കൊല്ലം : അഞ്ച് വയസുകാരിക്ക് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍ ആണ് സംഭവം. മലയാളം വാക്ക് തെറ്റായി എഴുതിയതിന് അസ്‌ന എന്ന യുകെജി വിദ്യാര്‍ത്ഥിനിയെയാണ് അധ്യാപിക ചൂരലിന് അടിച്ചത്. അവശയായ കുട്ടിയെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുനാഗപ്പള്ളി സിഎംഎസ് എല്‍പി സ്‌കൂളിലാണ് സംഭവം. കരുനാഗപ്പള്ളി പടീറ്റതില്‍ സജീവ് റജീന ദമ്പതികളുടെ മകളാണ് മര്‍ദ്ദനത്തിനിരയായ അസ്‌ന.
സ്‌കൂളില്‍ പരീക്ഷ നടക്കുകയായിരിന്നു. പരീക്ഷാ പേപ്പറില്‍ അസ്‌ന എഴുതിയ ഒരു മലയാളം വാക്ക് തെറ്റിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. കാലില്‍ ഇരുപതോളം തവണ അടിച്ചതായി കുട്ടി പറഞ്ഞു. അടിച്ച വിവരം വീട്ടില്‍ പറയരുതെന്നും സ്‌കൂള്‍ അധികൃതര്‍ താക്കീത് നല്‍കിയിരുന്നു. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടി വിവരം പറഞ്ഞിരുന്നില്ല. സഹപാഠികളാണ് വിവരം അസ്‌നയുടെ വീട്ടില്‍ അറിയിച്ചത്. തുടര്‍ന്ന് കുട്ടിയുടെ വീട്ടുകാര്‍ കരുനാഗപ്പള്ളി പോലീസില്‍ പരാതി നല്‍കി. എന്നാല്‍ പോലീസ് ഇടപെട്ട് പരാതി പിന്‍വലിപ്പിച്ചതായി ആക്ഷേപമുണ്ട്. ശിശുക്ഷേമ സമിതിക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ശിശുക്ഷേമ സമിതി പ്രതിനിധി ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴിയെടുത്തു.
Post Your Comments