കൊച്ചി: കാമുകനായ ക്രോണിനുമായുള്ള പിണക്കം തന്നെയാണ് മിഷേൽ ജീവനൊടുക്കാൻ തീരുമാനിച്ചതിന് കാരണമെന്ന നിഗമനത്തിൽ പൊലീസ് വീണ്ടും. മറ്റാരുമായും മിഷേൽ അടുക്കുന്നത് ക്രോണിന് ഇഷ്ടമായിരുന്നില്ല. ക്രോണിന്റെ വിചിത്ര സ്വഭാവവുമായി യോജിച്ചു പോകാനാവില്ലെന്ന് മിഷേല്‍ പറഞ്ഞിരുന്നതായി ചെന്നൈയില്‍ ഉപരിപഠനം നടത്തുന്ന കൂട്ടുകാരി വ്യക്തമാക്കിയിട്ടുണ്ട്. കൂട്ടുകാരിക്കൊപ്പം ചെന്നൈയിൽ പഠിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും മിഷേലിനെ ക്രോണിൻ അതിനനുവദിച്ചില്ല. മറ്റൊരു യുവാവുമായി മിഷേലിനുണ്ടായിരുന്ന സൗഹൃദത്തെ തുടർന്ന് ഇടയ്ക്ക് കൊച്ചിയിലെത്തിയ ക്രോണിന്‍ ഒരുവട്ടം മിഷേലിനെ തല്ലിയതായും സുഹൃത്തുക്കള്‍ മൊഴി നല്‍കിയിട്ടുണ്ട്. സുഹൃത്തായ യുവാവിനെ ഫോണിൽ വിളിച്ച് ക്രോണിൻ താക്കീത് ചെയ്തിട്ടുണ്ട്. ഇവർ തമ്മിൽ അര മണിക്കൂറോളം സംസാരിച്ചതിന്റെ രേഖ കിട്ടിയിട്ടുണ്ട്.
മിഷേലിനെ കാണാതായ ഞായറാഴ്ച കാലത്ത് മുതൽ ക്രോണിൻ വിളിച്ച് വഴക്കുണ്ടാക്കുകയും നിരന്തരം മെസേജുകൾ അയയ്ക്കുകയും ചെയ്തിരുന്നു. മിഷേൽ ക്രോണിന്റെ ഫോൺ എടുക്കാത്തതിനെ തുടർന്ന് ക്രോണിന്‍ സ്വന്തം അമ്മയെ വിളിച്ച് മിഷേല്‍ ഫോണെടുക്കുന്നില്ലെന്നും ഇങ്ങനെ പോയാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞു. തുടർന്ന് അമ്മ മിഷേലിനെ വിളിക്കുകയും മിഷേൽ തിരിച്ചുവിളിക്കുകയും ചെയ്തിട്ടുണ്ട്. വീണ്ടും വിളിച്ച ക്രോണിന്‍ നീ എന്നെ ഒഴിവാക്കുകയാണെന്നും അങ്ങനെ സംഭവിച്ചാല്‍ താന്‍ മരിക്കുമെന്നും പറഞ്ഞു. എന്നാല്‍ നീ മരിക്കണ്ട, ഞാന്‍ മരിക്കാം എന്ന് മിഷേൽ പറഞ്ഞു. തുടർന്ന് ഞാനൊരു തീരുമാനമെടുത്തിട്ടുണ്ട്, നീയത് തിങ്കളാഴ്ച അറിയുമെന്നും മിഷേൽ പറയുകയുണ്ടായി. ഇങ്ങനെ മാനസിക സമ്മര്‍ദത്തിനടിപ്പെട്ടാണ് മിഷേല്‍ മരണത്തിലേക്ക് നീങ്ങിയതെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
അച്ഛനെയും അമ്മയെയും കാണണമെന്ന് മിഷേൽ രണ്ട് തവണ ആവശ്യപ്പെട്ടിരുന്നു. കാലത്ത് വിളിച്ചപ്പോള്‍ ഒരു ചടങ്ങിനു പോകാനുള്ളതിനാല്‍ വരാനാവില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. പിന്നെ വൈകീട്ടും കാണണം എന്നാവശ്യപ്പെട്ട് വിളിച്ചു. അധികനേരം കാണാൻ പറ്റില്ലല്ലോ എന്ന് പറഞ്ഞ് വീട്ടുകാർ പോയില്ല. ഇതിനു ശേഷമാണ് മിഷേല്‍ പുറത്തിറങ്ങിയതും പള്ളിയില്‍ പോയതും.
Post Your Comments