സത്യത്തില്‍ ഈ കോണ്‍ഗ്രസിന് എന്താണ് സംഭവിച്ചത്? ഇന്ത്യന്‍ ജനാധിപത്യത്തിലെ ഏക ദേശീയ രാഷ്ട്രീയ പ്രസ്ഥാനം എന്ന ബഹുമതിയില്‍നിന്നും ഭൂരിഭാഗം സംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ട്ടികള്‍ക്കും താഴേക്ക് തലകുത്തി വീഴാന്‍ മാത്രം കോണ്‍ഗ്രസിന് എവിടെയാണ് എന്നുമുതലാണ് പിഴച്ചത്. ജവഹര്‍ ലാല്‍ നെഹ്രുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും മികച്ച ഭരണകര്‍ത്താക്കളായും പ്രസ്ഥാന നേതാക്കളായും തിളങ്ങിനിന്ന കോണ്‍ഗ്രസ് ഇന്നു നാഥനില്ലാ കളരി ആയിരിക്കുന്നു. സോണിയാഗാന്ധിയുടെയും മകന്‍ രാഹുല്‍ഗാന്ധിയുടെയും കൈകളിലേക്ക് കോണ്‍ഗ്രസിന്റെ ചക്രം എത്തിയതുമുതല്‍ ആ വാഹനം ഇടയ്ക്കിടെ ബ്രേക്ക് ഡൗണ്‍ ആയി തുടങ്ങിയിരുന്നു. ഇപ്പോഴിതാ ഏതാണ്ട് കട്ടപ്പുറത്തായ അവസ്ഥയിലാണ്. ഭരണ നായകത്വത്തില്‍നിന്നും പ്രാദേശികതയിലേക്ക് ഒതുങ്ങിപോകുന്ന കോണ്‍ഗ്രസിന് ഇനി ശാപമോക്ഷം കിട്ടുമെന്നു തോന്നുന്നില്ല. കേന്ദ്രഭരണ പ്രദേശങ്ങളടക്കം 31സംസ്ഥാനങ്ങളില്‍ ആറിടത്ത് മാത്രമാണ് കോണ്‍ഗ്രസിന് ഇന്നു ഭരണമുള്ളത്. ഹിമാചല്‍ പ്രദേശിലും കര്‍ണാടകയിലും മിസോറാമിലും മേഘാലയിലു പഞ്ചാബിലും പുതുച്ചേരിയിലും കോണ്‍ഗ്രസ് മൂവര്‍ണക്കൊടി പാറിക്കുമ്പോള്‍ ബീഹാറില്‍ കോണ്‍ഗ്രസ് മുന്നണി ഭരണത്തില്‍ പങ്കാളിയാകുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ പതനം ആയുധമാക്കിയ ബി.ജെ.പിയാകട്ടെ ഏതാണ്ട് മധ്യകിഴക്കന്‍ മേഖലയിലും പടിഞ്ഞാറന്‍ മേഖലയിലും കാവിക്കൊടി പാറിച്ച് മുന്നേറുകയാണ്.
അരുണാചല്‍ പ്രദേശ്, അസം, ഛത്തിസ്ഗഢ്, ഗുജറാത്ത്, ഹരിയാന, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവടിങ്ങളില്‍ ബി.ജെ.പി നേരിട്ട് ഭരണം നടത്തുമ്പോള്‍ ജമ്മു കാശ്മീരിലും നാഗാലാന്റിലും ആന്ധ്രപ്രദേശിലും സിക്കിമിലും ഗോവയും മണിപ്പൂരും ബി.ജെ.പി മുന്നണിയാണ് ഭരിക്കുന്നത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ആഴ്ച ഫല പ്രഖ്യാപനം പുറത്തുവന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശും ഉത്തരാഖണ്ഡും ബി.ജെ.പിയുടെ പടയോട്ടത്തില്‍ കുളിരണിയുന്നു. എന്നാല്‍ ബി.ജെ.പി രണ്ടാംസ്ഥാനത്ത് ആയിപ്പോയ ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസിനെ കടത്തിവെട്ടി അധികാരത്തിലേറാന്‍ പോകുകയാണ്.
കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ എന്‍ ബിരേന്‍ സിങാണ് മണിപ്പൂരിന്റെ മുഖ്യമന്ത്രിയാകാന്‍ പോകുന്നത്. കേന്ദ്ര പ്രതിരോധമന്ത്രി പദം രാജിവെച്ചെത്തിയ മനോഹര്‍ പരീക്കറാണ് ഗോവയുടെ പുതിയ സാരഥി. ഈ രണ്ടുസംസ്ഥാനങ്ങളിലും ബിജെപിക്ക് ജയിക്കാന്‍ കഴിയാതെ വന്നതോടെ ആഹ്ലാദത്തിലായ കോണ്‍ഗ്രസിന് ഈ നീക്കം ഓര്‍ക്കാപ്പുറത്ത് കിട്ടിയ അടിയാണ്. ഗോവയില്‍ നിലനിന്നിരുന്ന ബിജെപി ഭരണം അവസാനിച്ചുവെന്നു മനകോട്ട കെട്ടിയ കോണ്‍ഗ്രസിന് ബി.ജെ.പി മന്ത്രിസഭ ഒരിക്കല്‍ക്കൂടി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മൂകസാക്ഷിയാകേണ്ടി വരും. പഞ്ചാബില്‍ മാത്രമാണ് കോണ്‍ഗ്രസിന് അല്‍പമെങ്കിലും ജീവശ്വാസം ബാക്കിയുള്ളത്. ബാക്കി നിലവില്‍ അവരുടെ കൈവശമുള്ള പല സംസ്ഥാനങ്ങളും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ അവരെ കൈവിടാന്‍ ഇടയുണ്ട്. പഞ്ചാബിലാകട്ട കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അവഗണിച്ച് സ്വന്തം പദ്ധതികളുമായി മുന്നോട്ടുകൊണ്ടുപോയതിനാല്‍ മാത്രമാണ് ക്യാപ്ടന്‍ അമരീന്ദര്‍ സിങിന് പാര്‍ട്ടിയെ അധികാരത്തിലേറ്റാനായത്.
ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യത്തില്‍ ഏര്‍പ്പെട്ട കോണ്‍ഗ്രസ് അവിടെയും ദയനീയ ചിത്രമായി. വരും കാല തെരഞ്ഞെടുപ്പുകളിലെല്ലാം കോണ്‍ഗ്രസിന് ഇനി ഏതെങ്കിലും പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാതെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കാനാകില്ല. ബി.ജെ.പിക്കുണ്ടായ ഒറ്റക്കുള്ള മുന്നേറ്റം പോലെ കോണ്‍ഗ്രസിന് ഒറ്റക്കുള്ള ഭരണം ഇനി എങ്ങും സാധ്യവുമിലല്. എല്ലാ സംസ്ഥാനങ്ങളിലും ശക്തമായ വേരോട്ടമുണ്ടായിരുന്ന കോണ്‍ഗ്രസ് ഇന്ന് പ്രതാപകാലത്തിന്റെ നിഴല്‍ മാത്രമാണ്. ആ നിഴല്‍ ചിത്രം മാഞ്ഞുപോകാനും ഇനി അധിക നാളുകള്‍ ബാക്കിയില്ല.
Post Your Comments