South IndiaWeekened GetawaysPilgrimageIndia Tourism SpotsTravel

ശുചീന്ദ്രം സ്ഥാണുമലയപെരുമാൾ ക്ഷേത്രത്തിൽ-2

ജ്യോതിര്‍മയി ശങ്കരന്‍

ശുചീന്ദ്രമെത്തുമ്പോൾ തന്നെ കാണാൻ കഴിഞ്ഞ സ്ഥാനത്താണ് മലയക്ഷേത്രത്തിന്നടുത്തായുള്ള അതിവിശാലമായ ക്ഷേത്രക്കുളം . നാലുപാടും മതിലും കുളത്തിന്റെ മദ്ധ്യഭാഗത്തായി മനോഹരമായി കൊത്തുപണികളോടെ നിർമ്മിയ്ക്കപ്പെട്ടിരിയ്ക്കുന്ന അലങ്കാര സ്നാന മണ്ഡപവും ഏറെ മനോഹരമായിത്തോന്നി. ക്ഷേത്രക്കുളത്തിലെ വെള്ളം നല്ല തെളിമയാർന്നു നിറഞ്ഞു കിടക്കുന്ന കാഴ്ച്ച നയനമനോഹരമായിരുന്നു.

അകലെ നിന്നും തന്നെ വെളുത്ത നിറത്തിൽ മനോഹാരിതയാർന്ന കൊത്തുപണികളോടു കൂടിയ ഏഴു നിലകളിലായുള്ള ക്ഷേത്രഗോപുരം കണ്ണിൽ‌പ്പെട്ടു. ഇതുവരെയും ചിത്രങ്ങളിൽ മാത്രം കണ്ടു പരിചയമുള്ള ക്ഷേത്രമിതാ തൊട്ടു മുന്നിൽ. മനോഹരമായ ഈ ശിൽ‌പ്പവേല കാണുന്നവരിൽ അത്ഭുതമുളവാക്കും വിധം ആകർഷകം തന്നെ. ഈ ഗോപുരം തിരുവിതാംകൂർ രാജവംശത്തിന്റെ സംഭാവനയാണ്. പുറത്തുള്ള കൊത്തുപണികൾ പോലെ തന്നെ അകത്തെ ചുവർച്ചിത്രങ്ങളും നമ്മെ വിസ്മയഭരിതരാക്കും.അകത്തെ നടരാജമണ്ഡപം ചോള രാജാക്കന്മാരുടെ സമ്മാനമാണ്. മാറി മാറി വന്ന ചോള- ചേര-പാണ്ഡ്യ രാജാക്കന്മാരുടെ സംഭാവനകൾ കൂടിച്ചേർന്നപ്പോൾ ഇന്നു നാം കാണുന്ന അതിമനോഹരമായ ഗോപുരമായി മാറി. മറ്റൊരു രസകരമായ വസ്തുതയെന്തെന്നാൽ കേരളത്തിൽ ആദ്യമായി ഭാഗ്യക്കുറി നടുക്കെടുപ്പ് തുടങ്ങി വച്ചത് ഈ ഗോപുരത്തിന്റെ പുനർനിർമ്മാണത്തിനു വേണ്ടിയാണത്രേ,1874 ൽ. പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ശിൽ‌പ്പികളുടെ കരചാരുത വിളിച്ചറിയുന്ന കൊത്തുപണികളിൽ എല്ലാ ദേവീ ദേവന്മാരുടെ രൂപവും മിഴിവാർന്നവിധം കൊത്തിവയ്ക്കപ്പെട്ടു. കൊത്തു പണികളാലലംകൃതമായ വളരെ വലുപ്പമേറിയ ഗോപുരവാതിലും കടന്ന് ഉള്ളിൽക്കടന്നപ്പോൾ നല്ല തണുപ്പനുഭവപ്പെട്ടു. ഗോപുരത്തിനു 134 അടിയും പ്രധാന വാതിലിനു 25 അടിയും ഉയരമുണ്ടെന്നറിയാൻ കഴിഞ്ഞപ്പോൾ ആശ്ചര്യം തോന്നി.

പ്രീത പറഞ്ഞു:

“യാതൊരു വിധ ടെക്നോളജിയോ മെഷീനുകളോ ഇല്ലാത്ത ഒരു കാലഘട്ടത്തിലെ നിർമ്മിതിയാണിതെന്നു മറക്കരുത്.”
ഇത്രയും ഉയരത്തിൽ ഈ വാതിൽ നിർമ്മിയ്ക്കാൻ അന്നത്തെ ശിൽ‌പ്പികൾ ഉപയോഗിച്ചിരുന്ന ആ വൈദഗ്ധ്യം നമുക്കിന്നു നഷ്ടമായിക്കഴിഞ്ഞിരിയ്ക്കുന്നല്ലോ എന്നോർത്തപ്പോൾ സങ്കടം തോന്നി.
“ എവിടെയാണു പ്രസിദ്ധമായ സംഗീതം പൊഴിയ്ക്കുന്ന തൂണുകൾ?” അകത്തു കടന്നതും ചോദിയ്ക്കാതിരിയ്ക്കാനായില്ല.
“ ആദ്യം നമുക്ക് തൊഴുതുവരാം. അതിനു ശേഷം തൂണുകൾ കാണിച്ചു തരാം”

പ്രീത പുഞ്ചിരിയോടെ പറയുന്നു. ശരിയാണ് ഇവിടെ തൊഴുതു വരണമെങ്കിൽ ഇതിനകത്തെ പ്രതിഷ്ഠകളെക്കുറിച്ചും തൊഴേണ്ട ക്രമങ്ങളെക്കുറിച്ചും നന്നായി അറിയുന്ന ഒരാൾ കൂടെ ഉണ്ടാവുക തന്നെ വേണം. ക്ഷേത്രത്തിനകത്തുള്ള എന്റെ സുഹൃത്തും മുൻപേ തന്നെ ഇക്കാര്യം പ്രത്യേകം സൂചിപ്പിച്ചിരുന്നു. പ്രീതയുടെ പിന്നാലെ നടക്കുമ്പോൾ അമ്പലത്തിന്നകത്തെ ദൃശ്യഭംഗി ഒപ്പിയെടുക്കുന്ന എന്റെ കണ്ണുകൾ വിസ്മയാധിക്യത്താൽ വിടരുകയായിരുന്നു. തട്ടിവീഴാതിരിയ്ക്കാൻ താഴേയ്ക്കും, കാഴ്ച്ചകൾ കാണാനായി വശങ്ങളിലേയ്ക്കും തട്ടുകളിലേയ്ക്കും മാറി മാറി നോക്കാതിരിയ്ക്കാനായില്ല. അപ്പോഴേയ്ക്കും സ്ഥാണുമലയപ്പെരുമാളുടെ നടയിലെത്തിക്കഴിഞ്ഞിരുന്നു ഞങ്ങൾ.സ്ഥാണു എന്നാൽ ശിവൻ, മൽ എന്നാൽ വിഷ്ണു,അയൻ എന്നാൽ ബ്രഹ്മാവ് . പ്രീതയിൽ നിന്നും വിശദീകരണം കിട്ടാതിരുന്നില്ല.

ഈ ത്രിമൂർത്തീ ദർശനം ഒരു ആഗ്രഹസാഫല്യം തന്നെയായിരുന്നെന്നു പറയാം. എത്ര നേരം നിന്നു പ്രാർത്ഥിച്ചിട്ടും മതിവരാത്തതുപോലെ. മനസ്സിലോർത്തു. ശരിയ്ക്കും ഐതിഹ്യത്തിൽ പറയുന്നതുപോലെ സംഭവിച്ചു കാണുമോ? അങ്ങിനെയെങ്കിൽ ഈ ദേവഭൂമിയിലെത്താൻ കഴിഞ്ഞ ഞാനെത്ര ഭാഗ്യവതിയാണ്? അപ്പോൾ ഇവിടെ താമസിയ്ക്കുന്നവരുടെ ഭാഗ്യമോ?

ശ്രീ കോവിലിന്റെ അകത്തുനിന്നും വളർന്ന ഒരു കൊന്ന മരത്തിന്റെ ഒരു ശാഖ മുകൾത്തട്ടിലൂടെ പുറത്തു കടന്നുവന്നതിന്റെ ചെറിയൊരു ഭാഗം ഉണങ്ങിപ്പഴകി നിൽക്കുന്നത് പ്രീത ഞങ്ങളുടെ ശ്രദ്ധയിൽ‌പ്പെടുത്തി ഈ കൊന്നമരത്തിനു താഴെയാണു ത്രിമൂർത്തികൾ അനസൂയയ്ക്കും അത്രി മഹർഷിയ്ക്കും ദർശനം നൽകിയതത്രേ! തായ്ത്തടി ഇന്നും വിഗ്രഹത്തിനു പുറകിലായി കാണാമത്രേ. ആയിരക്കണക്കിനു വർഷങ്ങൾ മുൻപിലത്തെ സംഭവങ്ങൾക്ക് ദൃക്‌സാക്ഷിയായിരുന്ന മരം. ദേവേന്ദ്രൻ ശാപം മൂലം സഹസ്രലിംഗനായും പിന്നീട് സഹസ്രനേത്രനായും മാറിയപ്പോൾ ശാപമോക്ഷത്തിന്നായി പ്രാർത്ഥിച്ചതും ഇവിടെത്തന്നെയാകുമോ?എന്റെ മനസ്സിലെയും ദുർവിചാരങ്ങളെ അകറ്റി മനസ്സു ശുചിയാക്കിത്തരണേ, ദേവാ… പ്രാർത്ഥിയ്ക്കാതിരിയ്ക്കാനായില്ല. മനസ്സു വല്ലാതെ പാറിപ്പറക്കുന്നുവോ? ചുറ്റും ദിവ്യചൈതന്യം നിറയുന്നുവോ? ഒരുപക്ഷേ അമ്പലത്തിന്നകത്തു കടന്നപ്പോൾ അനുഭപ്പെട്ട ആ പഴമയുടെ വിളി വർത്തമാന-ഭൂതങ്ങളെ സമന്വയിപ്പിയ്ക്കാൻ കളമൊരുക്കിയതാവാം.

“ ഇവിടെ വ്യത്യസ്തങ്ങളായ മുപ്പത്തിരണ്ടോളം പ്രതിഷ്ഠകളുണ്ട്. അവയെല്ലം തൊഴുതു വരുമ്പോഴേയ്ക്കും ഒന്നര മണിക്കൂറെങ്കിലും സമയമെടുക്കും. “ അമ്പലത്തിനകത്തെത്തിയപ്പോൾ പൂജാരിയായ എന്റെ സുഹൃത്ത് പറഞ്ഞു. അതെ, പിന്നീടുള്ള ഒരു മണിക്കൂറിലധികം സമയം മാസ്മരികമായ ഒരു ലോകത്തിലായിരുന്ന ഞങ്ങൾ. ഭക്തിയും വിസ്മയവും ഒരേപോലെ മനസ്സിലെത്തുമ്പോൾ വിസ്മൃതമായ വർത്തമാനത്തിന്റെ ലോകം ഞങ്ങളെ ഒട്ടും അലോസരപ്പെടുത്തിയില്ല.

ത്രിമൂർത്തീ ദർശനത്തിനു ശേഷം ശ്രീമൂലസ്ഥാനത്തെത്തി.മഹാദേവനേയും പിന്നീട് മഹാവിഷ്ണുവിനേയും തൊഴുതു. മഹാവിഷ്ണുവിന്റെ വിഗ്രഹത്തിന്റെ പ്രത്യേകതയെന്തെന്നാൽ അത് തടിയിൽ നിർമ്മിയ്ക്കപ്പെട്ടതാണെന്നാണ്. അനന്തശയനരൂപിയായ ഭഗാവാനെ ദർശിച്ച ശേഷം ഉത്സവമൂർത്തിയെ വണങ്ങി, പത്നീ സമേതനായ മഹാ ഗണപതിയെ വന്ദിച്ച്,നവഗൃഹമണ്ഡപത്തിലെത്തി. ചണ്ഡീശ്വരനേയും, പഞ്ചലോഹത്തിൽ തീർത്ത നടരാജവിഗ്രഹത്തേയും തൊഴുത് വടക്കെ നടയിൽ. കാലഭൈരവനെ വണങ്ങി. മുഖം നിറയെ കട്ടിയായ വെണ്ണയും തേച്ചു നിൽക്കുന്ന ഭീമാകാരമായ ഹനുമാൻ സ്വാമിയെ മനസ്സിലേറ്റി. എന്നും ചൊല്ലുന്ന “ “സർവ്വാരിഷ്ട നിവാരകം ശുഭകരം പിംഗാക്ഷമക്ഷാപകം, സീതാന്വേഷണതത്പരം , കപി വരം കോടീന്ദു സൂര്യപ്രഭം……….“ മുതൽ ഹനൂമത് സ്മരണാർത്ഥഭവേത്“ വരെ പലവട്ടം ഉരുക്കഴിച്ചു, ബുദ്ധിർഫലവും, യശോധൈര്യവും, നിർഭയത്വവും, അരോഗതയും, അജാഡ്യവും , വാക്പടുത്വവും ലഭിയ്ക്കാനായി എന്റെ കുട്ടികൾ നിത്യവും ചൊല്ലുന്ന മന്ത്രം. ഹനുമാനു വെണ്ണ വഴിപാട് ഇവിടെ പ്രസിദ്ധം. ഏത് അറ്റ വേനലിലും പുരട്ടിയ വെണ്ണ ഉരുകില്ലെന്ന അത്ഭുതം ഭക്തിയ്ക്കു ബലം കൂട്ടുന്നു.
“ ഈ വിഗ്രഹത്തിനു പതിനെട്ടടിയിലധികം പൊക്കമുണ്ട്. ഇപ്പോഴും വളർന്നുകൊണ്ടിരിയ്ക്കുന്നു. ഉത്സവസമയത്ത ലോറിക്കണക്കിന് പൂ കൊണ്ടു വന്ന് ഈ വിഗ്രഹം മുഴുവനായും പൂ മൂടൽ നടത്തും”
പ്രീതയുടെ വാക്കുകൾ മനസിൽ പൂർണ്ണമായും പൂവാൽ മൂടിയ പടുകൂറ്റൻ ഹനുമത് വിഗ്രഹത്തിന്റെ ചിത്രം വരച്ചപ്പോൾ വീണ്ടും പ്രാർത്ഥിച്ചു:

“ആഞ്ജനേയ സ്വാമീ….കാത്തു രക്ഷിയ്ക്കണേ…”

shortlink

Related Articles

Post Your Comments

Related Articles


Back to top button