ന്യൂഡൽഹി: തമിഴ്നാട്ടിൽ നിന്നുള്ള കർഷകർ വെള്ളത്തിനു വേണ്ടിയുള്ള സമരം നടത്തുന്നത് ഏറെ വ്യത്യസ്തതയോടെ.വരൾച്ചയിൽ കൃഷി നശിച്ചു ജീവനൊടുക്കിയ കർഷക സുഹൃത്തുക്കളുടെ തലയോടുകളായിരുന്നു അവരുടെ സമരായുധം. കൈയിൽ ഭിക്ഷാ പാത്രങ്ങളുമായി പച്ച കൗപീനവുമണിഞ്ഞു തമിഴ്നാട്ടിൽ നിന്നുള്ള 74 കർഷകർ ഇന്നലെ ഡൽഹി ജന്തർമന്തറിൽ ജീവനൊടുക്കിയ തങ്ങളുടെ സുഹൃത്തുക്കളുടെ തലയോട്ടിയുമായാണ് സമരം നടത്തിയത്.
തമിഴ്നാട്ടിലെ തിരുച്ചി, കാരൂർ, തഞ്ചാവൂർ ജില്ലകളിൽ നിന്നുള്ളവരായിരുന്നു സമരക്കാർ.കാവേരി നദീജലം ആവശ്യത്തിന് ലഭിക്കാത്തതിനെത്തുടർന്ന് തമിഴ്നാട്ടിലെ കാർഷിക മേഖല തകർച്ചയുടെ വക്കിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സമരം. പ്രധാനമന്ത്രിയുടെ വസതിക്കു മുന്നിൽ സമരം ചെയ്യാനായിരുന്നു ആദ്യം എത്തിയത്. എന്നാൽ സുരക്ഷാ ജീവനക്കാർ തടഞ്ഞതോടെ ജന്തർമന്ദറിലേക്ക് സമരവേദി മാറ്റുകയായിരുന്നു.ഇതിനിടെ കർഷകരിൽ ഒരാൾ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി.പിന്നീട് അനുനയിപ്പിച്ച് താഴെയിറക്കിയ യുവാവ് റോഡിൽ കിടന്നും പ്രതിഷേധിച്ചു. തമിഴ്നാട് മരുഭൂമിയായി മാറുന്നത് തടയുക. കാവേരിയുടെ വരൾച്ച ഒഴിവാക്കാനുള്ള നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ നടത്തിയത്.
തലയോട്ടികൾ മാലകോർത്ത് കഴുത്തിലണിഞ്ഞും പ്രതിഷേധക്കാർ സമരവേദിയിൽ അണിനിരന്നു. നൂറു ദിവസം റിലേ സത്യാഗ്രഹത്തിനാണ് ഇന്നലെ തുടക്കമായത്. 400 കർഷകർ ഇതിനകം ആത്മഹത്യ ചെയ്തെന്നു സമരക്കാർ പറയുന്നു.കർഷക മരണങ്ങൾ വർധിപ്പിക്കുന്നത് ചൂണ്ടിക്കാട്ടി കഴിഞ്ഞ ജനുവരിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ തമിഴ്നാട് സർക്കാരിന് നോട്ടീസ് അയച്ചിരുന്നു.വെള്ളം ആവശ്യപ്പെട്ട് മാറത്തടിച്ച് കരയുന്ന സ്ത്രീകളും സമരക്കാരുടെ കൂട്ടത്തിലുണ്ട്
Post Your Comments