തിരുവനന്തപുരം : കൊച്ചിയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി വിദ്യാര്‍ത്ഥിനിയായിരുന്ന മിഷേലിന്റെ മരണത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസയില്‍ പറഞ്ഞു. ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മിഷേലിന്റെ മരണം അന്വേഷിക്കുന്നതില്‍ പൊലീസിന് വീഴ്ച വന്നുവെന്ന ആരോപണത്തെ കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പിറവം ഇലഞ്ഞി പെരിയപ്പുറം സ്വദേശിനി മിഷേലിന്റെ മൃതദേഹം ഈമാസം ആറിനാണ് കൊച്ചി കായലില്‍ എറണാകുളം വാര്‍ഫിന് സമീപം കണ്ടെത്തിയത്. തലേന്ന് ഹോസ്റ്റലില്‍ നിന്ന് കലൂര്‍ പള്ളിയില്‍ പോയ മിഷേലിനെ മരിച്ച നിലയിലാണ് പിന്നീട് കണ്ടെത്തിയത്. മിഷേല്‍ലിനെ കാണാതായത് സംബന്ധിച്ച് അഞ്ചാം തീയതി പരാതി നല്‍കിയിട്ടും കേസ് എടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ അനൂപ് ജേക്കബ് പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് നിന്ന് തികഞ്ഞ അനാസ്ഥയാണ് ഉണ്ടാവുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം മിഷേല്‍ മുങ്ങിയാണ് മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊലീസിന് ഏതെങ്കിലും തരത്തിലുള്ള വീഴ്ച വന്നിട്ടുണ്ടെങ്കില്‍ അതേക്കുറിച്ച് അന്വേഷിച്ച് ഉചിതമായ നടപടി എടുക്കുമെന്നും പിണറായി പറഞ്ഞു.
Post Your Comments