പനാജി: കേന്ദ്രമന്ത്രി സ്ഥാനം ഒഴിഞ്ഞതിനുപിന്നാലെ മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍നടന്ന ചടങ്ങിലാണ് പരീക്കര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഗവര്‍ണര്‍ മൃദുല സിംഗ് സത്യവാചകം ചൊല്ലിക്കൊടുത്തു.
സത്യപ്രതിജ്ഞ വൈകരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട് എടുത്തിരുന്നു. കോണ്‍ഗ്രസിന്റെ പ്രതിഷേധം ശക്തമാകുന്നതിനുമുന്‍പ് തിടുക്കത്തില്‍ ചടങ്ങ് നടത്തുകയായിരുന്നു. ഗോവയില്‍ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു.
ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കോണ്‍ഗ്രസിന്റെ ഹര്‍ജി തള്ളിയത്. ഗോവയില്‍ 17 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നും കുതിരക്കച്ചവടത്തിലൂടെ ബിജെപി അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നുവെന്നുമായിരുന്നു ഹര്‍ജിയിലെ പരാതി.
ബിജെപിക്ക് കേവല ഭൂരിപക്ഷമായ 21 അംഗങ്ങളുടെ പിന്തുണയില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളി. മുതിര്‍ന്ന അഭിഭാഷകനും പാര്‍ട്ടി നേതാവുമായ അഭിഷേക് മനു സിംഗ് വിയാണ് കോണ്‍ഗ്രസിനുവേണ്ടി ഹാജരായത്.
Post Your Comments