
തിരുവനന്തപുരം: സംസ്ഥാന സാമൂഹിക സുരക്ഷാ മിഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത പാകിസ്ഥാന്‍ ഹാക്കര്‍മാര്‍ക്ക് മലയാളികളുടെ തിരിച്ചടി. പാകിസ്ഥാന്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ളവയടക്കം ഇരുനൂറോളം വെബ്‌സൈറ്റുകള്‍ മലയാളി ഹാക്കര്‍മാര്‍ തകര്‍ത്തു. മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് എന്ന കൂട്ടായ്മയാണ് ഒരു വെബ്‌സൈറ്റിന് പകരം ഇരുനൂറോളം സൈറ്റുകള്‍ തകര്‍ത്ത് പ്രതികാരം ചെയ്തത്.
ഈ മാസം ആദ്യത്തിലാണ് സംസ്ഥാന സാമൂഹിക സുരക്ഷാ മിഷന്റെ വെബ്‌സൈറ്റ് ഹാക്കര്‍മാര്‍ തകര്‍ത്തത്. പാകിസ്ഥാന്‍ പതാക അടക്കമുള്ളവ ഹോം പേജില്‍ നല്‍കിയായിരുന്നു ആക്രമണം. ഇതിനാണ് ഇന്ന് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് പകരം വീട്ടിയത്. നിരവധി തവണ പാകിസ്ഥാന്‍ ഹാക്കര്‍മാര്‍ക്ക് തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതാണെന്നും ഇത് അവഗണിച്ച് ആക്രമണം തുടര്‍ന്നാല്‍ നോക്കി നില്‍ക്കാനാവില്ലെന്നും മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് ഫേസ്ബുക്ക് പേജില്‍ അറിയിക്കുന്നു.
രാജ്യത്തെ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ അടക്കം സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാവുന്നത് നിരാശാജനകമാണ്. രാജ്യത്തെ സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ഏത് വെബ്‌സൈറ്റും സുരക്ഷിതമാണോ എന്ന് സൗജന്യമായി പരിശോധിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് വ്യക്തമാക്കുന്നു.
Post Your Comments