KeralaNews

യോഗയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്

തിരുവനന്തപുരം• എല്ലാതരത്തിലും സമ്പൂര്‍ണമായ വ്യായാമമുറയാണ് യോഗയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോകം സ്വീകരിച്ച യോഗയ്ക്ക് ജാതി, മത വ്യത്യാസമൊന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗ അസോസ്സിയേഷന്‍ ഓഫ് കേരള, യോഗ ഫെഡറേഷന്‍ ഓഫ് ഇന്ത്യ, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഒന്നാമത് ഫെഡറേഷന്‍ കപ്പ് യോഗ ദേശീയ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം വെള്ളയമ്പലം ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മൊത്തത്തില്‍ ജീവിതത്തിനുതന്നെ ചിട്ട വരും എന്നതാണ് യോഗയുടെ പ്രത്യേകത. മാനസിക സംഘര്‍ഷം, ആത്മഹത്യാ പ്രവണത ഇവയെല്ലാം അവസാനിപ്പിക്കാന്‍ യോഗയ്ക്കു കഴിയും. ചെറുപ്രായത്തില്‍തന്നെ പ്രമേഹവും രക്തസമ്മര്‍ദവും അടക്കമുള്ള രോഗങ്ങള്‍ വര്‍ധിച്ചുവരുന്നു. ഇല്ലാതായെന്നു കരുതുന്ന രോഗങ്ങള്‍ തിരിച്ചുവരുന്നു. അതിനാല്‍ ചെറിയ പ്രായത്തില്‍തന്നെ യോഗ പരിശീലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യമന്ത്രി കെ.കെ.ശൈലജടീച്ചര്‍ അധ്യക്ഷത വഹിച്ചു. എല്ലാ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും നിര്‍മിക്കുന്ന മള്‍ട്ടിപര്‍പ്പസ് ഹാളുകളുടെ ഭാഗമായി യോഗ സെന്ററുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. ഒ.രാജഗോപാല്‍ എം.എല്‍.എ, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍, യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു, യോഗ ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് അശോക് അഗര്‍വാള്‍ തുടങ്ങിയവര്‍ സംസാരിച്ചു. യോഗ അസോസിയേഷന്‍ ഓഫ് കേരള പ്രസിഡന്റ് അഡ്വ. ബി. ബാലചന്ദ്രന്‍ സ്വാഗതവും സെക്രട്ടറി ഇ. രാജീവ് നന്ദിയും പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഇരുനൂറോളം പേരാണ് മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ഏറ്റവും കൂടുതല്‍ മത്സരാര്‍ഥികള്‍ ബംഗാളില്‍നിന്നാണ് -36 പേര്‍. കേരളത്തില്‍നിന്ന് 31 പേര്‍ പങ്കെടുക്കുന്നുണ്ട്. യോഗാസന, ആര്‍ട്ടിസ്റ്റിക് യോഗ, ആര്‍ട്ടിസ്റ്റിക് പെയര്‍ യോഗ, റിഥമിക് യോഗ, ഫ്രീ ഫ്‌ളോ ഡാന്‍സ് എന്നിവയില്‍ സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button