കൊല്ലം : കൊല്ലം രൂപതയുടെ കീഴിലുള്ള ഫാത്തിമ മാതാ കോളജിലെ ലെഗിന്‍സ് വിലക്കിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രത്യക്ഷ സമരത്തില്‍. കോളേജില്‍ പെണ്‍കുട്ടികള്‍ ലെഗ്ഗിങ്ങ്സ് ധരിച്ച് വരരുതെന്നാണ് മാനേജ്‌മെന്റിന്റെ ആജ്ഞ. നിയമം ലംഘിച്ച് ലെഗ്ഗിങ്ങ്സ് ധരിച്ച് കോളേജില്‍ വരുന്ന കുട്ടികള്‍ക്ക് പിഴയടുക്കേണ്ടി വരും ഇതിന് പുറമെ വിദ്യാര്‍ത്ഥികള്‍ക്ക് മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്ന സംസാരമാണ് അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. ആണും പെണ്ണും ഒന്നിച്ചിരിക്കുന്നതിനും കോളജ് അധികൃതര്‍ വിലക്കിയിട്ടുണ്ട്. മനേജ്മെന്റിന്റെ ഇത്തരം വിദ്യാര്‍ത്ഥിവിരുദ്ധ നടപടികള്‍ക്കെതിരെ കോളജിലെ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം സമരത്തിനിറങ്ങിയത്.ലിംഗ വിവേചനത്തിനും, വിദ്യാര്‍ത്ഥിനികളുടെ വസ്ത്രധാരണ രീതിയിലെ നിയന്ത്രണങ്ങള്‍ക്കുമെതിരെ കൊല്ലം ഫാത്തിമ മാതാ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ ഇന്നലെയാണ് സമരം ആരംഭിച്ചത്.
നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരം എന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍. ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കാനോ അടുത്തിടപഴകാനോ പാടില്ലെന്നാണ് മാനേജ്‌മെന്റ് ഉത്തരവ്. 3000ത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണ്. ഉച്ചഭക്ഷണത്തിന് ശേഷവും മറ്റ് ഒഴിവ് സമയത്തും പെണ്‍കുട്ടികള്‍ക്ക് ഇരിക്കുന്നതിനായി പ്രത്യേകം സ്ഥലം അനുവദിച്ചിട്ടുണ്ട്. കോട്രയാങ്കിള്‍ എന്ന ഈ സ്ഥലത്തേ ഇവര്‍ ഇരിക്കുവാന്‍ പാടുള്ളു. വസ്ത്രധാരണ രീതിയുടെ പേരില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതും, ഇന്റേണല്‍ എക്‌സാമുകളുടെ പേരില്‍ അമിത ഫീസ് ഈടാക്കുന്നതും, ഉള്‍പെടെ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് സമരം.ആവശ്യങ്ങളുന്നയിച്ച് പ്രിന്‍സിപ്പാളിനെ വിദ്യാര്‍ത്ഥികള്‍ ഉപരോധിക്കുകയും ചെയ്തു.
കോളേജിന്റെ പ്രധാന കവാടം പത്ത് മണിക്ക് തന്നെ അടയ്ക്കും. പിന്നീട് എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനമില്ല. ദൂര സ്ഥലങ്ങളില്‍നിന്നുമാണ് ഭൂരിബാഗം വിദ്യാര്‍ത്ഥികളും വരുന്നത്. 10 മണി എന്നതില്‍ നിന്നും ഒരു മിനിറ്റ് അങ്ങോട്ട് മാറിയാലും പ്രവേശനമില്ല. കുട്ടികളെ അകത്ത് കയറ്റിയാലും 10 മണി കഴിഞ്ഞാല്‍ വാഹനം അകത്തേക്ക് പ്രവേശിപ്പിക്കില്ല. രക്ഷിതാക്കള്‍ അദ്ധ്യാപകരെ കാണാനോ മക്കളുടെ വിദ്യാഭ്യാസ പുരോഗതി തിരക്കാനോ വന്നാലും 10 മണിക്ക് ശേഷം കയറ്റി വിടാറില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. അതേസമയം വര്‍ഷങ്ങളായി തുടരുന്ന നിയന്ത്രണങ്ങളും സംവിധാനങ്ങളും മാത്രമെ കോളേജിലുള്ളു എന്നും, ഇവ മാറ്റണമെങ്കില്‍ മാനേജ്‌മെന്റ് തല തീരുമാനം വേണമെന്നുമാണ് പ്രിന്‍സിപ്പില്‍ വില്‍സന്റ് നെറ്റോ പറയുന്നത്.
Post Your Comments