കോഴിക്കോട്: കേരളത്തിലെ കുട്ടികൾക്ക് കേന്ദ്ര സർക്കാർ ജോലിക്ക് അപേക്ഷിക്കാൻ സാധിക്കില്ല. ദേശീയ നൈപുണ്യയോഗ്യതാ ചട്ടക്കൂടില്‍ കേരളം ഉള്‍പ്പെടാത്തതിനാലാണ് അവസരം നഷ്ടമാകുന്നത്. ഒമ്പതുമുതല്‍ പ്ലസ്ടുവരെ ക്ലാസുകളെ ദേശീയതലത്തില്‍ ഒരുകുടക്കീഴിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് ദേശീയ നൈപുണ്യയോഗ്യതാ (എന്‍.എസ്.ക്യു.എഫ്.). പദ്ധതിയനുസരിച്ച് ഒമ്പതുമുതല്‍ പ്ലസ്ടുവരെയുള്ള വിദ്യാര്‍ഥി, നാലുതലത്തിലായി ഒരു തൊഴില്‍ പഠിക്കണം. കൃഷി, ഡി.ടി.പി., അക്കൗണ്ടിങ്, ഫിനാന്‍ഷ്യല്‍ സര്‍വീസ് തുടങ്ങി 48 തൊഴിലുകള്‍ സിലബസിലുണ്ട്. 2018-നുള്ളില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ കേന്ദ്രസ്ഥാപനങ്ങളിലും അന്യസംസ്ഥാനങ്ങളിലും തുടര്‍പഠനത്തിനുള്ള സാധ്യതയും കേരളത്തിലെ കുട്ടികള്‍ക്ക് നഷ്ടപ്പെടും.
സിലബസ് തയ്യാറാക്കിയത് ഭോപ്പാലിലെ പി.എസ്.എസ്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൊക്കേഷണല്‍ എജ്യുക്കേഷനാണ്. ഭൂരിപക്ഷം സംസ്ഥാനങ്ങളും ഇത് നടപ്പാക്കിക്കഴിഞ്ഞു. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാസ്ഥാപനങ്ങളിലും വരുന്ന ഒഴിവുകളില്‍ പ്ലസ്ടുവരെ യോഗ്യതയുള്ള തസ്തികകള്‍ക്ക് അപേക്ഷിക്കാന്‍ എന്‍.എസ്.ക്യു.എഫ്. യോഗ്യത നിര്‍ബന്ധമാക്കും. രാഷ്ട്രപതിഭവനിലേക്ക് മാലിഗ്രേഡ് മൂന്ന് തസ്തികയില്‍ 70 ഒഴിവിലേക്ക് ജനുവരി 30ന് അപേക്ഷ ക്ഷണിച്ചപ്പോള്‍ എന്‍.എസ്.ക്യു.എഫ്. ലെവല്‍ നാല് സര്‍ട്ടിഫിക്കറ്റാണ് യോഗ്യത ചോദിച്ചത്.
താമസിക്കാതെ തന്നെ യു.പി.എസ്.സി.യും ഇത് നടപ്പാക്കും. പുതിയ പാഠ്യക്രമപ്രകാരം റിക്രൂട്ട്‌മെന്റ് നയം മാറ്റണമെന്ന് കേന്ദ്രസര്‍ക്കാര്‍ യു.പി.എസ്.സി.യോട് ആവശ്യപ്പെട്ടിട്ടുണ്ട്. നടപ്പായാല്‍ റെയിൽവേ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ തൊഴിലവസരങ്ങളും കേരളത്തിലുള്ളവർക്ക് നഷ്ടമാവും. ടെക്‌നിക്കല്‍, വൊക്കേഷണല്‍, ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് നിലവില്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് ഫണ്ട് ലഭിക്കുന്നുണ്ട്. 2017-നുള്ളില്‍ എന്‍.എസ്.ക്യു.എഫ്. നടപ്പാക്കിയില്ലെങ്കില്‍ ഫണ്ട് നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. 2018-ല്‍ 30 വി.എച്ച്.എസ്.സി.കളില്‍ ആദ്യഘട്ടത്തില്‍ എന്‍.എസ്.ക്യു.എഫ്. പദ്ധതി നടപ്പാക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
Post Your Comments