ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന മലപ്പുറം പാര്‍ലമെന്റ് സീറ്റില്‍ ഇടതുസ്ഥാനാര്‍ഥി നിര്‍ണയം അന്തിമഘട്ടത്തിലേക്ക്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മത്സരിച്ചേക്കുമെന്ന് ഏറെക്കുറെ ഉറപ്പായതോടെ അദ്ദേഹത്തിനെതിരേ നിര്‍ത്താന്‍ കരുത്തനായ ഒരാളെയാണ് സി.പി.എം തിരയുന്നത്. ആ ചര്‍ച്ചകളില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗമായ അഡ്വ.ടി.കെ റഷീദലി, ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ പ്രസിഡന്റ് എം.ബി ഫൈസല്‍, ജില്ലാ സെക്രട്ടറി പി.കെ അബ്ദുള്ള നവാസ്, എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി സാനു, ഇടതുസഹയാത്രികനായ മുസ്ലീം മത പ്രഭാഷകന്‍ മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി എന്നിവരുടെ പേരാണ് ആദ്യഘട്ടത്തില്‍ സജീവമായി കേട്ടിരുന്നത്. ഇവര്‍ക്കൊപ്പം മുന്‍ എം.പി ടി.കെ ഹംസയേയും മുന്‍ എം.എല്‍.എ വി.ശശികുമാറിനെയും പരിഗണിക്കുന്നുണ്ട്. സംവിധായകന്‍ കമലിനെയും പാര്‍ട്ടി സമീപിച്ചിരുന്നു. എന്നാല്‍ ആ ചര്‍ച്ചകളിലേക്ക് ഏറ്റവും ഒടുവില്‍ കേള്‍ക്കുന്ന പേരാണ് നടന്‍ മമ്മൂട്ടിയുടേത്. സി.പി.എം സഹയാത്രികനായ മമ്മൂട്ടിയെ സ്ഥാനാര്‍ഥിയാക്കണമെന്ന് സി.പി.എമ്മില്‍ സജീവമായ ചര്‍ച്ച ഉയര്‍ന്നിട്ടിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ ഇതുസംബന്ധിച്ചു മമ്മൂട്ടിയുമായി ചര്‍ച്ച നടത്തി. എന്നാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നാണ് മമ്മൂട്ടിയുടെ നിലപാട്. ഇക്കാര്യം പാര്‍ട്ടിയെ മമ്മൂട്ടി അറിയിച്ചിട്ടുണ്ട്. എന്നാല്‍ വിശദമായി ആലോചിച്ചശേഷം തീരുമാനമെടുത്താല്‍ മതിയെന്നാണ് സി.പി.എം മമ്മൂട്ടിയെ അറിയിച്ചിരിക്കുന്നത്. ലീഗിന്റെ ഉറച്ച കോട്ടയില്‍ വിജയ പ്രതീക്ഷ ഇല്ലെന്നും മമ്മൂട്ടി നേതാക്കളോട് വ്യക്തമാക്കിയിട്ടുണ്ട്. മലപ്പുറത്ത് പരാജയപ്പെട്ടു കഴിഞ്ഞാല്‍ കേരളത്തില്‍ നിന്നും അടുത്ത് ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് മമ്മൂട്ടിക്ക് നല്‍കാം എന്നും സി.പി.എം വാഗ്ദാനം നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
Post Your Comments