KeralaNews

തിരുവനന്തപുരത്ത് മൂന്ന് പുതിയ സിനിമാ തീയേറ്ററുകള്‍ കൂടി എത്തുന്നു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്ന് പുതിയ സിനിമാ തീയേറ്ററുകള്‍ തുടങ്ങാൻ കേരള സ്റ്റേറ്റ് ഫിലിം ഡവലപ്പ്മെന്റ് കോർപ്പറേഷൻ പദ്ധതി തയ്യാറാക്കി. ഉടൻ തന്നെ എസ്റ്റിമേറ്റ് തയ്യാറാക്കി നിർമ്മാണം ആരംഭിക്കും. ആദ്യത്തെ തിയേറ്റർ നിർമ്മിക്കുന്നത് തമ്പാനൂർ ബസ് ടെർമിനലിന്റെ രണ്ടാമത്തെ നിലയിലാണ്. കൈരളി തിയേറ്ററിനടുത്തായി രണ്ടാമത്തേത് നിർമ്മിക്കും. മൂന്നാമത് കലാഭവനോടു ചേർന്നും നിർമ്മിക്കും. ഇതോടെ തലസ്ഥാനത്തെ കെ.എസ്.എഫ്.ഡി.സി തിയേറ്ററുകളുടെ എണ്ണം ഏഴാകും.

തമ്പാനൂരിൽ കെ.ടി.ഡി.എഫ്.സി കെ.എസ്.ആർ.ടി.സിക്കു വേണ്ടി നിർമ്മിച്ച ബസ് ടെർമിനിലനോടു ചേർന്നുള്ള കെട്ടിടത്തിലാണ് തിയേറ്റർ നിർമ്മിക്കുക. ഇതിനായി കെട്ടിടത്തിന്റെ രണ്ടാമത്തെ നില മുഴുവൻ വിനിയോഗിക്കും. ഇവിടെ തിയേറ്റർ, പിന്നെ പ്രേക്ഷകർക്ക് ഇരിക്കാനും വിശ്രിമിക്കാനുമുള്ള സ്ഥലം, കഫറ്റീരിയ എന്നിവയാകും സജ്ജമാക്കുക. കെ.ടി.ഡി.എഫ്.സി പ്രതിമാസം 5.56 ലക്ഷം രൂപയാണ് വാടകയായി ആവശ്യപ്പെട്ടിരിക്കുന്നത്. വാടകയും അഡ്വാൻസും സംബന്ധിച്ച അവസാന വട്ട തീരുമാനം സിനിമാ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി എ.കെ.ബാലനും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനും തമ്മിൽ ചർച്ച നടത്തി തീരുമാനിക്കും.

തമ്പാനൂർ ടെർമിനിലിനോട് ചേർന്ന് നിർമ്മിച്ച കോപ്ളക്സിൽ തീയേറ്ററുകൾക്ക് ആവശ്യമായ സ്ഥലം നേരത്തെ തന്നെ ഉണ്ടായിരുന്നു. ഇവിടെ മൾട്ടിപ്ലക്സുകൾ വരുമെന്ന് ഉദ്ഘാടന സമയത്ത് ബന്ധപ്പെട്ട അധികൃതർ പറഞ്ഞിരുന്നതുമാണ്. പക്ഷേ, തിയേറ്റർ പദ്ധതിയുമായി സ്വകാര്യ ഗ്രൂപ്പുകളൊന്നും ഇതുവരെ കെ.ടി.ഡി.എഫ്.സിയെ സമീപിച്ചിരുന്നില്ല.

രണ്ടാമത്തെ തിയേറ്റർ കൈരളി കോംപ്ളക്സിൽ കാർപാർക്ക് ചെയ്യുന്ന സ്ഥലത്താണ് നിർമ്മിക്കുക. താഴെ ബൈക്ക് പാർക്കിംഗിനായി നീക്കി വച്ച ശേഷം തൂണുകൾ നിർമ്മിച്ച് അതിനു മുകളിലായിരിക്കും തിയേറ്റർ നിർമ്മിക്കുക. ഇവിടെ കാർ പാർക്കിംഗിനായി ലെയർ പാർക്കിംഗ് സംവിധാനം ഏർപ്പെടുത്തും. താഴെ എത്തുന്ന കാറുകൾ ലിഫ്ടിലൂടെ പാർക്കിംഗ് സ്ഥലത്ത് എത്തിക്കും. സിനിമാ പ്രദർശനത്തിനു ശേഷം കാറുകൾ തിരിച്ചെത്തിക്കും.

കലാഭവൻ തിയേറ്ററിന്റെ ബാൽക്കണിയുടെ സ്ഥലം പുതിയൊരു തിയേറ്ററാക്കി മാറ്റാനാണ് പദ്ധതി. ഇവിടെ 150 സീറ്റുകളുള്ള തിയേറ്ററാകും നിർമ്മിക്കുക. ഈ തിയേറ്ററിൽ സിനിമ റിലീസ് ചെയ്യുന്നതോടൊപ്പം പ്രിവ്യൂവിനും മിക്സിംഗിനുമായി ഉപയോഗിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button