കൊച്ചി: നല്ല ഉദ്ദേശ്യത്തോടെയായിരുന്നു ലാവലിൻ കരാറെന്നും അഴിമതി ആരോപണങ്ങൾ കെട്ടുകഥയാണെന്നും മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേ ഹൈക്കോടതിയിൽ പറഞ്ഞു. കേസിൽ പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരെ സിബിഐ നൽകിയ റിവിഷൻ ഹർജിയിൽ വാദം കേൾക്കുമ്പോഴാണ് പിണറായിക്കായി ഹാജരായ ഹരീഷ് സാൽവേ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.
അന്നു വൈദ്യുത മന്ത്രിയായിരുന്ന പിണറായി വിജയൻ നല്ല ഉദ്ദേശ്യത്തോടെയാണ് ലാവലിൻ കരാർ കൊണ്ടുവരാൻ ശ്രമിച്ചത്. കരാറിനു ശ്രമിച്ചത് വൈദ്യുത പ്രതിസന്ധിയുടെ കാലത്താണ്. ഇതിനായി സമ്മർദ്ദമുണ്ടായിരുന്നു. കെഎസ്ഇബിയുടെ വാണിജ്യ പുരോഗതിക്കു വേണ്ടിയായിരുന്നു കരാർ. ലാവലിൻ കരാർ സംഭവിച്ചത് പിണറായിയുടെ കാലത്തല്ല. അദ്ദേഹത്തിന് മുൻപ് മന്ത്രിയായിരുന്ന ജി.കാർത്തികേയന്റെ കാലത്താണ്. എന്നാൽ സിബിഐ അന്വേഷണത്തിൽ കാർത്തികേയന്റെ നടപടി തെറ്റാണെന്നു സിബിഐ കണ്ടെത്തിയിട്ടില്ലെന്നും ഇത് വിരോധാഭാസമാണെന്നും ഹരീഷ് സാൽവെ കോടതിയിൽ പറഞ്ഞു.
Post Your Comments