Prathikarana Vedhi

ഇറോം ശര്‍മ്മിളയോട് നന്ദികേട് കാണിച്ചത് മണിപ്പൂര്‍ ജനതയല്ല, ഒപ്പം നിന്ന പഴയ സമര സഖാക്കള്‍ തന്നെ

ഇറോം ശര്‍മിളക്ക് കിട്ടിയ 90 വോട്ട് മണിപ്പൂരി ജനതയുടെ പ്രബുദ്ധതക്കുറവാണെന്ന് പുച്ഛിക്കുന്നവരോടാണ്.
മലയാളി പ്രബുദ്ധതയില്‍ വല്ലാതെ അഭിമാനിക്കുന്നവരോടും.
അടിയന്തരാവസ്ഥ ഓര്‍മ്മയുണ്ടോ നിങ്ങള്‍ക്ക്?
പ്രതിപക്ഷത്തെ മുഴുവന്‍ ജയിലിലടച്ച്,
പാര്‍ലമെന്റിനെ വെറും നോക്കുകുത്തിയാക്കി,
എതിര്‍ത്തവര്‍ക്ക് മേലെല്ലാം മിസ ചുമത്തി,
മാധ്യമങ്ങളെ ഒന്നൊഴിയാതെ സെന്‍സര്‍ ചെയ്ത്,
ചോദ്യങ്ങളോരോന്നിനെയും ലാത്തി കൊണ്ടടിച്ചമര്‍ത്തി,
ഇന്ദിരാ ഗാന്ധി എന്ന ഏകാധിപതി ഈ രാജ്യത്തെ മുഴുവന്‍ തടവിലിട്ട രണ്ടു വര്‍ഷങ്ങള്‍?
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ തന്നെ കറുത്ത അധ്യായമായ അടിയന്തരാവസ്ഥ അവസാനിച്ചതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ ഈ പ്രബുദ്ധതയില്‍ നെഗളിക്കുന്ന മലയാളി പൊതുസമൂഹം വോട്ട് ചെയ്തതെങ്ങനെയാണ് എന്നോര്‍മ്മയുണ്ടോ നിങ്ങള്‍ക്ക്??
‘ജനാധിപത്യമോ ഏകാധിപത്യമോ എന്ന് തിരഞ്ഞെടുക്കാനുള്ള ഇന്ത്യന്‍ ജനതയുടെ അവസാന അവസരം’ എന്ന് വിശേഷിപ്പിക്കപ്പെട്ട 1977ലെയാ പൊതു തിരഞ്ഞെടുപ്പില്‍ അടിയന്തരാവസ്ഥക്കെതിരെ രൂപം കൊണ്ട പ്രതിപക്ഷ കക്ഷികളുടെ വിശാല സഖ്യമായ ജനതാ അലയന്‍സ് രാജ്യത്താകെ വിജയം നേടിയിരുന്നു.
തങ്ങള്‍ക്ക് മേല്‍ അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിച്ച കോണ്‍ഗ്രസിനെ ജനം കഠിനമായി ശിക്ഷിച്ചപ്പോള്‍ റായ് ബറേലിയില്‍ ഇന്ദിരാ ഗാന്ധിക്കും അമേട്ടിയില്‍ മകന്‍ സഞ്ജയ് ഗാന്ധിക്കും വരെ തോല്‍വി നേരിടേണ്ടി വന്നു.
കോണ്‍ഗ്രസിന്റെ എല്ലാ കാലത്തെയും വലിയ ശക്തി കേന്ദ്രമായിരുന്ന ഉത്തര്‍ പ്രദേശിലെ മുഴുവന്‍ സീറ്റിലും കോണ്‍ഗ്രസ് അക്കുറി പരാജയപ്പെടുകയാണുണ്ടായത്.
യു.പിയിലെ 85ല്‍ 85 സീറ്റും ബിഹാറിലെ 54ല്‍ 54 സീറ്റും മധ്യപ്രദേശിലെ 40ല്‍ 37 സീറ്റും വെസ്റ്റ് ബംഗാളിലെ 42ല്‍ 38 സീറ്റും ഡല്‍ഹിയിലെ 7ല്‍ 7 സീറ്റും രാജസ്ഥാനിലെ 25ല്‍ 24 സീറ്റും ജനതാ അലയന്‍സ് നേടി.
345 സീറ്റുകള്‍ നേടിയ ജനതാ സഖ്യം അധികാരത്തിലേറുകയും മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയാവുകയും ചെയ്തു.
പടിയിറങ്ങിയ ഇന്ദിരാ ഗാന്ധിക്ക് തുടര്‍ന്ന് ജയിലില്‍ വരെ പോവേണ്ടി വന്നു.
ഇന്ത്യന്‍ ജനത ഏകാധിപത്യത്തിനെതിരെയും ജനാധിപത്യത്തിന് അനുകൂലവുമായി ശക്തമായ നിലപാടെടുത്ത അടിയന്തരാവസ്ഥാനന്തര പൊതു തിരഞ്ഞെടുപ്പില്‍ പക്ഷെ കേരളം പിന്തുണച്ചത് ഇന്ദിരാ കോണ്‍ഗ്രസ്സിനെ തന്നെയാണ്.
അടിയന്തരാവസ്ഥാ അനുകൂല സഖ്യം 20ല്‍ 20 സീറ്റും നേടിയ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 11 സീറ്റിലും ജയിച്ച ഇന്ദിരാ കോണ്‍ഗ്രസ് തന്നെ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയുമായി.
പൊതു തിരഞ്ഞെടുപ്പിനൊപ്പം തന്നെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും 105 സീറ്റ് നേടിയ അടിയന്തരാവസ്ഥാ അനുകൂല സഖ്യം വിജയിക്കുകയും 38 സീറ്റുമായി കോണ്‍ഗ്രസ് തന്നെ ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയും ചെയ്തു.
അടിയന്തരാവസ്ഥാ വിരുദ്ധ പോരാളിയായ മൊറാര്‍ജി ദേശായി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിന്റെ തൊട്ടടുത്ത ദിവസം തന്നെയാണ് ഇന്ദിരയുടെ വലം കയ്യെന്ന് കുപ്രസിദ്ധനായ, അച്യുത മേനോന്‍ സര്‍ക്കാരിലെ ആഭ്യന്തര മന്ത്രിയായിരുന്ന് അടിയന്തരാവസ്ഥാ വിരുദ്ധ പ്രക്ഷോഭകരെ ദയയില്ലാതെ അടിച്ചമര്‍ത്തിയതിന്റെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ട, കക്കയം പോലീസ് ക്യാമ്പിലെ ക്രൂര പീഡനത്തിന് ശേഷം അപ്രത്യക്ഷനായ രാജന്റെ തിരോധാനത്തില്‍ പങ്കാരോപിക്കപ്പെട്ട കെ. കരുണാകരന്‍ കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.
പതിനായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു തൃശ്ശൂരിലെ മാള മണ്ഡലത്തില്‍ നിന്ന് കരുണാകരന്‍ ജയിച്ചത്.
ഇന്ത്യയുടെ ജനാധിപത്യ മനഃസാക്ഷി കാര്‍ക്കിച്ചു തുപ്പിയതാണ് മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധതയെ നോക്കി അന്ന്.
ആ നിലവാരത്തിലുള്ള പ്രബുദ്ധതയും കൊണ്ടാണ് നമ്മള്‍ മണിപ്പൂരിലെ ജനതയുടെ ബുദ്ധിക്ക് മാര്‍ക്ക് ഇടാന്‍ പോവുന്നത്.
ഈറോമിനെ തോല്‍പ്പിച്ചത് മണിപ്പൂരിന്റെ രാഷ്ട്രീയ പ്രബുദ്ധതയാണ് എന്ന് തിരിച്ചറിയാനുള്ള ശേഷി പോലും നമുക്കിപ്പോഴും ആയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
അവര്‍ക്ക് നിഷേധിക്കപ്പെട്ട ഓരോ വോട്ടും മേഖലയിലെ വിഘടനവാദത്തിന് എതിരെയുള്ളതും, അതിനെ ചെറുത്തു തോല്‍പ്പിക്കാനുള്ള രാജ്യത്തിന്റെ ശ്രമങ്ങളോട് ഐക്യപ്പെടുന്നതുമാണ്.
ഇറോമിന്റേത് വ്യക്തിപരമായി വലിയ ത്യാഗമാണ് എന്നത് കൊണ്ട് മാത്രം അവര്‍ പ്രതിധാനം ചെയ്ത രാഷ്ട്രീയം മഹത്തരമാകില്ല.
ത്യാഗം പോലും ശരിയായ ലക്ഷ്യം ഉദ്ദേശിച്ചുള്ളത് കൂടിയാവുമ്പോഴേ ശ്രേഷ്ഠമാവുകയുള്ളൂ.
അങ്ങനെയല്ലെങ്കില്‍ മത തീവ്രവാദി നടത്തുന്ന ചാവേര്‍ സ്‌ഫോടനം പോലും അതിലൊരു മനുഷ്യന്റെ ജീവത്യാഗവുമുണ്ട് എന്നതിനാല്‍ ശ്രേഷ്ഠമാവണം.
സ്വന്തം മന്ത്രിസഭയുടെ നിലനില്‍പ്പിനെ പോലും അപകടത്തിലാക്കിയും അഴിമതിക്കാരനായ ധനമന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിയും അതില്‍ സഹപ്രവര്‍ത്തകനോടുള്ള പ്രതിബദ്ധതയും വിശ്വസ്തതയും ത്യാഗവുമുണ്ട് എന്നതിനാല്‍ ശ്രേഷ്ഠമാവണം.
സഭയുടേയും പുരോഹിതന്റേയും അന്തസ്സ് സംരക്ഷിക്കാനായി മകള്‍ ഗര്‍ഭിണിയായതിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്ന പിതാവിന്റെ നടപടിയും അതിലും സ്വയം പീഡയും സഹനവും ത്യാഗവുമുണ്ട് എന്നതിനാല്‍ ശ്രേഷ്ഠമാവണം.
പക്ഷെ അതൊന്നും ശ്രേഷ്ഠമാവാത്തത് ആ ത്യാഗങ്ങളൊന്നും ശരിയായ ലക്ഷ്യങ്ങളെ ഉദ്ദേശിച്ചുള്ളതല്ലാത്തതിനാലും തെറ്റുകളെ സംരക്ഷിക്കാന്‍ വേണ്ടിയുള്ളവയായതിനാലുമാണ്.
ഈറോം നീണ്ട 16 വര്‍ഷം പട്ടിണി സമരത്തിലേര്‍പ്പെട്ടതില്‍ വ്യക്തിപരമായ വലിയ ത്യാഗമുണ്ട് എന്നത് അംഗീകരിക്കുമ്പോഴും ആ സമരം രാജ്യത്തിന്റെ ഐക്യത്തേയും അഖണ്ഡതയേയും പരമാധികാരത്തെയും ചോദ്യം ചെയ്യുന്ന വിഘടനവാദത്തെ ഇല്ലായ്മ ചെയ്യാനുള്ള സൈനിക നടപടിക്കെതിരായിരുന്നു എന്ന വസ്തുത അവിടെ നിലനില്‍ക്കുന്നുണ്ട്.
അതുകൊണ്ടാണത് ത്യാഗമാവുമ്പോഴും അതില്‍ മഹത്തരമായി ഒന്നുമില്ലാതാവുന്നത്.
പ്രബുദ്ധരെന്ന് സ്വയം വിളിക്കുന്ന പൈങ്കിളികള്‍ക്കത് മനസിലാവണമെന്നില്ല.
എന്നാല്‍ യഥാര്‍ത്ഥ പ്രബുദ്ധത തീര്‍ച്ചയായും അത് തിരിച്ചറിയുക തന്നെ ചെയ്യും.
ഈറോമിനോട് സത്യത്തില്‍ ആരെങ്കിലും നന്ദികേട് കാണിച്ചിട്ടുണ്ടെങ്കില്‍ അത് അവരെ അനവധി വര്‍ഷം പൗരാവകാശ സമരങ്ങളുടെ മുഖമായി കൊണ്ടാടുകയും ഒടുവിലവര്‍ നിരാഹാരം അവസാനിപ്പിക്കാന്‍ തീരുമാനിച്ച നിമിഷം നിഷ്‌കരുണം കയ്യൊഴിക്കുകയും ചെയ്ത എന്‍.ജി.ഓ ലോബികളാണെന്നതാണ് സത്യം.
സമരം പിന്‍വലിക്കുമ്പോള്‍ ഈറോം പറഞ്ഞത്, ‘ഞാന്‍ ഉരുക്കു വനിതയൊന്നുമല്ല, ഒരു മനുഷ്യ ജീവിയാണ്. എന്നാല്‍ ചിലരെന്നെയൊരു സമര പ്രതീകമായി ഉപയോഗിക്കാനാണ് ശ്രമിച്ചത്. അവര്‍ക്ക് വേണ്ടത് ഒരു രക്തസാക്ഷിയെ മാത്രമായിരുന്നു.’ എന്നാണ്.
താന്‍ ഇത്രയും കാലം ചിലരുടെ കയ്യിലെ കളിപ്പാവയായി വഞ്ചിക്കപ്പെടുകയായിരുന്നു എന്ന തിരിച്ചറിവിന്റെ മുഴുവന്‍ വേദനയും ആ വാക്കുകളിലുണ്ടായിരുന്നു.
തൊട്ടടുത്ത ദിവസം ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന റിപ്പോര്‍ട്ട് ‘Icon of Rights Movement; a lonely figure in Manipur today’ എന്നായിരുന്നുവെന്ന് ഇപ്പോഴും നല്ല ഓര്‍മയുണ്ട്.
അതു വരെ അവരെ പിന്തുണച്ച ‘സകല്‍’ അടക്കമുള്ള എന്‍.ജി.ഓകളൊക്കെ അവരെ കൈവിട്ടിരുന്നു.
അവര്‍ക്ക് താമസിക്കാനൊരു വാടക വീട് നല്‍കാന്‍ പോലും ആരും കൂട്ടാക്കിയിരുന്നില്ല.
അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തോട് സഹകരിക്കാന്‍ പഴയ കൂട്ടാളികള്‍ ഒന്നും തയ്യാറായില്ല.
ഒരുപക്ഷേ ഈറോമിന്റെ സമരപന്തലില്‍ ദിവസേന കൂടെയുണ്ടായിരുന്നവര്‍ മാത്രം അവര്‍ക്ക് വോട്ട് ചെയ്തിരുന്നെങ്കില്‍ പോലും മൂന്നക്കം തികയ്ക്കാന്‍ അവര്‍ക്ക് പ്രയാസമുണ്ടാവുമായിരുന്നില്ല.
ഈറോമിനോട് നന്ദികേട് കാണിച്ചത് മണിപ്പൂരിലെ ജനങ്ങളൊന്നുമല്ല.
അവരെ വേണ്ടോളം ഉപയോഗിച്ച് വേണ്ടാതായപ്പോള്‍ വലിച്ചെറിഞ്ഞ അവരുടെ പഴയ സമര സഖാക്കള്‍ തന്നെയാണ്.
ഇറോം ശര്‍മിളക്കും രാഹുല്‍ ഗാന്ധിക്കും ഹിലാരി ക്ലിന്റനുമൊക്കെ ഒരുപോലെ അവകാശപ്പെടാവുന്ന എന്തെങ്കിലും പ്രത്യേകതയുണ്ടെങ്കിലത്,
ഇടത്-ലിബറല്‍-മാധ്യമ പ്രൊപ്പഗണ്ടകളിളൊന്നും ജനങ്ങള്‍ വീണുപോവില്ല എന്ന വസ്തുത ഒരുപോലെ തെളിയിച്ചവരാണവരെല്ലാം എന്നതാവും.
ഇവരെല്ലാം ചേര്‍ന്ന് ഇത്രയേറെ വ്യാജ കോലാഹലം സൃഷ്ടിച്ചാലും ജനങ്ങള്‍ കാര്യങ്ങള്‍ വൃത്തിയായി മനസ്സിലാക്കുന്നുണ്ട്.
മണിപ്പൂരില്‍ അഫ്സ്പ നിലവിലുണ്ടെങ്കില്‍ അഫ്‌സ്പയെ അനിവാര്യമാക്കിയ സാഹചര്യവും മണിപ്പൂരിലുണ്ട് എന്നവര്‍ക്കറിയാം.
അഫ്സ്പ പിന്‍വലിക്കാന്‍ ചെയ്യേണ്ടത് ഭരണകൂടത്തിനെതിരെ പട്ടിണി സമരം നടത്തുകയല്ല, മറിച്ച് മേഖലയിലെ വിഘടനവാദത്തെ ഇല്ലാതാക്കുകയും, ഇന്ത്യയുടെ അഖണ്ഡതയോടുള്ള പ്രതിബദ്ധത ഉറക്കെ പ്രഖ്യാപിക്കുകയും ആണെന്ന് അവര്‍ക്ക് നല്ല ബോധ്യവുമുണ്ട്.
അതിനാലാണവര്‍ ജനാധിപത്യത്തെ ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ മുന്നോട്ടു വന്നിരിക്കുന്നത്.
ഇറോം ശര്‍മിളയെ നോട്ടക്കും പിറകിലാക്കുക വഴി അവര്‍ നടത്തിയിരിക്കുന്നത് വ്യക്തമായൊരു രാഷ്ട്രീയ പ്രസ്താവന തന്നെയാണ്.
വിഘടനവാദത്തോട് തങ്ങള്‍ക്ക് യാതൊരു മൃദു സമീപനവുമില്ലെന്നും, അതുള്ളവരും ഉണ്ടായിരുന്നവരും പോലും ഞങ്ങളുടെ സമ്മതിയുള്ളവരല്ല എന്നുമാണാ പ്രസ്താവന.
അഞ്ച് സംസ്ഥാനങ്ങളിലെ തോല്‍വിയുടെ ജാള്യത മറയ്ക്കാന്‍ ഇറോമിന് കിട്ടാത്ത വോട്ടിലേക്ക് മാത്രമായി ചര്‍ച്ചയെ ചുരുക്കി, കേരളിത്തിന് പുറത്തുള്ളവരെല്ലാം പൊതുവേ പ്രബുദ്ധത കുറവുള്ളവരാണെന്ന് സ്ഥാപിച്ച്, തങ്ങളുടെ പരാജയത്തെ കൂടി ആ പൊതു പ്രബുദ്ധതക്കുറവില്‍ വകയിരുത്തി സ്വയം സമാധാനിപ്പിക്കുന്നവരോട് തന്നെയാണ്.
മണിപ്പൂരിന്റെ പ്രബുദ്ധതയളക്കാന്‍ നമ്മളിപ്പോഴും ആയിട്ടില്ല.

 

shortlink

Post Your Comments


Back to top button