ന്യൂഡല്‍ഹി: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് പി. കൃഷ്ണദാസിന് ഹൈകോടതിയില്‍നിന്ന് ലഭിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
കേരളത്തിലെ സ്വാശ്രയ കോളേജുകളിലെ ഇടിമുറികള്‍ തടയാന്‍ സുപ്രീം കോടതി ഇടപെടണമെന്നും മഹിജ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. വിദ്യാര്‍ഥികളെ കൊല്ലുന്ന തടവറകളാണ് സ്വാശ്രയ കോളേജുകള്‍. ആ സാഹചര്യത്തിന് ഒരു മാറ്റമുണ്ടാകണം. ഇതിന് കോടതിയുടെ ഇടപെടലുണ്ടാകണം. ഇനി ജിഷ്ണു പ്രണോയിമാര്‍ ഉണ്ടാകാതിരിക്കാന്‍ കോടതി നടപടിസ്വീകരിക്കണമെന്നും ഹര്‍ജിയിലുണ്ട്. സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുള്ളതിനാല്‍ ജാമ്യം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
പി. കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ അപേക്ഷ 27നാണ് പരിഗണിക്കുന്നത്. ഇതോടൊപ്പം മഹിജ നല്‍കിയ ഹര്‍ജിയും സുപ്രീം കോടതി പരിഗണിക്കും.
ലക്കിടി കോളജിലെ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച കേസില്‍ പോലീസ് കൃഷ്ണദാസിനെ കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. രണ്ടുദിവസത്തിനുശേഷം ജാമ്യത്തില്‍ പുറത്തിറങ്ങി.
Post Your Comments