“വര്‍ഗ്ഗീയത”യെന്ന തുറുപ്പുചീട്ട് കേരളത്തിലെ രാഷ്ട്രീയസംഘടനകള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ് .വോട്ടുബാങ്ക് ലക്ഷ്യംവച്ചിട്ടുള്ള ഈ തീക്കളി ഏറെ കളിച്ചവരാണ് ഇവിടുത്തെ രാഷ്ട്രീയ നേതാക്കള്‍.ഒരുവശത്ത് മതേതരത്വം എന്ന വിശുദ്ധപശുവിനെ മുന്‍നിറുത്തി മറുപുറത്ത് വര്‍ഗ്ഗീയതയെന്ന കാളകൂടവിഷം കറന്നെടുക്കുന്ന ഇക്കൂട്ടര്‍ ലക്ഷ്യമിടുന്നത് രാഷ്ട്രീയമുതലെടുപ്പ് മാത്രമാണ് .ഇത്തരത്തിലൊരു രാഷ്ട്രീയ മുതലെടുപ്പ് ഈയടുത്ത ദിവസം നടത്താന്‍ നോക്കിയത് മറ്റാരുമല്ല ,നമ്മുടെ രമേശ് ചെന്നിത്തലയാണ് .പക്ഷേ ഒരുപാട് വര്‍ഗ്ഗീയ മുതലെടുപ്പ് കണ്ടതുകൊണ്ടാവണം ജനങ്ങള്‍ അതിനു വേണ്ടത്ര ശ്രദ്ധ കൊടുത്തില്ല .അക്ഷരാര്‍ഥത്തില്‍ അതൊരു നനഞ്ഞ ഏറുപടക്കം പോലെയായിപോയി . ശഹര്‍ബാനയുടെ തട്ടം മാറ്റിപ്പിച്ച നടപടിയെ മതേതരഭാരതത്തിന്റെ മൂല്യങ്ങള്‍ക്കെതിരും അപമാനവുമെന്നു പറഞ്ഞ ചെന്നിത്തല നേതാവ് ഇന്നലെ ഗുരുവായൂരിലെ പ്രസാദ ഊട്ടിന്റെ പരാമര്‍ശവുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവന സാംസ്കാരിക കേരളത്തിന്റെ മതേതരത്വത്തെ ഊട്ടി ഉറപ്പിച്ച അത്ഭുത കാഴ്ചയ്ക്ക് കേരളം സാക്ഷിയായി .അതാണ് പറയുന്നത് കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന്..
വനിതാദിനത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ ഏറെ പ്രാധാന്യം കൊടുത്തൊരു വാര്‍ത്തയായിരുന്നു പ്രധാനമന്ത്രി പങ്കെടുത്ത സ്വച്ഛശക്തി ക്യാമ്പിലെ സുരക്ഷാപരിശോധനയും അതുമായി ബന്ധപ്പെട്ടു കേരളത്തിലെ വനിതപ്രതിനിധികളായ മൂന്നു മുസ്ലീം വനിതകള്‍ നേരിട്ട പ്രതിസന്ധിയും .”തട്ട”മിട്ടതു കൊണ്ട് മാത്രം ആ വനിതാപ്രതിനിധികളെ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്‍ നിന്നും ഒഴിവാക്കിയെന്ന വാര്‍ത്ത ചില മാധ്യമങ്ങളെങ്കിലും ഇവിടെ ആഘോഷിച്ചു.എന്നാല്‍ മാധ്യമങ്ങള്‍ തലക്കെട്ടില്‍ കൊടുത്ത “തട്ടം” അഥവാ ശിരോവസ്ത്രം എന്ന വര്‍ഗ്ഗീയ സിംബല്‍ അല്ലായിരുന്നു യഥാര്‍ത്ഥ കാരണം .അവിടെ വിലക്കുണ്ടായിരുന്നത് തട്ടം അഥവാ ശിരോവസ്ത്രത്തിനായിരുന്നില്ല.മറിച്ച് കറുത്ത വസ്ത്രത്തിനായിരുന്നു . ഓരോ വി.വി.ഐ.പി കളുടെയും പരിപാടികളുടെ സുരക്ഷാ മാനദണ്ഡങ്ങൾ തീരുമാനിക്കുന്നത് പല തലത്തിൽ ഉള്ള സുരക്ഷാ ഏജൻസികളാണ് . ഇവിടെ കറുത്ത നിറത്തിൽ ഉള്ള വസ്ത്രധാരണത്തിന് വിലക്കുണ്ടായിരുന്നു . കൃത്യമായ മാർഗനിർദ്ദേശങ്ങൾ പരിപാടിയിൽ പങ്കെടുക്കുന്നവരെ മുൻകൂർ അറിയിച്ചിട്ടും ഉണ്ടായിരുന്നു .ഇനി ഈ കറുത്ത വസ്ത്രത്തിനോടുള്ള വിലക്കില്‍ വര്‍ണ്ണവിവേചനം കണ്ടെത്തുന്നവരുണ്ടാകും .കരിങ്കൊടി കാണിക്കല്‍ ഇപ്പോള്‍ പ്രതിഷേധപരിപാടികളിലെ പ്രധാനപ്പെട്ട ഐറ്റം ആയതുകൊണ്ടാണ് അത്തരത്തിലുള്ള വിലക്ക് കറുത്ത വസ്ത്രത്തിനെതിരെ ഉണ്ടാകാന്‍ കാരണം .അല്ലാതെ പുരോഗമനവാദികള്‍ പ്രധാനമന്ത്രിക്ക് നേരെ വീശാന്‍ ഉപയോഗിക്കുന്ന ആയുധമായ സവര്‍ണ്ണ മനോഭാവം കൊണ്ടൊന്നുമല്ല .ഈ തട്ടം മാറ്റിപ്പിച്ച വാര്‍ത്ത വെറുമൊരു വിവാദമുണ്ടാക്കല്‍ മാത്രമായിരുന്നു.പിന്നെ കേരളത്തിൽ കൊടുക്കുന്ന വാർത്തയാകുമ്പോള്‍ അതില്‍ ലേശം “മതേതരത്വം” വേണമെന്നുള്ളതുക്കൊണ്ട് മാത്രം നമ്മുടെ പത്രങ്ങളും ചാനലുകളും വാര്‍ത്തയെ വളച്ചൊടിച്ചു.അതാണല്ലോ ഇപ്പോഴത്തെ പത്രധര്‍മ്മവും .റേറ്റിംഗ് ലാക്കാക്കിയുള്ള മാധ്യമങ്ങളുടെ ഈ ദുഷ്പ്രവണത നമുക്ക് മനസ്സിലാക്കാം .പക്ഷേ മനസ്സിലാവാത്തത് വര്‍ഗ്ഗീയതയെന്ന തുറുപ്പുചീട്ട് കേവലം രാഷ്ട്രീയ ലാഭത്തിനുവേണ്ടി സമര്‍ത്ഥമായി എടുത്തെറിയുന്ന ചെന്നിത്തലയുടെ ആദര്‍ശത്തെയാണ്. “തട്ട”മെന്ന വര്‍ഗ്ഗീയ ഐക്കണ്‍ സമര്‍ത്ഥമായി എറിയാന്‍ ശ്രമിച്ച ചെന്നിത്തലയോട് കുറെയേറെ ചോദ്യങ്ങള്‍ ചോദിക്കാനുണ്ട് .
പ്രധാനമന്ത്രി മോദിയെ വര്‍ഗ്ഗീയവാദിയെന്നും ബി ജെ പിയെ വര്‍ഗ്ഗീയ പാര്‍ട്ടിയെന്നും തരാതരം അധിക്ഷേപിക്കുന്ന അങ്ങ് പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയില്‍ വര്‍ഗ്ഗീയതയില്ലെന്നു ചൂണ്ടികാണിക്കുവാന്‍ അങ്ങേയ്ക്ക് കഴിയുമോ ??നിയമസഭയില്‍ ഇന്നലെ ഗുരുവായൂര്‍ വിഷയത്തെ പ്രതി അബ്ദുള്‍ഖാദര്‍ എം എല്‍ എയ്ക്കെതിരെ അങ്ങ് നടത്തിയ പരാമര്‍ശം അല്ലേ തീര്‍ത്തും വര്‍ഗ്ഗീയം ??പ്രസാദ ഊട്ടിനെക്കുറിച്ച് അവിടുത്തെ എം എല്‍ എ ആയ അബ്ദുള്ഖാദര്ക്ക് സംസാരിക്കാന്‍ അവകാശമില്ലെന്നു താങ്കള്‍ പറഞ്ഞത് താങ്കളുടെ ഉള്ളിലുള്ള കൊടിയ വര്‍ഗ്ഗീയവാദം മറ നീക്കി പുറത്തുവന്നതുകൊണ്ട് മാത്രമാണെന്ന് ഞങ്ങള്‍ ജനങ്ങള്‍ പറഞ്ഞാല്‍ അത് നിഷേധിക്കാന്‍ താങ്കള്‍ക്ക് കഴിയുമോ ??ഈ താങ്കളാണോ തട്ടവുമായി ബന്ധപെട്ട വിഷയത്തില്‍ മതേതരത്വം കൂട്ടിയിണക്കാന്‍ ശ്രമിച്ചത് ??ഇനി നിങ്ങളുടെ പാര്‍ട്ടി കാലാകാലങ്ങളായി നടത്തുന്ന ന്യൂനപക്ഷപ്രീണനത്തെക്കുറിച്ചും ചിലത് ചോദിക്കാനുണ്ട്.കോണ്‍ഗ്രസ് മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോഴൊക്കെ വിദ്യാഭ്യാസ വകുപ്പ് കൈയ്യാളിയത് ഏതു മതത്തില്‍പ്പെട്ട മന്ത്രിമാരായിരുന്നു ??മുസ്ലീം ലീഗിന്റെ കുത്തകയായി മാറിയ ആ വകുപ്പിനെ കുറിച്ച് താങ്കള്‍ക്ക് എന്തെങ്കിലും പറയാനുണ്ടോ ??ഇതര മതങ്ങളിലെ മന്ത്രിമാര്‍ക്ക് വിദ്യാഭ്യാസ മന്ത്രിയായിട്ടിരിക്കാന് തക്ക യോഗ്യതയില്ലെന്ന് താങ്കളുടെ പാര്‍ട്ടി കരുതുന്നുണ്ടോ ?? സുരക്ഷാഭീക്ഷണി നേരിടുന്ന പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട കറുത്ത വസ്ത്രത്തോടുള്ള വിലക്കിനെ മതേതരത്വവുമായി കൂട്ടിയോജിപ്പിച്ച അങ്ങ് രാജീവ്ഗാന്ധിയെന്ന പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ ദാരുണമരണത്തെയും ഓര്‍ക്കുന്നുണ്ടോ ??സുരക്ഷാപാളിച്ചയൊന്നുക്കൊണ്ട് മാത്രമാണ് ഇന്ത്യ കണ്ട കഴിവുറ്റ ആ യുവനേതാവിനെ തനുവെന്ന മനുഷ്യബോംബിനു നിഷ്കരുണം കൊലപ്പെടുത്താന്‍ കഴിഞ്ഞത് .ശഹര്ബാനയോടും കൂടെവന്നവരോടും തട്ടം ഉപയോഗിക്കരുതെന്ന് ആരും പറഞ്ഞില്ലല്ലോ .മറിച്ച് കറുത്ത തട്ടം മാറ്റണമെന്ന് മാത്രമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞത് .മറ്റു നിറങ്ങളിലുള്ള ഹിജാബ് ഉപയോഗിക്കുന്നതിനു അവിടെ യാതൊരുവിധ വിലക്കുകളുമുണ്ടായിരുന്നില്ല.ഈ വാര്‍ത്തയുടെ നിജസ്ഥിതി അറിയാമായിരുന്നിട്ടുകൂടി അതിലെ തട്ടമെന്ന വാക്കില്‍ പിടിച്ചുതൂങ്ങി വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന അങ്ങയോക്കെയാണല്ലോ മതേതരത്വത്തിന്റെ അപ്പോസ്തലന്മാര് എന്നുള്ളതാണ് കേരളജനതയുടെ ആശ്വാസം .താങ്കളുടെ പാര്‍ട്ടി കാലാകാലങ്ങളായി മാറി മാറി ഭരിച്ച കേരളത്തിലെ കനകമലയില്‍ ആയിരുന്നു ഐ സി സ് സാന്നിധ്യം.അതെന്തുകൊണ്ടാണെന്ന് അങ്ങ് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?? ഇവിടുത്തെ മതേതരത്വമെന്ന കള്ളനാണയവും വോട്ടുബാങ്ക് രാഷ്ട്രീയവുമാണ് തീവ്രവാദത്തിനു വളരാന്‍ പറ്റിയ വളക്കൂറുള്ള മണ്ണെന്നു അരാജകത്വവാദികള്‍ പണ്ടേ തിരിച്ചറിഞ്ഞിട്ടുണ്ട് .താങ്കളെ പോലെയുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇവിടെ വളര്‍ന്നുവരുന്ന തീവ്രവാദത്തിനെതിരെ എന്ത് നടപടിയാണ് എടുത്തത് ??ശഹബാനയുടെ തട്ടം മാറ്റിയിടലിനെ വേദനയോടെ കണ്ട താങ്കള്‍ പിഞ്ചുകുഞ്ഞുങ്ങളുടെ തൂങ്ങിയാടിയ ശരീരങ്ങളെ എന്തുകൊണ്ട് കണ്ടില്ല?? .ശഹബാനയുടെ തട്ടം താങ്കളിലെ മതേതരവാദിയെ ഉണര്‍ത്തിയപ്പോള്‍ വാളയാറിലെ അമ്മയുടെ കണ്ണുനീര് എന്തുകൊണ്ട് നിങ്ങളിലെ മനുഷ്യനെ ഉണര്‍ത്തുന്നില്ല ??
കേരളം മതസൌഹാര്‍ദത്തിന്റെ കേളികൊട്ട് ഉണര്‍ത്തുന്ന നാടാണ് . വര്‍ഗീയതയെന്ന കാളിയനെ പലപ്പോഴായി തറപ്പറ്റിച്ച ഗോപാലന്മാരാണ് ഇവിടുത്തെ മുതല്‍ക്കൂട്ട് .കോണ്‍ഗ്രസ് പാര്‍ട്ടിയെന്ന മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിനെ കരയ്ക്കുകയറ്റാന്‍ ശ്രമിക്കേണ്ടത് ജനതയ്ക്കൊപ്പം ജനകീയവിഷയങ്ങളില്‍ നിന്നുക്കൊണ്ടാണ് .അല്ലാതെ പലതും തിരിച്ചറിഞ്ഞു കഴിഞ്ഞ പൊതുജനത്തിനെ കഴുതകളാക്കാന്‍ ഇനിയും ശ്രമിച്ചാല്‍ ഇനി വരുന്നൊരു തലമുറയ്ക്ക് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ കുറിച്ച് അറിയണമെങ്കില്‍ ചരിത്രപുസ്തകം തപ്പേണ്ട ഗതികേട് വന്നെന്നിരിക്കും .
Post Your Comments