ആലുവ : ഭര്‍ത്താവിനെതിരെ തീവ്രവാദ ബന്ധമാരോപിച്ച് ഭാര്യയുടെ പരാതി. കാസര്‍കോട് സ്വദേശിനിയായ യുവതി നല്കിയ പരാതിയില്‍ യു.പി സ്വദേശിയെ ആലുവ പൊലീസ് കസ്റ്റഡിയിലെടുത്തു. മുസാഫിര്‍ നഗര്‍ സ്വദേശി അഹലാദിയെയാണ് (25) പിടിയിലായത്. ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തെ കുറിച്ച് സൂചന ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സഫറുന്നിസ തനിച്ച് ആലുവയിലെത്തിയിരുന്നു. ബിസിനസുമായി ബന്ധപ്പെട്ട് ആലുവയിലെ ലോഡ്ജില്‍ തങ്ങുകയായിരുന്ന അഹലാദിനെ കണ്ടെത്തി. പിന്നീട് ഇരുവരും വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടുവെന്നാണ് അറിയുന്നത്. പൊലീസില്‍ പരാതി നല്‍കുമെന്ന സൂചന ലഭിച്ചതോടെ മുങ്ങിയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.
തുണിക്കച്ചവടവുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തമ്പടിക്കുന്ന ഭര്‍ത്താവ് ഇസ്ലാമിക് സംസ്ഥാനത്തിനായി പ്രവര്‍ത്തിക്കുകയാണെന്ന് സഫറുന്നീസ പറയുന്നു. ഇയാള്‍ക്ക് കേരളത്തിലും പുറത്തുമായി അവിഹിത ബന്ധമുണ്ടെന്നും പരാതിയില്‍ പറയുന്നു. ചുരിദാര്‍ തുണികള്‍ വില്ക്കാന് അലഹാദ് കാസര്‍കോട് എത്തിയപ്പോഴാണ് യുവതിയെ പരിചയപ്പെട്ടത്. തുടര്‍ന്ന്, പ്രണയത്തിലാകുകയും യുവതിയുടെ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹശേഷവും യുവതി കാസര്‍കോടാണ് താമസിച്ചിരുന്നത്. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി ചോദ്യം ചെയ്തപ്പോള്‍ തന്നെ മര്‍ദ്ദിച്ചെന്നും പരാതിയിലുണ്ട്. അതേസമയം, യുവതിയുടെ പരാതി വ്യാജമാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സഫറുന്നീസക്കെതിരെ കാസര്‍കോട് ചന്തേര പൊലീസ് സ്റ്റേഷനില്‍ കേസുകളുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
Post Your Comments