മഹന്ത് ആദിത്യനാഥ് സർക്കാർ ഉത്തർപ്രദേശിൽ പുതിയൊരു തുടക്കമാണ് കുറിക്കുന്നത്. കരുതലോടെയുള്ള നീക്കം എന്നുവേണം ആദ്യഘട്ടത്തിൽ അതിനെ വിശേഷിപ്പിക്കാൻ എന്ന് തോന്നുന്നു. പ്രധാനമന്ത്രി എന്ന നിലക്ക് നരേന്ദ്ര മോഡി തുടങ്ങിവെച്ച ചില സമ്പ്രദായങ്ങൾ യുപിയിലും അവതരിപ്പിക്കാനാണ് തീരുമാനം. പല പ്രധാന വിഷയങ്ങളിലും ശക്തവും വ്യക്തവുമായ നിർദ്ദേശങ്ങൾ അദ്ദേഹം നൽകിക്കഴിഞ്ഞു. കഴിവും സത്യസന്ധതയുമാവും ഉദ്യോഗസ്ഥ നിയമനങ്ങളിൽ ശ്രദ്ധിക്കുക എന്ന സന്ദേശമാണ് മുഖ്യമന്ത്രി നൽകിയത്. അഴിമതിയുംകെടുകാര്യസ്ഥതയും സ്വായത്തമാക്കിയവക്ക് സ്ഥാനമുണ്ടാവില്ല എന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതിന്റെ ഫലം സർക്കാർ ഓഫീസുകളിലും ഉദ്യോഗസ്ഥരിലും വളരെ വേഗം കാണാൻ തുടങ്ങി എന്നതാണ് പ്രത്യേകത. ഭരണ രംഗത്ത് പരിചയക്കുറവുണ്ട് എന്നും മറ്റുമുള്ള വിമർശനങ്ങൾ ഒക്കെ അവഗണിച്ചുകൊണ്ട് പ്രധാനവകുപ്പുകൾ സ്വന്തം നിലക്ക് നോക്കാൻ മുഖ്യമന്ത്രി തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തരം, റെവന്യൂ എന്നിവ അദ്ദേഹം തന്നെ നോക്കുന്നു. ഇന്‍ഫര്‍മേഷന്‍, നഗരാസൂത്രണം, പൊതുവിതരണം, ഖനനം, ഇന്‍സ്റ്റിറ്റിയൂഷണൽ ഫിനാന്‍സ്, എസ്‌റ്റേറ്റ് തുടങ്ങിയ വകുപ്പുകളും മുഖ്യമന്ത്രിക്കാണ്.
രണ്ട് ഉപ മുഖ്യമന്ത്രിമാരായ കേശവ പ്രസാദ് മൗര്യക്കും ദിനേശ് ശർമ്മക്കും പ്രധാനപ്പെട്ട വകുപ്പുകളാണ് നൽകിയത്. കേശവ് പ്രസാദ് മൗര്യയാണ് പൊതുമരാമത്ത് വകുപ്പ് നോക്കുക. ഐടി, ശാസ്ത്ര സാങ്കേതികം, ഹയർ സെക്കണ്ടറി എന്നിവ ദിനേശ് ശർമ്മക്കും. രാജേഷ് അഗർവാൾ ആണ് ധനകാര്യം മന്ത്രി. സീനിയർ നേതാവായ സുരേഷ് ഖന്ന പാർലമെന്ററി കാര്യങ്ങളും നഗര വികസനവും നോക്കും. റീത്ത ബഹുഗുണക്ക് കുടുംബക്ഷേമം, ടൂറിസം എന്നിവയാണ് ലഭിച്ചത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് തരാം ചേതൻ ചൗഹാനാണ് സ്പോർട്സ് , യുവജനക്ഷേമ മന്ത്രി. ശ്രീകാന്ത് ശർമ്മക്കും ഊർജ്ജവും സൂര്യപ്രതാപ് ഷാഹിക്ക് കൃഷിയും അനുവദിച്ചു. ഏക മുസ്ലിം അംഗമായ മൊഹ്‌സിന്‍ റാസ മുസ്ലിം വഖഫ്, ഹജ്ജ് വകുപ്പുകളുടെ മന്ത്രിയാണ്.
അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെ ശക്തമായ മുന്നറിയിപ്പാണ് ആദ്യമേതന്നെ ആദിത്യനാഥ് നൽകിയത്. മന്ത്രിമാരെ ഞാൻ വെറുതെ ഇരുത്തില്ല, ഞാനും വെറുതെ ഇരിക്കില്ല എന്നതാണ് അദ്ദേഹം ആദ്യമേ തന്നെ മന്ത്രിസഭാ യോഗത്തിൽ സൂചിപ്പിച്ചത് . സർക്കാർ ഓഫിസുകൾ നന്നായി, വൃത്തിയായി സൂക്ഷിക്കണം എന്ന് പറഞ്ഞ മുഖ്യമന്ത്രി അതിനു മന്ത്രിമാർ ശ്രദ്ധിക്കണം എന്നും നിർദ്ദേശിച്ചിരുന്നു. അതിന്റെ പ്രതിഫലനം ഇന്നലെ തന്നെ കണ്ടു. ഒരു മന്ത്രി തന്റെ ഓഫീസിൽ ചൂലെടുത്ത് അടിച്ചുവൃത്തിയാക്കാൻ തയ്യാറായി. അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് പിന്നെ നോക്കിനില്ക്കാൻ കഴിയുമോ. ദൽഹിയിൽ സ്ഥാനമേറ്റയുടനെ നരേന്ദ്ര മോദിയും ഇത്തരത്തിൽ നിർദ്ദേശം നൽകിയിരുന്നു. അദ്ദേഹം വിവിധ ഓഫീസുകൾ സന്ദർശിച്ചുകൊണ്ട് വൃത്തിയുടെ നിലവാരം മനസ്സിലാക്കിയതും ഓർക്കുക. ഇന്നിപ്പോൾ തലസ്ഥാനത്തെ ഒരു പോലീസ് സ്റ്റേഷനിൽ അദ്ദേഹം മിന്നൽ സന്ദർശനം നടത്തിയത് ശ്രദ്ധിക്കപ്പെട്ടു. പോലീസുകാരുമായി ആശയവിനിമയം നടത്തിയ അദ്ദേഹം അവരുടെ ആത്മവിശ്വാസം വർധിപ്പിക്കാനാണ് ശ്രമിച്ചതെന്ന് വ്യക്തമാക്കി. സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കണം എന്ന് പൊലീസിന് നിർദ്ദേശവും നൽകിയിട്ടുണ്ട്.
തന്റെ ഔദ്യോഗിക വസതി തയ്യാറായിയെങ്കിലും മുഖ്യമന്ത്രി അവിടെ താമസം തുടങ്ങിയിട്ടില്ല. അടുത്താഴ്ച അവിടെ താമസമാക്കും. അതിനുമുൻപ് ചില ഹോമങ്ങളും മറ്റും അവിടെ നടക്കുകയും ചെയ്തു. വലിയ ആർഭാടമൊന്നും വീട്ടിൽ വേണ്ടെന്നു നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിലയേറിയ സോഫകളും മറ്റും അവിടെനിന്നും മാറ്റുകയും ചെയ്തു. ഗോരഖ്പൂരിലെ തന്റെ ആശ്രമത്തിൽ നിന്നും പത്ത് പശുക്കളെയും മുഖ്യമന്ത്രി ലക്‌നൗയിലേക്ക് എത്തിക്കുന്നുണ്ട്. ആശ്രമത്തിലാവുമ്പോൾ രാവിലെ ഗോക്കൾക്ക് ഭക്ഷണം നൽകിക്കൊണ്ടാണ് അദ്ദേഹം തന്റെ ദിവസമാരംഭിക്കാറുള്ളത്. അത് ലൿനൗയിലും തുടരും എന്നതാണ് തീരുമാനം.
യുപിയിൽ നിന്നുള്ള എംപിമാരുടെ യോഗം ഇന്നലെ പ്രധാനമന്ത്രിയുടെയും പാർട്ടി അധ്യക്ഷൻ അമിത് ഷായുടെയും സാന്നിധ്യത്തിൽ ദൽഹിയിൽ ചേർന്നിരുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. 2019- ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പദ്ധതികൾ തുടങ്ങാൻ നരേന്ദ്ര മോഡി ആവശ്യപ്പെട്ടു . പുതിയ യു. പി സർക്കാരുമായി സഹകരിച്ചുകൊണ്ട് ജനക്ഷേമ പദ്ധതികൾ ആവിഷ്കരിക്കാനും എംപിമാർക്ക് നിർദ്ദേശം നൽകി. യുപി എംപിമാരുടെ അടുത്ത ലക്‌ഷ്യം ഇനി ലോകസഭാ തിരഞ്ഞെടുപ്പാണ് എന്ന് എല്ലാവര്ക്കും മോഡി സൂചനനല്കുകയാണ് ചെയ്തത് എന്ന് വ്യക്തം. ഒരുവിധത്തിലുള്ള ഔദാര്യങ്ങളും സ്വീകരിച്ച് അനധികൃതമായി ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം പോലുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കരുത്. ഒരുവിധത്തിലുള്ള സമ്മർദ്ദങ്ങൾക്കും വഴങ്ങരുത് എന്നും നിർദ്ദേശിച്ചു. അതായത് ഉദ്യോഗസ്ഥ സ്ഥലം മാറ്റത്തിനും പോസ്റ്റിങ്ങിനുമായി എംപിമാർ ശുപാർശയുമായി ലൿനൗയിലേക്ക് പോകേണ്ടതില്ല എന്നതുതന്നെ.
Post Your Comments