ദുബായ് : ആഗോള എണ്ണ വിപണിയിലെ വിലയിടിവിനെ തുടര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ പിടിച്ചു നില്ക്കാന് കഴിയാതെ ഗള്‍ഫിലെ ജോലി വിട്ട് നാട്ടിലേക്ക് മടങ്ങുന്നതായി റിപ്പോര്‍ട്ട്. സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ്, ബഹ്റിന്, ഒമാന്‍, ഖത്തര്‍ എന്നീ ആറു രാജ്യങ്ങളും എണ്ണവില ഇടിവിനെ തുടര്‍ന്നുള്ള ദുരിതത്തെ അഭിമുഖീകരിക്കുന്നതായും ഇതിനെ തുടര്‍ന്നുണ്ടാകുന്ന പ്രതിസന്ധി മലയാളികള്‍ അടക്കം ഗള്‍ഫില്‍ ജീവിതം തേടുന്ന അനേകം വിദേശികളില്‍ വന്നു പതിക്കുന്നതായിട്ടുമാണ് വിവരം.
എണ്ണവിലയിലെ ഇടിവ് മൂലം ഉണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാനായി അറബ് ഗവണ്മെന്റുകള് എടുത്തിരിക്കുന്ന തീരുമാനങ്ങളും വിദേശ തൊഴിലാളികളെ കാര്യമായി ബാധിച്ചു.
തൊഴില്‍ മേഖലകള്‍ വെട്ടിച്ചുരുക്കുന്നതും നാട്ടുകാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കമ്പനികള്‍ നിര്‍ബ്ബന്ധിതമാകുന്നതും ഗള്‍ഫിലെ ആറു രാജ്യങ്ങളിലൂം മലയാളികള്‍ക്ക് നാട്ടിലേക്ക് മടങ്ങേണ്ട സ്ഥിതി വര്‍ദ്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
എണ്ണവിപണിയിലെ ഇടിവ് ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവല്‍ക്കരണ നടപടികള്‍ക്ക് കരുത്തു കൂട്ടിയിട്ടുണ്ട്. ബ്ളൂ കോളര്‍ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന മിക്ക മലയാളികളും നാട്ടിലേക്ക് മടങ്ങിയതോടെ ഇടത്തരം സീനിയര്‍ ജോലികളിലാണ് ഇപ്പോള്‍ കൂടുതല്‍ മലയാളികള്‍ ഉള്ളത്. എന്നാല്‍ ഈ രണ്ടു ജോലികളും ഇപ്പോള്‍ ഭീഷണി നേരിടുകയാണ്. പല കമ്പനികളും പണം ലാഭിക്കാന്‍ തങ്ങളുടെ ജോലികള്‍ നേരിട്ടു നടത്തുന്നതോടെ ഈ മേഖലയിലും തൊഴിലില്ലാത്ത സ്ഥിതിയാണ്.
ഗള്‍ഫ് മലയാളികള്‍ അയയ്ക്കുന്ന പണം കൊണ്ട് നാട്ടില്‍ 50 ലക്ഷം കുടുംബങ്ങള്‍ കഴിയുന്നതായിട്ടാണ് തിരുവനന്തപുരം സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസിന്റെ കണക്കുകള്‍ പറയുന്നത്. സംസ്ഥാന ജിഡിപിയുടെ 35 ശതമാനമാണ് ഇത്. തൊഴില്‍ തേടി വിദേശത്തേക്ക് പറക്കുന്ന ഇന്ത്യാക്കാരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. 2015 ല്‍ 782,083 ഇന്ത്യാക്കാര്‍ 18 രാജ്യങ്ങളിലേക്ക് പോയെങ്കില്‍ 2016 ല്‍ അത് 520,960 ആയി കുറഞ്ഞു. 34 ശതമാനമായിരുന്നു കുറഞ്ഞത്.
Post Your Comments