അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തിളക്കമാര്‍ന്ന വിജയം കൈവരിച്ചതിനു പിന്നാലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെക്കുറിച്ച് ആക്ഷേപങ്ങളും വ്യാപകമാവുകയാണ്. ബി.എസ്.പി നേതാവ് മായാവതിയാണ് ഇലക്ട്രോണിങ് വോട്ടിങ് യന്ത്രത്തിനെതിരേ ആക്ഷേപവുമായി ആദ്യം രംഗത്തെത്തിയത്. ഏറ്റവും ഒടുവില്‍ ഡെല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ പേപ്പര്‍ ബാലറ്റ് സമ്പ്രദായം മതിയെന്ന് ആവശ്യപ്പെട്ട് ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുന്നു. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമത്വം ആരോപിച്ചാണ് ഇവരുടെ പുതിയ ആക്ഷേപങ്ങള്‍. ഈ പറഞ്ഞ നേതാക്കളും അവരുടെ പാര്‍ട്ടി സ്ഥാനാര്‍ഥികളുമെല്ലാം വിജയിച്ചതും ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലൂടെ തന്നെ ആണെന്ന വസ്തുത ആദ്യം ഓര്‍മപ്പെടുത്തട്ടെ. അപ്പോള്‍ ജയിക്കുമ്പോള്‍ സന്തോഷവും പരാജയപ്പെടുമ്പോള്‍ കുറ്റവും പറയുന്നത് ജനനേതാക്കള്‍ക്കു ഭൂഷണമല്ല. സാങ്കേതികവിദ്യ അത്രത്തോളം പുരോഗമിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ മനുഷ്യപ്രയത്‌നം പരമാവധി കുറക്കുക എന്ന ലക്ഷ്യം കൈവരിച്ച ആദ്യത്തെ ചുവടുവയ്പ്പുകളില്‍ ഒന്നാണ് ഇലക്ട്രോണിങ് വോട്ടിങ് യന്ത്രങ്ങള്‍. ലക്ഷക്കണക്കിന് വോട്ടര്‍മാരുള്ള മണ്ഡലങ്ങളില്‍ വോട്ടിങ് കൗണ്ടറുകളില്‍ ഉദ്യോഗസ്ഥര്‍ നിരന്നിരുന്ന് വോട്ടെണ്ണുന്നത് കാലതാമസം വരുത്തും എന്നതില്‍ സംശയമില്ല. ഈ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് വോട്ടിങ് യന്ത്രങ്ങളുടെ പേരില്‍ ബിജെപി വിജയത്തെ സംശയിക്കാനും ബിജെപിയെ അപകീര്‍ത്തിപ്പെടുത്താനും കേരളത്തിലെ ഇടതുപക്ഷം ഉള്‍പ്പടെയുള്ളവര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ പറ്റി ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ആശങ്കകള്‍ വെറുതെയാണ് എന്നതില്‍ തര്‍ക്കമില്ല. ഇപ്പോള്‍ ബിജെപിയെ കുറ്റപ്പെടുത്തുന്നവര്‍ പണ്ട് ബിജെപി പരാജയപ്പെട്ടപ്പോള്‍ വോട്ടിങ് യന്ത്രത്തിനെതിരേ ആക്ഷേപം ഉന്നയിച്ചിരുന്നു എന്ന കാര്യം സൗകര്യപൂര്‍വം മറന്നു. ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ തിരിമറി കാണിക്കാമെന്ന് പരിഭവിക്കുന്നവരോട് ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ തിരിമറി നടന്നിട്ടില്ലേ എന്ന മറുചോദ്യമാണ് ചോദിക്കാനുള്ളത്. അതുകൊണ്ട് അത്തരം ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല. ഇനി ചെയ്യാന്‍ കഴിയുന്ന കാര്യം ചെയ്ത വോട്ട് ഉദ്ദേശിച്ച ആള്‍ക്കുതന്നെയാണോ കിട്ടിയത് എന്നറിയാന്‍ വോട്ട് രേഖപ്പെടുത്തിയതിന്റെ പ്രിന്റ്ഔട്ട് കൂടി ലഭ്യമാക്കുകയോ വോട്ട് രേഖപ്പെടുത്തികഴിഞ്ഞശേഷം ആര്‍ക്കാണ് വോട്ട് പതിഞ്ഞത് എന്നതിന്റെ ഇലക്ട്രോണിക്‌സ് ഡിസ്‌പ്ലേ കൂടി കാണിക്കുകയോ ചെയ്താല്‍ അത് വോട്ടര്‍ക്ക് കൂടുതല്‍ ബോധ്യപ്പെടും. അതോടെ ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ആശങ്കകള്‍ പൂര്‍ണ്ണമായും ഇല്ലാതെയാക്കാം.
ഇന്ന് ഇന്ത്യയില്‍ പ്രായോഗിക രാഷ്ട്രീയം പയറ്റുന്ന ഏക പാര്‍ട്ടി ബിജെപി മാത്രമാണ്. അവര്‍ ജനങ്ങളുടെ മനസ്സ് അറിഞ്ഞ് പ്രവര്‍ത്തിക്കുന്നു. അതുകൊണ്ട് ജനങ്ങള്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നു. അത് ഒരുതരം മനശാസ്ത്രമാണ്. ഇവിടെ പരമ്പരാഗത പ്രത്യയശാസ്ത്രങ്ങള്‍ക്കൊന്നും പ്രസക്തിയില്ല. ഇന്നത്തെ കാലത്ത് ബിജെപി പിന്തുടരുന്ന രീതിയാണ് ശരി. പ്രത്യേകിച്ച് കേന്ദ്രസര്‍ക്കാര്‍. അവര്‍ ജനങ്ങളെ കൈയ്യിലെടുക്കുന്നു. ജനകീയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. അത് പ്രഖ്യാപിക്കുന്നു. അത് ജനങ്ങളിലേക്ക് എത്തിക്കുന്നു. ജനത്തിന്റെ ദൃഷ്ടിയില്‍ ആ പദ്ധതികളെല്ലാം തങ്ങള്‍ക്ക് പ്രയോജനകരമാണെന്നു ബോധ്യവും ആകുന്നു. ഈ ഒരു തന്ത്രജ്ഞതയാണ് ഇന്ന് മറ്റുപാര്‍ട്ടികള്‍ക്ക് ഇല്ലാതെ പോകുന്നത്. നിര്‍ബന്ധിച്ച് ഒരു അണിയെപ്പോലും ഒപ്പം കൂട്ടാന്‍ ഒരു പാര്‍ട്ടിക്കും ഇന്നത്തെ കാലത്ത് കഴിയില്ല. ഓരോ അണിയും ഇന്ന് സ്വയം ചിന്തിക്കുന്ന നേതാവാണ്. അതുകൊണ്ടു അവന് വ്യക്തമായി നിലപാട് എടുക്കാന്‍ കഴിയും. ആത്യന്തികമായി തനിക്ക് എന്തുനേട്ടം അല്ലെങ്കില്‍ തനിക്ക് നേട്ടം നല്‍കുന്നത് ആര് എന്ന് ചിന്തിക്കുമ്പോള്‍ സ്വാഭാവികമായും ആ നേട്ടം നല്‍കുന്നവര്‍ക്കൊപ്പം നില്‍ക്കാന്‍ അവന്‍ സ്വയം നിര്‍ബന്ധിതനാകും. ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും പിന്തുടരുന്ന പരമ്പരാഗത പ്രത്യയശാസ്ത്രം പരീക്ഷണങ്ങള്‍ ഇനി ഇന്ത്യയില്‍ വിലപ്പോകില്ല. ആദ്യം നിങ്ങള്‍ ജനങ്ങളോടൊപ്പം നില്‍ക്കണം. എങ്കില്‍ ജനം നിങ്ങള്‍ക്കൊപ്പം ഉണ്ടാകും. അല്ലാതെ ഭീഷണിപ്പെടുത്തിയും പ്രീണനം നടത്തിയും ഒരു ജന സമുദായത്തെയും എക്കാലവും ഒപ്പം നിര്‍ത്താനാകില്ല. ഇത്ര കാലമായിട്ടും പ്രത്യേകിച്ചും ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് മനസിലാകാത്ത ഒരു കാര്യമാണിത്. അവര്‍ ഇപ്പോഴും ഈ വിപ്ലവാനന്തര ലോകത്തു ചായയുടെ കൂടെ പഴം പൊരി വേണോ പരിപ്പുവട വേണോ എന്നാണ് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നത്. വര്‍ഗശത്രുവിനെ നേരിടാന്‍ തന്ത്രം മെനയാന്‍ ആവശ്യപ്പെടുമ്പോള്‍ ഒറ്റയടിക്ക് വെട്ടിക്കൊലപ്പെടുത്താം എന്ന ഉത്തരമേ ഇടതുപാര്‍ട്ടികള്‍ക്ക് നല്‍കാന്‍ കഴിയുന്നുള്ളൂ. ആശയപരമായ സാമര്‍ഥ്യത്തോടെയുള്ള നിലപാടുകള്‍ സ്വീകരിക്കാന്‍ അവര്‍ക്ക് ഇന്നും കഴിയുന്നില്ല. ആദ്യം അമേരിക്കയെ അവര്‍ ശത്രുവായി പ്രഖ്യാപിക്കും. അവിടെനിന്നും തൊട്ടടുത്തുള്ള മറ്റൊരു ഇടതുപാര്‍ട്ടിയുടെ പ്രവര്‍ത്തകന്‍ വരെ അവന്റെ ശത്രുവായി വരും. ആരാണ് സ്വന്തം ശത്രു എന്നുപോലും അവര്‍ക്ക് ഇന്നും തിരിച്ചറിയാന്‍ കഴിയുന്നില്ല.
ബിജെപിയുടെ പ്രായോഗിക മുന്നേറ്റത്തെ ഇന്നും അക്രമം കൊണ്ട് തടയിടാം എന്നാണ് കേരളത്തിലെ ഇടതുപക്ഷം ചിന്തിക്കുന്നത്. ദേശീയതലത്തില്‍ മറ്റു പാര്‍ട്ടികള്‍ ചിന്തിക്കുന്നത് എങ്ങനെ ബിജെപിയെ കരിവാരിത്തേക്കാം എന്നാണ്. ചുരുക്കത്തില്‍ ജനത്തെ കൈയിലെടുക്കാനുള്ള പ്രായോഗിക രാഷ്ട്രീയം എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കൈമോശം വന്നിരിക്കുന്നു. അവിടെയാണ് ജനങ്ങളിലേക്ക് കൂടുതല്‍ അടുത്തുകൊണ്ടുള്ള ബിജെപിയുടെ മുന്നേറ്റവും സംഭവിക്കുന്നത്.
Post Your Comments