റാഞ്ചി: മുസ്ലീം പേര് വിനയായി ജോലിക്കായി പേരുമാറ്റാന്‍ യുവാവ് നിയമനടപടിക്കൊരുങ്ങുന്നു. കുഞ്ഞായിരിക്കുമ്പോൾ മുത്തച്ഛന്‍ നൽകിയ സദ്ദാം ഹുസൈന്‍ എന്ന പേര് മൂലമാണ് യുവാവ് ഇപ്പോൾ നിയമ നടപടിക്കൊരുങ്ങുന്നത്. ജാംഷഡ്പുര്‍ സ്വദേശിയായ സദ്ദാം ഹുസൈന്‍ തമിഴ്‌നാട്ടിലെ നൂറുല്‍ ഇസ്ലാം യൂണിവേഴ്‌സിറ്റിയില്‍നിന്ന് മറൈന്‍ എന്‍ജിനിയറിങ്ങില്‍ രണ്ടാം റാങ്കോടെയാണ് ബിരുദം നേടി രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഈ പേര് കാരണം ജോലിയൊന്നും ലഭിച്ചില്ല.
തന്റെ പേര് 2006ല്‍ അമേരിക്ക തൂക്കിലേറ്റിയ ഇറാഖിലെ മുന്‍ ഭരണാധികാരി സദ്ദാം ഹുസ്സൈന്റെ പേരായതിനാലാണ് ആരും ജോലി നല്‍കാന്‍ തയ്യാറാകാത്തതിന് കാരണമെന്ന്‍ സദ്ദാം ഹുസൈന്‍ പറയുന്നു. നാല്‍പതിലേറെ തവണയാണ് അദ്ദേഹത്തിന്റെ അപേക്ഷകള്‍ വിവിധ ഷിപ്പിങ് കമ്പനികള്‍ തള്ളിയത്. ആദ്യ കാലത്ത് എന്താണ് തന്നെയാരും ജോലിക്കെടുക്കാത്തത്തിന്റെ കാരണമെന്ന് സദ്ദാമിന് മനസ്സിലായിരുന്നില്ല. പിന്നീട് കമ്പനികളുടെ എച്ച്ആര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നേരിട്ട് അന്വേഷിച്ചപ്പോഴാണ് പേരാണ് പ്രശ്‌നമെന്ന് മനസ്സിലാക്കാനായത്. ഇങ്ങനെ പേരുള്ള ഒരാള്‍ക്ക് ജോലിനല്‍കിയാല്‍ പ്രായോഗികമായി നിരവധി പ്രശ്‌നങ്ങളെ നേരിടേണ്ടിവരുമെന്നായിരുന്നു അവർ നൽകിയ വിശദീകരണം.
“മറൈന്‍ എന്‍ജിനീയര്‍ എന്ന നിലയില്‍ പല രാജ്യങ്ങളിലും സഞ്ചരിക്കേണ്ടിവരും. സുരക്ഷാ പ്രശ്‌നങ്ങളുടെ പേരില്‍ യാത്ര തടയപ്പെടുന്ന സാഹചര്യങ്ങളുണ്ടാകും. ചിലപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ പെട്ടേക്കാം. സദ്ദാം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാത്രമേ കമ്പനിക്ക് സമയമുണ്ടാവൂ” കമ്പനി അധികൃതര്‍ പറഞ്ഞു.
ഇതേ തുടർന്നാണ് സദ്ദാം തന്റെ പേര് മാറ്റാൻ തീരുമാനിച്ചത്. തുടർന്ന് പാസ്‌പോര്‍ട്ട്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി എല്ലാ രേഖകളിലും സാജിദ് എന്ന് പേരു മാറ്റിയെങ്കിലും സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റില്‍ മാത്രം പേര് തിരുത്തി നല്‍കാന്‍ സിബിഎസ്ഇ അധികൃതര്‍ തയ്യാറാകാത്തത് വീണ്ടും കാര്യങ്ങൾ ദുരിതത്തിലാക്കി.
ഒടുവില്‍ ഗത്യന്തരമില്ലാതെ ജാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍ സദ്ദാം ഹുസൈൻ എന്ന സാജിദ് . തന്റെ ദയനീയ സ്ഥിതി ചൂണ്ടിക്കാട്ടി സിബിഎസ്ഇയോട് തന്റെ പേര് തിരുത്തി നല്‍കാന്‍ ഉത്തരവിടണമെന്നാണ് കോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. പല വിധത്തിലുള്ള തട്ടിപ്പുകള്‍ക്കുമായി ആള്‍ക്കാര്‍ പേരുമാറ്റുന്നതിന് നിരന്തരം കോടതിയെ സമീപിക്കുന്ന സാഹചര്യമുള്ളതിനാല്‍ വളരെ ശ്രദ്ധിച്ചു മാത്രമേ സദ്ദാമിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ എന്ന നിലപാടിലാണ് കോടതി. ഹിയറിങ്ങിനായി സദ്ദാമിന്റെ കേസ് മെയ് അഞ്ചിലേയ്ക്ക് ഇപ്പോള്‍ മാറ്റിവെച്ചിരിക്കുകയാണ്.
Post Your Comments