East Coast SpecialNewsWomenPen Vishayam

ഈ വനിതാദിനത്തിൽ നമ്മളോരോരുത്തരും ഓർമ്മിക്കേണ്ടതും ഓർമ്മിപ്പിക്കേണ്ടതും

Liji Raju 

ഇന്ന് മാര്‍ച്ച് 8. ലോക വനിതാ ദിനം. ദേശത്തിന്റെ അതിരുകൾക്കപ്പുറത്ത്, ലോകത്തെമ്പാടുമുള്ള വനിതകളുടെ കരുത്തിനെ ഓർമ്മിപ്പിക്കാൻ ഒരു ദിനം കൂടി എത്തിയിരിക്കുകയാണ്. ഓരോ വനിതാദിനവും ലോകത്തിന് നൽകുന്നത് ഒരു ഓർമ്മപ്പെടുത്തലാണ്. ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താന്‍ സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെയും വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേല്‍ വരിച്ച വിജയത്തിന്റെയും ഓര്‍മ്മപ്പെടുത്തലാണ് അന്താരാഷ്ട്ര വനിതാ ദിനം. 1857 മാർച്ച്, 8 ന്, ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത് . തുണിമില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ കുറഞ്ഞ ശമ്പളത്തിനെതിരെയും അതിദീര്‍ഘമായ തൊഴില്‍ സമയത്തിനെതിരെയും സംഘടിച്ച് ശബ്ദമുയർത്തിയപ്പോൾ, സഹനത്തിന്റെ ഒടുവിൽ ഉജ്വലവിജയത്തിലൂടെ അവർക്ക് ചരിത്രം രചിക്കാൻ കഴിഞ്ഞു. പിന്നീട് ന്യൂയോര്‍ക്കില്‍ ഉയര്‍ന്ന ഈ സമരാഗ്‌നി ലോകമാകെ പടര്‍ന്നുപിടിക്കുകയായിരുന്നു. പോരാട്ടത്തിന്റെ നൂറ്റാണ്ട് ചരിത്രമാണ് വനിതാ ദിനം നമ്മളെ ഓർമ്മപ്പെടുത്തുന്നത്. സ്ത്രീപ്രശ്‌നങ്ങള്‍ സമൂഹത്തിലേക്ക് എടുത്തിടേണ്ട അവസരമായാണ് ഓരോ വനിതാദിനത്തേയും നമ്മൾ കാണേണ്ടത്.

സമൂഹത്തിൽ ഒരു സ്ത്രീ, അമ്മയായും മകളായും സഹോദരിയായും ഭാര്യയായും നൽകുന്ന പങ്ക് വളരെ വലുതാണ്. സ്ത്രീകളെ സമൂഹത്തിന്റെ മുൻ നിരയിലേക്ക് കൊണ്ട് വരാനുള്ള ശ്രമങ്ങൾ ലോകമെമ്പാടും നടക്കുമ്പോഴും ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ പെണ്‍സുരക്ഷയെക്കുറിച്ചുള്ള നടുക്കങ്ങളാണ് സൃഷ്ടിക്കുന്നത്. സമൂഹത്തിൽ നിന്നും ജോലി ചെയ്യുന്ന സ്ഥലത്തും ,യാത്രയ്ക്ക് ഇടയിലും, സ്വന്തം കുടുംബത്തിൽ നിന്ന് പോലും സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാമിപ്പോൾ കടന്ന് പോകുന്നത്. സ്തീയെ ബാല്യം മുതൽ തന്നെ പ്രതികരണ ശേഷി ഉള്ളവളായി വളരാനാണ് നാം പറഞ്ഞുകൊടുക്കേണ്ടത്. എന്നാൽ മാതാപിതാക്കൾ ഉൾപ്പെടെയുള്ള സമൂഹം അവളോട്‌ പറയുന്നത് പുരുഷനും, സമൂഹത്തിനും വിധേയപ്പെട്ട് ജീവിക്കാനാണ്. അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാനായ് അനീതിക്കെതിരെ വിരല്‍ ചൂണ്ടി ശബ്ദം ഉയർത്തിയാൽ അവൾ അപമാനമായി മാറുന്നു. എന്നാൽ ഈ കാഴ്ചപ്പാട് തന്നെ മാറേണ്ടിയിരിക്കുന്നു . വളർന്നുവരുന്ന ഓരോ പെൺകുട്ടിയുടെ മനസിലും അവൾക്ക് ധൈര്യം നൽകുന്ന രീതിയിൽ, വർധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ ധൈര്യത്തോടെ പ്രതികരിക്കാനുള്ള മനസ്ഥിതി ഉണ്ടാക്കിയെടുക്കേണ്ടത് ആവശ്യമാണ്. ഒരു മാറ്റത്തിനായി നമ്മൾ തന്നെയാണ് ശ്രമിക്കേണ്ടത്. ഈ വർഷത്തെ വനിതാ ദിന മുദ്രാവാക്യം തന്നെ ‘Be Bold for Change’ എന്നാണ്. നമ്മുടെ രാജ്യത്തെ ഓരോ സ്ത്രീകള്‍ക്കും വേണ്ട പരിഗണനയും അര്‍ഹിക്കുന്ന സ്ഥാനവും സുരക്ഷിതത്വവും നല്‍കാന്‍ സമൂഹത്തിനു കഴിയണം എന്നാണ് ഈ ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നത്. എല്ലാ വനിതകള്‍ക്കും ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലിയുടെ വനിതാ ദിനാശംസകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button