ഇന്നത്തെ കാലത്ത് ഏതു കട നോക്കിയാലും സെയില്‍സ്മാന്‍ ഉണ്ടാകും. ഒന്നില്‍ കൂടുതല്‍ ആളുകളെ വയ്ക്കുന്നതാണ് ഇപ്പോഴത്തെ രീതി. എന്നാല്‍, വില്‍പ്പനക്കാരന്‍ ഇല്ലാത്ത കട നിങ്ങള്‍ കണ്ടിട്ടുണ്ടോ? എന്നാല്‍ ഷാര്‍ജയില്‍ അങ്ങനെയും കടയുണ്ട്. സലീം സുല്‍ത്താന്‍ അല്‍ഖ്വയ്ദി എന്ന വ്യവസായിക്ക് ഷാര്‍ജയില്‍ മൂന്ന് കൃഷിഭൂമികളുണ്ട്. ഈ ഫാമുകളില്‍ നിന്ന് കിട്ടുന്ന പച്ചക്കറികള്‍ എന്തുകൊണ്ട് നമുക്ക് തന്നെ കട തുടങ്ങി വില്‍പ്പന നടത്തിക്കൂടാ എന്ന് സലീമിനു തോന്നി.
ഒടുവില്‍ സലീം അദ്ദേഹത്തിന്റെ പച്ചക്കറികളും പഴങ്ങളും വില്‍ക്കാന്‍ ഒരു കട തുടങ്ങി. സാധാരണ ഒരു കടയാണ് ഇയാള്‍ തുടങ്ങിയത്. എന്നാല്‍, ഇത് ഷാര്‍ജയിലെ ഏറ്റവും ശ്രദ്ധേയമായ കടകളിലൊന്നായി മാറി. നാല് മാസം മുന്‍പാണ് ഇയാള്‍ കട തുടങ്ങിയത്. ഷാര്‍ജയിലെ മ്ലൈഹ റോഡിലാണ് ഷോപ്പുള്ളത്. ഒരു കസ്റ്റമര്‍ കടയിലേക്ക് വരുമ്പോള്‍ പ്രധാന ആകര്‍ഷണം ഇവിടെ സെയില്‍സ്മാന്‍ ഇല്ല എന്നതു തന്നെയാണ്. ഈ കടയില്‍ നിന്ന് ലഭിക്കുന്നതോ നല്ല ഫ്രഷായ ഓര്‍ഗാനിക് പഴവര്‍ഗങ്ങളും പച്ചക്കറികളും ഡേറ്റ്‌സും. കസ്റ്റമറിന്റെ ആവശ്യാനുസരണം സാധനങ്ങള്‍ തെരഞ്ഞെടുക്കാം.
ഹൈവേയിലൂടെ പോകുന്ന വാഹനങ്ങള്‍ ഈ കടയ്ക്കുമുന്നില്‍ നിര്‍ത്തി നല്ല സാധനങ്ങള്‍ എടുത്തുകൊണ്ടുപോകും. ആളുകളെ ആകര്‍ഷിക്കാന്‍ സലീം ഒരു ബോര്‍ഡും കടയ്ക്കുമുന്നില്‍ സ്ഥാപിച്ചിട്ടുണ്ട്. ‘feel free to help yourself’ എന്നാണ് അതില്‍ എഴുതിയിരിക്കുന്നത്. എല്ലാ സാധനങ്ങള്‍ക്കും മുകളില്‍ അതിന്റെ പൈസയും എഴുതി ഒട്ടിച്ചിട്ടുണ്ട്. നിങ്ങള്‍ക്കു വേണ്ട സാധനങ്ങള്‍ എടുത്ത് കഴിഞ്ഞാല്‍ അതിന്റെ പണം അവിടെയുള്ള ക്യാഷ് ബോക്‌സില്‍ നിക്ഷേപിക്കുക.
പൈസ നിങ്ങള്‍ക്കുതന്നെ കാല്‍ക്യുലേറ്ററിന്റെ സഹായത്തോടെ കൂട്ടി മനസ്സിലാക്കാം. ആരുമില്ലാത്ത കടയില്‍ ആര്‍ക്കുവേണമെങ്കിലും കയറി മോഷണം നടത്തിപോകാമല്ലോ എന്ന ചോദ്യം നിങ്ങളുടെ മനസ്സിലുണ്ടാകും. എന്നാല്‍, ഈ ചോദ്യത്തിന് സലീം നല്‍കിയ മറുപടി ഇതാണ്. ഒരിക്കലും ആളുകള്‍ ഇങ്ങനെ ചെയ്യില്ല. താന്‍ ആളുകളില്‍ വിശ്വാസം അര്‍പ്പിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇനിയാരെങ്കിലും സാധനങ്ങള്‍ എടുത്ത് പൈസ നല്‍കാതെ പോയാലും താന്‍ ഒരിക്കലും നിരാശപ്പെടുകയില്ല. അതൊരു ചാരിറ്റിയായി താന്‍ കണക്കാക്കുമെന്നും, അവരെ ദൈവം ശിക്ഷിച്ചുകൊള്ളുമെന്നും സലീം പറയുന്നു.
Post Your Comments