NewsInternational

ഖത്തറിലെ പുതിയ തൊഴില്‍ നിയമം : തുണയായത് അയ്യായിരത്തോളം പേര്‍ക്ക് : പുതിയ നിയമം മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ ആശ്വാസകരം

ഖത്തറിലെ പുതിയ തൊഴില്‍ നിയമത്തിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി അയ്യായിരത്തി ഒരുന്നൂറിലധികം പേര്‍ പുതിയ ജോലിയില്‍ പ്രവേശിച്ചു. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളിലെ ചൂഷണങ്ങള്‍ തടയാന്‍ 36 രാജ്യങ്ങളുമായി ഉഭയകക്ഷി കരാര്‍ ഒപ്പുവെച്ചതായും തൊഴില്‍ സാമൂഹ്യകാര്യ മന്ത്രാലയം അറിയിച്ചു.

വിദേശ തൊഴിലാളികള്‍ക്ക് സ്‌പോണ്‍സര്‍ഷിപ് മാറ്റം അനുവദിച്ചു കൊണ്ടുള്ള ഭേദഗതികളോടെയുള്ള താമസ കുടിയേറ്റ നിയമം കഴിഞ്ഞ ഡിസംബറിലാണ് പ്രാബല്യത്തില്‍ വന്നത്. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം നിലവില്‍ വന്ന ഭേദഗതികള്‍ മൂന്നു മാസങ്ങള്‍ക്കകം തന്നെ നിരവധി പേര്‍ പ്രയോജനപ്പെടുത്തിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തൊഴില്‍ കരാര്‍ കാലാവധി കഴിഞ്ഞവരും നേരത്തെയുണ്ടായിരുന്ന ജോലിയില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയവരുമാണ് പുതിയ നിയമത്തിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി പുതിയ ജോലിയിലേക്ക് മാറിയത്.

നിശ്ചിത കാലത്തേക്കുള്ള കരാര്‍ ആണെങ്കില്‍ കാലാവധി അവസാനിക്കുന്നതിന് മുപ്പത് ദിവസം മുമ്പ് ജോലി മാറ്റത്തിന് അപേക്ഷിക്കണമെന്ന് തൊഴില്‍ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. തുറന്ന കരാര്‍ ആണെങ്കില്‍ അഞ്ചു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ മുപ്പതു ദിവസം മുമ്പും അഞ്ചു വര്‍ഷം കഴിഞ്ഞവരാണെങ്കില്‍ അറുപതു ദിവസം മുമ്പും ജോലി മാറ്റത്തിനായി അപേക്ഷിക്കണം. നിയമം നടപ്പിലായി ആദ്യത്തെ രണ്ടു മാസത്തിനകം ഒരുലക്ഷത്തി എണ്‍പത്തി നാലായിരത്തോളം എക്‌സിറ്റ് പെര്‍മിറ്റുകളാണ് അനുവദിച്ചത്. എക്‌സിറ്റ് പെര്‍മിറ്റുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള എക്‌സിറ്റ് പെര്‍മിറ്റ് ഗ്രീവന്‍സസ് കമ്മറ്റിക്ക് മുമ്പാകെ ഇക്കാലയളവില്‍ 761 പരാതികള്‍ ലഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

ഇതില്‍ 485 പേര്‍ക്ക് തര്‍ക്കങ്ങള്‍ പരിഹരിച്ചു 72 മണിക്കൂറിനകം എക്‌സിറ്റ് അനുവദിച്ചതായും മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ സൂചിപ്പിക്കുന്നു. തൊഴില്‍ പരിഷ്‌കരണത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നു എന്നതിന്റെ തെളിവാണ് ആദ്യ രണ്ടു മാസം അനുവദിച്ച എക്‌സിറ്റ് പെര്‍മിറ്റുകളുടെ എണ്ണമെന്ന് തൊഴില്‍ മന്ത്രി ഡോ.ഈസ ബിന്‍ സഅദ് അല്‍ജഫാലി അല്‍ നുഐമി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button