പെൺകുട്ടികൾ സാമ്പത്തിക സ്വാശ്രയത്വം നേടിയാൽ നിരാശരാകേണ്ടി വരില്ല എന്ന് വ്യക്തമാക്കുന്ന അവതാരക അരുന്ധതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. കുട്ടിക്കാലം മുതൽ എല്ലാവരുടെയും മുന്നിലെത്താൻ പ്രസംഗമത്സരത്തിന് പങ്കെടുക്കുകയും പിന്നീട് അതൊരു വാശിയായി മാറിയതിന്റെയും അനുഭവവും അരുന്ധതി പങ്ക് വെക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
വിളിച്ചും എഴുതിയും വരച്ചും ആശംസിച്ച എല്ലാവര്ക്കും നന്ദി. ഫേസ്ബുക്കിലും പുറത്തും ഒരുപാട് പെണ്‍കുട്ടികളെ പരിചയപ്പെട്ട ഒരു വര്‍ഷമാണ് കടന്നുപോയത്. പലരും ഇരട്ടി ആത്മവിശ്വാസവും ധെെര്യവുമുള്ളവര്. പക്ഷേ പൊതുസ്ഥലത്ത് സംസാരിക്കാനും ഇടപെടാനും വീട്ടില്‍നിന്നും നാട്ടില്‍ നിന്നും വിലക്കുകളുള്ളവര്. അവരെ കണ്ടുമുട്ടുമ്പോഴൊക്കെയും ആലോചിക്കാറുണ്ട്, അദൃശ്യമായതും പരസ്യമായതുമായ കുറെ വിലക്കുകളെ പൊളിക്കാന്‍ കഴിഞ്ഞതെങ്ങനെയെന്ന്. അതുകൊണ്ടിതെഴുതുന്നു. ഇതൊരഹങ്കാരിയായ പെണ്ണിന്റെ കുറിപ്പാണ്, ആത്മപ്രശംസ വേണ്ടതിലധികമുണ്ട്. താല്പര്യമില്ലെങ്കില് പോസ്റ്റ് വിട്ട് പോവാനുള്ള മുന്നറിയിപ്പ് തന്നതാണ്.
കുട്ടിക്കാലം മുതല്‍ വീട്ടിനുള്ളിലെ ജെന്‍ഡര്‍ ബയസ് ശ്വാസംമുട്ടിച്ചിരുന്നു. മൂത്ത സഹോദരന്റെ അഭിപ്രായങ്ങളോളം എന്റെ അഭിപ്രായങ്ങള്‍ക്കും വില കിട്ടാന്‍, മിടുക്കിയെന്ന് പറയിക്കാനാണ്, കണ്ണില്‍കണ്ട മല്സരങ്ങളിലൊക്കെയും പങ്കെടുത്തുതുടങ്ങിയത്. പ്രത്യേകിച്ചും പ്രസംഗ മല്‍സരങ്ങള്‍. രാവിലെ പത്രത്തിലാദ്യം നോക്കുക എവിടെയെങ്കിലും പ്രസംഗ മല്‍സരം നടക്കുന്നുണ്ടോയെന്നാണ്. ബസ് കയറിപ്പോവും. സമ്മാനം വാങ്ങി മടങ്ങും. ട്രോഫിക്കൊപ്പം കാഷ് പ്രെെസും കിട്ടിത്തുടങ്ങിയപ്പൊ തോന്നി സംഗതി കൊള്ളാമല്ലോ. അന്‍പതും നൂറും കിട്ടുന്ന ലോക്കല്‍ മല്‍സരങ്ങളില്‍നിന്നും, ആയിരങ്ങള്‍ കിട്ടുന്ന സംസ്ഥാനതല മത്സരങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ചുരുക്കത്തില്‍ ഒരു പ്രസംഗമല്സരതൊഴിലാളിയായി ഏറെക്കുറെ ഏഴ് വര്‍ഷങ്ങള്‍ ജീവിച്ചു! അച്ഛന് സെക്രട്ടറിയായ ബാങ്കില്‍തന്നെ മകള്‍ സ്വന്തം പണം കൊണ്ട് അക്കൗണ്ട് തുറന്നു. അത് നല്കിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. പതിനാറ് വയസ്സ് മുതല്‍ ചാനലുകളില്‍ അവതാരകയായതും ആ മുഷിപ്പന്‍ ജോലിയോട് മമതയുണ്ടായിട്ടല്ല, ചിലരെ ചിലത് ബോധ്യപ്പെടുത്താനായിരുന്നു. പ്ളസ് വണ്ണിലെ ഒാണത്തിന് കുടുംബത്തിലെല്ലാവര്‍ക്കും ഓണക്കോടി വാങ്ങിനല്‍കിയത് സ്നേഹപ്രകടനമേ ആയിരുന്നില്ല, ”നിരന്തരം നിങ്ങള്‍ പരിഹസിച്ച പെണ്‍കുട്ടി പതിനാറ് വയസ്സില്‍ ഇത്രയൊക്കെ നേടി ” എന്ന പ്രഖ്യാപനമായിരുന്നു.
എല്ലാ ക്ളാസിലും ഒന്നാമതായിട്ടും അധ്യാപകരുടെ കണ്ണിലുണ്ണിയായില്ല ഒരിക്കലും. അനുസരണയും ബഹുമാനവുമുള്ള ബാലുവിന്റെ ധിക്കാരിയും അഹങ്കാരിയുമായ അനിയത്തിയായി മാത്രമേ സ്കൂളിലും വേഷമുണ്ടായിരുന്നുള്ളൂ. എന്നിട്ടും നന്നായിത്തന്നെ പഠിച്ചു. രണ്ട് കാരണങ്ങളുണ്ടായിരുന്നു, ”പ്രസംഗം, സാഹിത്യക്യാമ്പെന്നൊക്കെ പറഞ്ഞ് അഴിച്ചുവിട്ടേക്കുവാ അതിനെ. ഒടുക്കം എന്താവുമെന്ന് കാണാം” എന്ന് അടക്കിയും ഉറക്കെയും ബന്ധുക്കള്‍ പറയുന്നത് എന്റെ അച്ഛനെയും അമ്മയേയും ആകയാല്‍ അവര്‍ക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് തെളിയിക്കണമായിരുന്നു. പിന്നെ സ്വന്തം കാലില്‍ നിന്നാല്‍ മാത്രം കിട്ടുന്ന ആ കനിയുണ്ടല്ലോ, ”സ്വാതന്ത്ര്യം”, അത് വേണമായിരുന്നു. പഠിച്ച് ജോലി വാങ്ങിയാല്‍ സ്വാതന്ത്ര്യം കിട്ടുമെന്ന് എങ്ങനെയോ തോന്നിയിരുന്നു.
നല്ലവരായ നാട്ടുകാര്‍ എന്റെ പ്രേമകഥകള്‍ കൊണ്ടും ഒളിച്ചോട്ട കഥകള്‍കൊണ്ടും കൊഴുപ്പിച്ച കാലഘട്ടമായിരുന്നു പ്ളസ് ടു. ആ കഥകള്‍ നല്കിയ വാശിയില്‍നിന്നാണ് എല്ലാ വിഷയങ്ങള്‍ക്കും നൂറ് ശതമാനം മാര്‍ക്ക് വാങ്ങുന്നത്. ഡിഗ്രി പഠിക്കാനെത്തുന്നത് ഹയര്‍ എഡ്യുക്കേഷന്‍ സ്കോളര്‍ഷിപ്പുമായി. ലാപ്ടോപ്പും, ഡി.എസ്.എല്‍.ആര് കാമറയും ഫോണുമടക്കം എല്ലാം വാങ്ങിയത് പഠിച്ചുണ്ടാക്കിയ പണം കൊണ്ടാണ്. എം.എ യ്ക്കെത്തുന്നത് യു.ജി.സി യുടെ റാങ്ക് ഹോള്‍ഡര്‍ ഫെല്ലോഷിപ്പുമായാണ്. എം.എ യ്ക്ക് ശേഷം എന്ത് എന്ന അനിശ്ചിതത്വം ഉണ്ടാവും മുന്‍പ് ജെ.ആര്.എഫ്. ഇരുപത്തിരണ്ടാം വയസ്സില്‍ മാസം മുപ്പത്തിരണ്ടായിരം രൂപ ഫെല്ലോഷിപ്പില്‍ ഗവേഷണം തുടങ്ങി. ഇരുപത്തിമൂന്നാം വയസ്സില്‍ സാമ്പത്തികമായി ഞാന്‍ പൂര്‍ണ സ്വയംപര്യാപ്തയാണ്. നിലനില്‍പ്പ് ഭയന്ന് ഒരഭിപ്രായവും വിഴുങ്ങേണ്ട ആവശ്യം ഇന്നെനിക്കില്ല. അതുകൊണ്ട് പ്രിയപ്പെട്ട പെണ്‍കുട്ടികളെ , സാമ്പത്തിക സ്വാശ്രയത്വം നേടാന്‍ അധ്വാനിക്കുക. നിങ്ങള്‍ നിരാശരാവില്ല.
Post Your Comments