ഒറ്റ ദിവസത്തെ ദാമ്പത്യ ജീവിതം ആയിരുന്നു എന്റേത്,”
മുന്നിലിരിക്കുന്ന പെൺകുട്ടി അവളുടെ കഥ എന്നോട് പറയുക ആണ്.
വിവാഹം ഉറപ്പിക്കാൻ വീട്ടുകാരുടെ ഒപ്പം എത്തിയപ്പോൾ മാത്രമാണ് വരനെ ഞാൻ കാണുന്നത്. അവർക്കറിയിരുന്നു തിടുക്കം…
അധികം വൈകാതെ നടത്തണം എന്ന്..
പയ്യൻ മിത ഭാഷി എന്നാണ് കാരണവർ പറഞ്ഞത്..
നല്ല ജോലിയുണ്ട്..അത്യാവശ്യം ഭൂസ്വത്തും..
ഇടയ്ക്കു ഫോണിൽ എങ്കിലും സംസാരിക്കണം എന്ന് എനിക്കുണ്ടായിരുന്നു എങ്കിലും പെണ്ണായ ഞാൻ മുൻകൈ എടുക്കുന്നതെങ്ങനെ എന്നൊരു ചമ്മലിൽ അത് ഒതുങ്ങി.
വിവാഹം കഴിഞ്ഞു വീട്ടിലേയ്ക്കുള്ള യാത്രയിൽ അയാൾ വല്ലാതെ അസ്വസ്ഥൻ ആയിരുന്നു..
അടുത്തിരിക്കുന്ന പെങ്ങൾ എന്തൊക്കെയോ പറയുന്നുണ്ട്..
എനിക്കൊന്നും മനസ്സിലായില്ല..
പക്ഷെ , അന്ന് സന്ധ്യയോടെ ദാമ്പത്യത്തിന്റെ ഇരുണ്ട യാഥാർഥ്യം മനസ്സിലായി..
ആ രാത്രിയുടെ ഓർമ്മകൾ പോലും അവളെ വർഷങ്ങൾ കഴിഞ്ഞിട്ടും ഭയപ്പെടുത്തുന്നു..
അതിന്റെ ഓർമ്മയുടെ സമ്മർദ്ദത്തിൽ കണ്ണുകൾ ചുവക്കുന്നത് കാണാം..
വല്ലാതെ അക്രമാസക്തനായ ഭർത്താവിനെ പിടിച്ച് കെട്ടി കാറിൽ കേറ്റി കൊണ്ട് പോകുന്നത് കണ്ടു..
ആരോടും ഒന്നും ചോദിയ്ക്കാൻ ധൈര്യം കിട്ടുന്നില്ല..
വിറയ്ക്കുക ആണ് ..ശരീരവും മനസ്സും..
ആരും ഒന്നും പറഞ്ഞതുമില്ല.
വീട്ടിൽ വിളിച്ചു വേഗം വാ , എന്ന് മാത്രം കരഞ്ഞു പറഞ്ഞു..
അപ്പോൾ തന്നെ വീട്ടുകാരെത്തി..
രണ്ടു ആണുങ്ങൾക്ക് ഒരു പെങ്ങളാണ്..! അച്ഛൻ തളർന്നു..!
അമ്മയുടെ നെഞ്ച് കലങ്ങി..
കൂടുതലൊന്നും ആലോചിച്ചില്ല..മകളുടെ കൈയും പിടിച്ചു ആ ‘അമ്മ ഇറങ്ങി.
വല്ലാത്ത ഒരു ഷോക്ക് ആയിരുന്നു..ആ പെൺകുട്ടിക്ക് മാസങ്ങളോളം..
സമാധാനിപ്പിക്കാൻ ആർക്കും പറ്റുന്നില്ല.
എന്ത് പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടത്..?
വിവാഹമോചനം അനുവദിച്ചു കിട്ടാൻ ഒരു വർഷമെടുത്തു..
വീട്ടുകാരുടെ പിന്തുണ വളരെ വലുതായിരുന്നു..
സ്വന്തം കണ്ടു പിടുത്തമല്ലാത്ത ദാമ്പത്യത്തിൽ പെണ്ണിന് അങ്ങനെ ഒരു ഭാഗ്യമുണ്ട്..
കൂടെ നിൽക്കാൻ വീട്ടുകാർ ബാധ്യസ്ഥർ ആണല്ലോ..
പഴി അവരുടേത് ആണ്..
വിധി പെൺകുട്ടിയുടേതും ..
എന്ത് കൊണ്ടാണ് മാനസിക പ്രശ്നങ്ങൾ ഇന്നും സമൂഹത്തിൽ ശരീരത്തിന്റെ പോലെ ഒന്നായി കാണുന്നില്ല എന്ന് പലപ്പോഴും സങ്കടത്തോടെ ചിന്തിക്കാറുണ്ട്..
ഒളിച്ചു വെച്ച് , വേണ്ടുന്ന ചികിത്സകൊടുക്കാതെ കൊണ്ട് നടന്നിട്ടു , വിവാഹപ്രായം ആകുമ്പോൾ , സത്യാവസ്ഥ തുറന്നു പറയാതെ ഏതെങ്കിലും ഒരുവന്റെ അല്ലെങ്കിൽ ഒരുവളുടെ മേൽ കെട്ടിവെയ്ക്കുക ആണ്..
ചിലർ അത് വിധിയെന്ന് ഓർത്ത് അംഗീകരിക്കും..
ധൈര്യത്തോടെ ചേർത്ത് പിടിക്കുന്ന പങ്കാളികളെ കിട്ടുന്നവർ ഭാഗ്യം ചെയ്തവർ..
പക്ഷെ , എത്ര ശതമാനം..അത്..?
മാനസിക പ്രശ്നം ഉള്ളവരുടെ കൂടെ താമസിക്കുക എന്നത് അത്യധികം ക്ഷമയും സഹിഷ്ണതും വേണ്ടുന്ന ഒന്നാണ്..
അടിച്ചേൽപ്പിക്കുക അല്ല ..സ്വയം തയ്യാറാവുക ആണ് വേണ്ടത്..
സ്ത്രീകൾക്കാണ് മാനസിക പ്രശ്നം എങ്കിൽ , ഒഴിഞ്ഞു പോകാൻ പുരുഷന് മടിയില്ല..
അതവന്റെ അവകാശം ആണ്..
പക്ഷെ , ആണിനാണ് രോഗം എങ്കിൽ..വിവാഹമോചനം നടത്തി സ്വാതന്ത്രരാകാൻ സ്ത്രീയ്ക്ക് പലപ്പോഴും അനുമതി കിട്ടാറുണ്ടോ.?
ഭൂരിപക്ഷവും ഇല്ല എന്ന് തന്നെ ആണ് ഉത്തരം..
കഴുത്തിൽ വീണു പോയ താലി മരണം വരെ സുരക്ഷിതമായി സംരക്ഷിക്കണം എന്ന് ഭീഷണിപ്പെടുത്തിയോ സമാധാനപ്പെടുത്തിയോ ഒക്കെ അവളെ പ്രാപ്ത ആക്കാൻ സമൂഹത്തിനു അറിയാം..
ഫെമിനിസം പറയുക അല്ല..
ജീവിതം അവസാനിപ്പിച്ച് ഇത്തരം ബന്ധങ്ങളിൽ നിന്നും രക്ഷനേടിയ ചില മുഖങ്ങൾ മനസ്സിൽ മായാതെ ഉണ്ട്..
നീറുന്ന ഓർമ്മ ആയി..
മാനസിക പ്രശ്നം വന്ന ആളിനെ ഒറ്റപെടുത്തുകയോ ഒഴിവാക്കുകയോ വേണ്ട.
ശരീരത്തിന്റെ അസുഖം പോലെ മാനസിക പ്രശ്നങ്ങളെയും അംഗീകരിക്കാനുള്ള വളർച്ച നമ്മുക്കുണ്ടാകണം..
അതൊരു മനുഷ്വത്വം ആണ്..
രോഗിയോടു മാത്രമല്ല..
കൂടെ ജീവിക്കേണ്ടി വരുന്നവരോടും..
സമൂഹത്തിൽ നിന്നും ഒറ്റപ്പെടുന്ന അവസ്ഥ ആണ് പലപ്പോഴും ഈ വീട്ടുകാർക്ക്..
മറച്ചു വെച്ച് എന്തിനു പല ജന്മങ്ങൾ നശിപ്പിക്കണം..?
Post Your Comments