തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഒ.പിയിലെ നീണ്ട ക്യൂ അവസാനിക്കുന്നു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നുമുതല്‍ ഒ.പി.യില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ടോക്കണ്‍ സമ്പ്രദായമേര്‍പ്പെടുത്തും. ഒ.പി. കൗണ്ടറിലെ ക്യൂ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യ പടിയായി ടോക്കണ്‍ സമ്പ്രദായമേര്‍പ്പെടുത്തുന്നത്. വിദൂര സ്ഥലങ്ങളില്‍ നിന്നും അതിരാവിലെ ഒ.പി.യിലെത്തി ദീര്‍ഘനേരം ക്യൂ നില്‍ക്കുന്ന അവസ്ഥക്ക് മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് അടിയന്തിരമായി ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തുന്നത്.
ഒ.പി. ബ്ലോക്കിന്റെ പ്രവേശന കവാടത്തിന് സമീപത്താണ് ടോക്കണ്‍ കൗണ്ടര്‍ സജ്ജമാക്കിയിരിക്കുന്നത്. ഇതിനായി 2 ടോക്കണ്‍ വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ നിന്നും രാവിലെ 6.30 മുതല്‍ ടോക്കണുകള്‍ എടുക്കാവുന്നതാണ്. ഇതിന് ശേഷം അവിടെ നിന്നും ലഭിക്കുന്ന സ്ലിപ്പില്‍ രോഗിയുടെ പേരും മറ്റ് വിവരങ്ങളും പൂരിപ്പിക്കേണ്ടതാണ്.ഒ.പി. ടിക്കറ്റെടുക്കാനായി 5 കൗണ്ടറകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
രാവിലെ 7.30 മുതല്‍ ഒ.പി. ടിക്കറ്റുകള്‍ നല്‍കിത്തുടങ്ങും. ഒ.പി. കൗണ്ടറിന് മുമ്പിലെ ഡിസ്പ്ലേ ബോര്‍ഡില്‍ ഈ ടോക്കണ്‍ നമ്പരുകള്‍ തെളിയുന്നതാണ്. തങ്ങളുടെ ഊഴമനുസരിച്ച് പൂരിപ്പിച്ച സ്ലിപ്പുമായി ഒ.പി. കൗണ്ടറിലെത്തിയാല്‍ മാത്രം മതി.പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ സംരംഭത്തിലെ ബുദ്ധിമുട്ടുകളോട് സഹകരിക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
Post Your Comments