗള്‍ഫില്‍ ഇടി മിന്നലിന്റെ അകമ്പടിയോടെ തുടരുന്നു. കഴിഞ്ഞദിവസം മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടായതിനെ തുടര്‍ന്ന് വിമാനങ്ങള്‍ വൈകുന്ന സന്ദര്‍ഭവും ഉണ്ടായിരുന്നു. മഴ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒഴിഞ്ഞ സ്ഥലങ്ങളിലും റോഡുകളിലും മഴ വെള്ളം നിറഞ്ഞു. യു.എ.ഇ, സൗദി, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ മഴ വളരെ ശക്തമാണ്.

യുഎഇയില്‍ അബുദാബി, ദുബായ്, ഷാര്‍ജ എന്നീ എമിറേറ്റുകളിലും വടക്കന്‍ എമിറേറ്റുകളിലും കനത്ത തോതില്‍ മഴ പെയ്തു. ഏറെ നാശനഷ്ടങ്ങളും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഏറെ നാശനഷ്ടമുണ്ടാക്കി. മിക്കയിടത്തും റോഡുകള്‍ വെള്ളക്കെട്ടിനടിയിലായതിനാല്‍ ഗതാഗതം മന്ദഗതിയിലായി.
ദുബായ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. ഒട്ടേറെ റോഡപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

റോഡുകളിലെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കാനുള്ള കഠിന പ്രയത്നത്തിലാണ് അധികൃതര്‍. മഴ മൂലം താളം തെറ്റിയ വിമാന സര്‍വീസ് ഇതുവരെ സാധാരണ നിലയിലായിട്ടില്ല. ഇന്നലെ പുലര്‍ച്ചെയാണ് മഴ ആരംഭിച്ചത്. ശക്തമായ മഴ മണിക്കൂറുകളോളം തുടര്‍ന്നതോടെയാണ് വെള്ളക്കെട്ടുണ്ടായത്. ഇടയ്ക്ക് അല്‍പം ശമനമുണ്ടായെങ്കിലും മിക്കയിടത്തും മഴപെയ്തതായാണ് വിവരം.

ഇന്നലെ രാത്രി പലയിടത്തും കനത്ത തോതില്‍ ആലിപ്പഴ വര്‍ഷവുമുണ്ടായിരുന്നു. മിക്കവര്‍ക്കും ഇന്നും അവധിയായതിനാല്‍ പലരും വീടിനകത്ത് തന്നെ കൂടി. എങ്കിലും ഒട്ടേറെ കുടുംബങ്ങള്‍ ബീച്ചുകളിലും മറ്റും ചെന്ന് മഴ ആസ്വദിച്ചു. മലയാളികള്‍് നാട്ടിലെ കാലവര്‍ഷത്തിന്റെ പ്രതീതി ആസ്വദിക്കുന്ന സ്ഥിതിയായിരുന്നു എല്ലായിടത്തും.

ഏറെ കാലമായി മഴക്കാലത്ത് നാട്ടിലില്ലാത്തവര്‍ ഇതൊരപൂര്‍വ അവസരമായി മഴ നനയുകയും ചെയ്തു. മഴയത്ത് വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button