ന്യൂഡല്‍ഹി: കേന്ദ്ര സർക്കാരിന്റെ പുതിയ ആരോഗ്യ നയം പ്രഖ്യാപിച്ചു. പൊതു ആരോഗ്യ കേന്ദ്രങ്ങളില്‍ രോഗനിര്‍ണയവും മരുന്നും സൗജന്യമാക്കുന്നതാണ് കേന്ദ്രസര്‍ക്കാറിന്റെ പുതിയ ആരോഗ്യനയം. കേന്ദ്രമന്ത്രിസഭ അംഗീകരിച്ച നയം ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ വ്യാഴാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ആരോഗ്യ പരിരക്ഷ എല്ലാ പൗരന്മാര്‍ക്കും ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. പതിനഞ്ചുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ആരോഗ്യനയം പ്രഖ്യാപിക്കുന്നത്. ഇതിനുമുമ്പ് 2002-ലാണ് നയം രൂപവത്കരിച്ചത്.
ആരോഗ്യസേവനം മൗലികാവകാശമാക്കണമെന്ന നിര്‍ദേശം കരട് രേഖയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് മാറ്റി. നിലവില്‍ ആരോഗ്യ സേവനം മൗലികാവകാശമാക്കി പ്രഖ്യാപിച്ചിട്ടുള്ളത് അസമില്‍ മാത്രമാണ്. നയത്തില്‍ വിശദീകരിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നതിന് പണം കണ്ടെത്താന്‍ ‘ആരോഗ്യ സെസ്’ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. എന്നാല്‍, ഇതേക്കുറിച്ച് നയത്തിലോ മന്ത്രിയുടെ പ്രസ്താവനയിലോ സൂചിപ്പിച്ചിട്ടില്ല.
ആരോഗ്യനയത്തിന്റെ പ്രധാന നിർദേശങ്ങൾ ഇവയൊക്കെയാണ്. രോഗികളുടെ പരാതികള്‍ കൈകാര്യം ചെയ്യാന്‍ ട്രിബ്യൂണല്‍ സ്ഥാപിക്കും. കൂടുതല്‍ വിദ്യാലയങ്ങളിലേക്കും തൊഴില്‍ സ്ഥാപനങ്ങളിലേക്കും യോഗ വ്യാപിപ്പിക്കും. ചികിത്സയെക്കാള്‍ പ്രധാന്യം രോഗപ്രതിരോധത്തിന് നല്‍കും. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്തും. കാന്‍സര്‍, വൃക്കരോഗം, പ്രമേഹം തുടങ്ങിയവയുടെ ചികിത്സയ്ക്ക് പ്രത്യേകപ്രാധാന്യം.
ഇവ കണ്ടെത്താനും ചികിത്സിക്കുന്നതിനും 100 ജില്ലാ കേന്ദ്രങ്ങളില്‍ സംവിധാനം ഏർപ്പെടുത്തും. മരുന്നുകളുടെയും ഉപകരണങ്ങളുടെയും നിര്‍മാണം ‘മേക്ക് ഇന്‍ ഇന്ത്യ’ യുമായി ബന്ധപ്പെടുത്തി എളുപ്പമാക്കും. മെഡിക്കല്‍വിദ്യാഭ്യാസം പരിഷ്‌കരിക്കും. ജി.ഡി.പി.യുടെ 2.5 ശതമാനം ആരോഗ്യ മേഖലയ്ക്കുവേണ്ടി ചെലവഴിക്കും. നിലവില്‍ ഇത് ഒരു ശതമാനമാണ്. കുഷ്ഠവും ക്ഷയവും രാജ്യത്തുനിന്ന് നിര്‍മാര്‍ജനം ചെയ്യും.
Post Your Comments