ന്യൂഡല്‍ഹി: സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത പാലക്കാട് കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളെജുകളിലെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. ക്രമക്കേടിനെ തുടര്‍ന്ന് ഈ കോളജുകളിലെ വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കിയ ജെയിംസ് കമ്മിറ്റിയുടെ വിധി ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ വിധിയും.
കോളെജുകള്‍ വിദ്യാര്‍ത്ഥിനികളുടെ പ്രവേശനവുമായി ബന്ധപ്പെട്ടുളള നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും ഹാജരാക്കിയ രേഖകള്‍ കെട്ടിച്ചമച്ചതാണെന്നും സുപ്രീംകോടതി പരാമര്‍ശിച്ചു. കരുണയില്‍ 30 വിദ്യാര്‍ത്ഥികളും കണ്ണൂര്‍ മെഡിക്കല്‍ കോളെജില്‍ 100 വിദ്യാര്‍ത്ഥികളുമാണ് പ്രവേശനം നേടിയിരുന്നത്.
പ്രോസിക്യൂട്ട് ചെയ്യേണ്ട വീഴ്ചകളാണ് കോളെജുകളുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്നും അടുത്ത വര്‍ഷം മുതല്‍ ജെയിംസ് കമ്മിറ്റി നിര്‍ദേശം അംഗീകരിച്ച് 30 പേര്‍ക്ക് അടുത്തവര്‍ഷം പ്രവേശനം നല്‍കണമെന്നും സുപ്രീംകോടതി പറഞ്ഞു. വിദ്യാര്‍ത്ഥികളെ അയോഗ്യരാക്കിയത് ചോദ്യം ചെയ്ത് കോളെജുകളും വിദ്യാര്‍ത്ഥികളും നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു കോടതിയുടെ വിധി.
ഇതില്‍ കോളെജുകളുടെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചകളുടെ പട്ടിക കോടതി നിര്‍ദേശം അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കി നല്‍കിയിരുന്നു. പ്രവേശന പ്രക്രിയ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വേണമെന്നും വിശദാംശങ്ങള്‍ പ്രവേശന മേല്‍നോട്ട സമിതിക്ക് നല്‍കണമെന്നുളള നിര്‍ദേശം പാലിക്കപ്പെട്ടിട്ടില്ലെന്ന് നേരത്തെ കോടതിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
2016 ഒക്‌റ്റോബറിലാണ് ജെയിംസ് കമ്മിറ്റി സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളെജുകള്‍ നടത്തിയ പ്രവേശനങ്ങള്‍ റദ്ദാക്കുന്നത്. ഇവിടുത്തെ പ്രവേശന നടപടികളെക്കുറിച്ച് വ്യാപകമായി പരാതികള്‍ ഉയര്‍ന്നിരുന്നു. എന്‍ട്രന്‍സ് കമ്മീഷണര്‍ കേന്ദ്രീകൃത അലോട്ട്‌മെന്റിലൂടെ ഈ കോളെജുകളിലെ പ്രവേശനം നടത്തണമെന്ന നിര്‍ദേശവും ജെയിംസ് കമ്മിറ്റി സര്‍ക്കാരിന് മുന്നില്‍ വെച്ചിരുന്നു.
കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളെജ് പ്രവേശനം റദ്ദാക്കിയ ജെയിംസ് കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ ഇവയായിരുന്നു.
കരുണ മെഡിക്കല്‍ കോളേജ് ആദ്യംമുതല്‍തന്നെ ഓണ്‍ലൈനില്‍ അപേക്ഷിക്കാന്‍ അവസരമുണ്ടാക്കിയിരുന്നില്ല.
ഫീസ് നിശ്ചയിക്കുന്നതിന് ആവശ്യപ്പെട്ട രേഖകള്‍ കോളേജ് സമര്‍പ്പിച്ചില്ല.
പ്രവേശനനടപടികളെക്കുറിച്ച് 75 പരാതികള്‍ കരുണയെക്കുറിച്ച് ലഭിച്ചു.
പലരുടെയും അപേക്ഷകള്‍ അകാരണമായി തള്ളി. ഇങ്ങനെ പരാതിപ്പെട്ടവര്‍ക്ക് അപേക്ഷാഫീസായ 1750 രൂപ തിരികെനല്‍കാമെന്നാണ് കോളേജിന്റെ നിലപാട്. ഇതംഗീകരിക്കാന്‍ കഴിയില്ല.
അപേക്ഷ സമര്‍പ്പിച്ച എല്ലാവരുടെയും തിരഞ്ഞെടുക്കപ്പെട്ടവരുടെയും വിശദാംശങ്ങള്‍ കമ്മിറ്റിചോദിച്ചെങ്കിലും ലഭ്യമാക്കിയിട്ടില്ല.
ഇവിടെ നീറ്റ് മെറിറ്റ് പാലിച്ചാണോ പ്രവേശനം നടത്തിയിരിക്കുന്നതെന്ന് അറിയാന്‍കഴിയാത്ത സ്ഥിതിയാണ്.
കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഓണ്‍ലൈനില്‍ അപേക്ഷിക്കാനായി ഒരു സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നില്ല.
102 പരാതികളാണ് ഈ കോളേജിലെ പ്രവേശനവുമായി ബന്ധപ്പെട്ട് ലഭിച്ചത്.
യോഗ്യരായവര്‍ക്ക് അപേക്ഷിക്കാനുള്ള അവസരംപോലും നല്‍കാതെയാണ് ഇവിടെ പ്രവേശനം നടത്തിയത്. ഫീസ് നിശ്ചയിക്കുന്നതിനുള്ള വിശദാംശങ്ങളും നല്‍കിയിട്ടില്ല.
Post Your Comments