KeralaNews

മൂലമറ്റം പവര്‍ഹൗസിനു സമീപം വന്‍ സ്‌ഫോടകശേഖരം

മൂലമറ്റം: പവര്‍ഹൗസിനു സമീപം നിരോധിത മേഖലയില്‍ സ്‌ഫോടകശേഖരം കണ്ടെത്തി. പവര്‍ ഹൗസിന്റെ ജലാറ്റിന്‍ സ്റ്റിക്, പശ, കേപ്, ഇലക്ട്രിക് വയറുകള്‍, ബാറ്ററി തുടങ്ങിയവ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിനോടു ചേര്‍ന്നുള്ള ഷെഡിലാണ് കണ്ടെത്തിയത്.

സ്‌ഫോടക ശേഖരം ആദ്യം കണ്ടത് സബ് എന്‍ജിനീയറാണ്. ഉടന്‍ അസി. എന്‍ജിനീയറെ വിവരമറിയിച്ചു. തുടര്‍ന്ന് കാഞ്ഞാറില്‍നിന്ന് എസ്.ഐ: സാബു എന്‍. കുര്യന്‍, എ.എസ്.ഐ: ഇ.എം ഷാജി എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് എത്തി പരിശോധന നടത്തി. സമീപവാസികെളയും ഓഫീസിലുള്ളവരെയും ചോദ്യം ചെയ്തു. സി.ഐ: മാത്യു ജോര്‍ജ്, തൊടുപുഴ ഡിവൈ.എസ്.പി: എന്‍.എന്‍ പ്രസാദ് എന്നിവരും സ്ഥലത്തെത്തി. പോലീസ് ജലാറ്റിന്‍ സ്റ്റിക്കും മറ്റുപകരണങ്ങളും കസ്റ്റഡിയിലെടുത്തു. സ്‌റ്റേഷനില്‍ സൂക്ഷിക്കാന്‍ നിയമം അനുവദിക്കാത്തതിനാല്‍ ഇവ അഞ്ചിരി സെന്റ് മാര്‍ട്ടിന്‍ പാറമടയുടെ ഗോഡൗണിലേക്കു മാറ്റി.

ഇന്ന് ഇടുക്കിയില്‍നിന്ന് ബോംബ് സ്‌ക്വാഡ് എത്തി പരിശോധന നടത്തും. മൂലമറ്റം കനാലിലും മലങ്കര ജലാശയത്തിലും തോട്ട ഇട്ട് മീന്‍ പിടിക്കുന്നത് പതിവാണ്. ഇതിനായി കൊണ്ടുവന്നതാണോ സ്‌ഫോടകവസ്തുക്കളെന്നും സംശയിക്കുന്നുണ്ട്. പവര്‍ഹൗസ് മുതല്‍ കനാല്‍ വരെയുള്ള ഭാഗങ്ങള്‍ നിരോധിത മേഖലയാണ്. ഇവിടെ സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചതിന് ജാമ്യമില്ലാവകുപ്പു പ്രകാരമാണ് കേസെന്ന് എസ്.ഐ: സാബു എന്‍.കുര്യന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button