ന്യൂഡൽഹി: ശിവസേന എംപി രവീന്ദ്ര ഗെയ്ക്‌വാദിനെതിരെ കേസെടുത്തു. എയർഇന്ത്യ ജീവനക്കാരനെ ചെരിപ്പൂരിയടിച്ച സംഭവത്തിലാണ് ശിവസേന എംപി രവീന്ദ്ര ഗെയ്ക്‌വാദിനെതിരെ കേസെടുത്തത്. ഡൽഹി എയർപോർട്ട് പോലീസാണ് വധശ്രമത്തിന് കേസെടുത്തത്. ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗമാകും കേസ് അന്വേഷിക്കുക. അതേസമയം, ബിസിനസ് ക്ലാസ് ടിക്കറ്റ് നൽകിയില്ലെന്ന് കാട്ടി എയർഇന്ത്യയ്ക്കെതിരെ എംപി ഗെയ്ക്‌വാദും പരാതി നൽകിയിട്ടുണ്ട്. ബിസിനസ് ക്ലാസ് ടിക്കറ്റ് കൈവശമുണ്ടായിരുന്നിട്ടും സീറ്റ് നൽകിയില്ലെന്നാണ് പരാതി.
വ്യാഴാഴ്ച രാവിലെ പുണെയിൽനിന്നു ഡൽഹിയിലെത്തിയ എയർ ഇന്ത്യയുടെ എെഎ 852 വിമാനത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഗെയ്ക്ക്‌വാദ് മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് എംപിയാണ്. ബിസിനസ് ക്ലാസ് കൂപ്പണുമായെത്തിയെങ്കിലും ആ ക്ലാസ് ലഭിക്കാതെ ഇക്കോണമി ക്ലാസിൽ സഞ്ചരിക്കേണ്ടിവന്നത് അദ്ദേഹത്തെ ക്ഷുഭിതനാക്കുകയായിരുന്നു. യാത്രയുടെ തുടക്കംമുതൽ ജീവനക്കാരുമായി തർക്കം തുടങ്ങി. വിമാനം ഡൽഹിയിൽ ഇറങ്ങിയിട്ടും എംപി പുറത്തിറങ്ങാൻ തയാറായില്ല. എംപിയെ അനുനയിപ്പിച്ചു പുറത്തിറക്കാൻ ശ്രമിക്കവേയാണു ജീവനക്കാരനു മർദനമേറ്റത്.
Post Your Comments