Uncategorized

യുപിയില്‍ സ്വയം വീണിട്ടും ഗുജറാത്തില്‍ ബിജെപിയെ വീഴ്ത്താന്‍ പ്രശാന്ത് കിഷോറുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ തോറ്റ പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളെ ഗുജറാത്തില്‍ ആവശ്യമുണ്ടെന്ന് കോണ്‍ഗ്രസ്. യുപിയില്‍ കോണ്‍ഗ്രസിനും സമാജ്‌വാദി പാര്‍ട്ടിക്കും വേണ്ടി വിജയതന്ത്രങ്ങള്‍ ഒരുക്കിയത് പൊളിറ്റിക്കല്‍ സ്റ്റ്രാറ്റജിസ്റ്റ് (തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍) ആയ പ്രശാന്ത് കിഷോറായിരുന്നു. യുപിയില്‍ സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തോറ്റു, കൂടെ പ്രശാന്ത് കിഷോറും പരാജയപ്പെട്ടു. എന്നാല്‍ പ്രശാന്ത് കിഷോറിനെ കൈവിടില്ലെന്നാണ് കോണ്‍ഗ്രസ് ദേശീയനേതൃത്വവും ഗുജറാത്തിലെ നേതാക്കളും പറയുന്നത്.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കും നരേന്ദ്ര മോദിക്കും വേണ്ടി തന്ത്രമൊരുക്കി വിജയിപ്പിച്ചതോടെയാണ് പ്രശാന്ത് കിഷോര്‍ ശ്രദ്ധേയനാകുന്നത്. തുടര്‍ന്ന് ബീഹാര്‍ തെരഞ്ഞെടുപ്പില്‍ നിതീഷ്‌കുമാറിനും ലാലു പ്രസാദിനേയും കോണ്‍ഗ്രസിനേയും ചേര്‍ത്തു നിര്‍ത്തി തന്ത്രമൊരുക്കി ബിജെപിയെ പരാജയപ്പെടുത്തിയതോടെ കിഷോര്‍ വിഐപിയായി. എന്നാല്‍ തുടര്‍ന്ന് യുപിയില്‍ കോണ്‍ഗ്രസിനും എസ്പിക്കും വേണ്ടി തെരഞ്ഞെടുപ്പ് സഖ്യം രൂപീകരിക്കുകയും തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയും ചെയ്ത പ്രശാന്ത് കിഷോര്‍ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ വന്‍വിമര്‍ശനമാണ് ഏറ്റുവാങ്ങിയത്. ലക്‌നോവിലെ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയോഫീസിന് മുന്നില്‍ പ്രശാന്ത് കിഷോറിനെതിരെ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ ഫഌക്‌സ് വരെ വച്ചു. പ്രശാന്ത് കിഷോറിനെ കണ്ടവരുണ്ടോയെന്നായിരുന്നു ഫഌക്‌സില്‍ എഴുതിയിരുന്നത്.

ഇങ്ങനെ തന്ത്രങ്ങള്‍ പിഴച്ചുനില്‍ക്കുന്ന നേരത്താണ് ഗുജറാത്തില്‍ നിന്ന് വിളിയെത്തിയത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാവ് ശങ്കര്‍ സിംഗ് വഗലേയാണ് കിഷോറിനെ അടുത്തുനടക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിലേക്ക് ക്ഷണിച്ചത്. ഈ വര്‍ഷം അവസാനമാണ് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്. കഴിഞ്ഞ 22 വര്‍ഷമായി ഗുജറാത്തില്‍ ബിജെപിയാണ് ഭരണം നടത്തുന്നത്. ഈ ഭരണം പൊളിക്കാന്‍ പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങള്‍ കൂടെയുണ്ടെങ്കില്‍ എളുപ്പമാകുമെന്നാണ് മുന്‍പ് ബിജെപിയിലായിരുന്ന പ്രതിപക്ഷനേതാവ് ശങ്കര്‍സിംഗ് വഗേല പറയുന്നത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വം സമ്മതിച്ചാല്‍ പ്രശാന്ത് കിഷോറിന്റെ സേവനം ഉപയോഗപ്പെടുത്താന്‍ തന്നെയാണ് തങ്ങളുടെ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.

യുപിയില്‍ പരാജയപ്പെട്ടെങ്കിലും ഒപ്പം തെരഞ്ഞെടുപ്പ് നടന്ന പഞ്ചാബില്‍ കോണ്‍ഗ്രസിന് വന്‍നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതിന് പിന്നില്‍ പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളുമുണ്ടെന്ന് സംസ്ഥാന മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് വ്യക്തമാക്കിയിരുന്നു. ഗുജറാത്ത് മാത്രമല്ല, അടുത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍പ്രദേശിലെ കോണ്‍ഗ്രസ് നേതാക്കളും പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങളെ ആശ്രയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button