KeralaNews

മലയാളികളെ പറ്റിക്കാൻ പുതിയ വാട്സാപ്പ് തട്ടിപ്പ്

കോഴിക്കോട്: മലയാളികളെ പറ്റിക്കാൻ പുതിയ വാട്സാപ്പ് തട്ടിപ്പ് സജീവം. ഇത്തവണ നിധി കിട്ടിയ സ്വർണം പാതിവിലയ്ക്കു നല്‍കാമെന്നു വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. സ്വര്‍ണക്കട്ടിയുടെ ദൃശ്യങ്ങള്‍ വാട്സാപ്പ് വഴി കൈമാറിയാണ് ഇരകളെ കെണിയിലാക്കുന്നത്. മലയാളികളെ ലക്ഷ്യംവച്ച് ഉത്തരേന്ത്യന്‍ തട്ടിപ്പുസംഘമാണ് നവമാധ്യമങ്ങള്‍ വഴി സജീവമാകുന്നത്.

തട്ടിപ്പു സംഘം ആദ്യം കാർ വിൽക്കാൻ ഓൺലൈനിൽ പരസ്യം നൽകിയ നമ്പറിലേക്ക് വിളിച്ചായിരുന്നു തട്ടിപ്പിന്റെ തുടക്കം. രാജസ്ഥാനിൽ ജെ.സി.ബി ഉപയോഗിച്ച് റോഡു കുഴിക്കുമ്പോൾ സ്വർണം കിട്ടിയെന്നായിരുന്നു ഫോൺ സന്ദേശം. സ്വർണത്തിന്റെ മാർക്കറ്റ് വില വേണ്ടെന്നും പകുതി മതിയെന്നും അവർ പറഞ്ഞു. ഒരു സ്വർണക്കട്ടി 100 പവൻ. 22 ലക്ഷം രൂപ വിലയുള്ള സ്വർണത്തിന് പത്തു ലക്ഷം. ഇങ്ങനെ, അഞ്ചു സ്വർണക്കട്ടി. ഫോട്ടോയും വിഡിയോയും അയച്ചു കൊടുത്തു.

പക്ഷേ, ഡീൽ ഉറപ്പിക്കാൻ ഹരിയാന വരെ പോണം. ഫോണിലും വാട്സാപ്പിലും സംസാരിച്ച ആളോടു കച്ചവടത്തിനു തയാറാണെന്ന് അറിയിച്ചു. ഒറ്റ ആവശ്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്: വിഡിയോ കോളിൽ സംസാരിക്കണം. ബോധ്യപ്പെട്ടാൽ ഉടനെ അഡ്വാൻസ്. ഇതുകേട്ടപ്പോൾ തന്നെ തട്ടിപ്പുകാരൻ വിഡിയോ കോളിൽ പ്രത്യക്ഷപ്പെട്ടു. ഹരിയാന സ്വദേശി രാഹുൽ ആണ് സംസാരിക്കാൻ എത്തിയത്. സ്വർണക്കട്ടി അവിടെ വിറ്റുക്കൂടെ?… കേരളത്തിൽ എന്തിന് വിൽക്കുന്നു?… ഇങ്ങനെ പലതും ചോദിച്ചെങ്കിലും ആളെ വീഴ്ത്താൻ പാകത്തിൽ മറുപടികൾ വന്നു. നേരിട്ട് ഉരച്ചുനോക്കിയ ശേഷം പണം തന്നാൽ മതിയെന്ന വാഗ്ദാനവും ലഭിച്ചു. യഥാർഥ സ്വർണം ഉരച്ചുനോക്കാൻ തന്നു വിശ്വാസം ഊട്ടിയുറപ്പിക്കലാണ് പതിവ്.

സമാനമായ തട്ടിപ്പുസംഭവങ്ങൾ കേരളത്തിൽ ഇതിനു മുമ്പ് അരങ്ങേറിയിട്ടുണ്ട്. ഇതു തട്ടിപ്പാണെന്ന് ബോധ്യപ്പെടാൻ ഹരിയാനവരെ പോകേണ്ട ആവശ്യവുമില്ല. സ്വർണക്കട്ടിയുടെ ഈ ഡീൽ വ്യാജമാണെന്ന് ആർക്കും മനസിലാകും. പക്ഷേ, നവമാധ്യമങ്ങൾ വഴി വിഡിയോയും കണ്ടു സംസാരിക്കലും കഴിയുമ്പോൾ പലരും കെണിയിൽ വീണുപോയേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button