നിയമസഭയില്‍ എം.എല്‍.എമാര്‍ ഉന്നയിക്കുന്ന സുപ്രധാന ചോദ്യങ്ങള്‍ക്കു സര്‍ക്കാര്‍ ഉത്തരം നല്‍കുന്നില്ല ആക്ഷേപം ശക്തമാകുന്നു. രാവിലെ 8.30 മുതല്‍ 9.30വരെയാണ് നിയമസഭയില്‍ ചോദ്യോത്തരവേളക്ക് അനുവദിച്ചിരിക്കുന്നത്. ഓരോ ദിവസവും ചിലപ്പോള്‍ രണ്ടോ മൂന്നോ മന്ത്രിമാര്‍ക്ക് മാത്രമാകും നേരിട്ട് സഭയില്‍ മറുപടി പറയാന്‍ അവസരം ലഭിക്കുക. മറ്റുചോദ്യങ്ങള്‍ക്കെല്ലാം എഴുതി തയ്യാറാക്കിയ മറുപടി ലഭ്യമാക്കുകയാണ് പതിവ്. എന്നാല്‍ അതീവ ഗൗരവമുള്ളതും സുപ്രധാനവുമായ വിഷയങ്ങളിന്‍മേലുള്ള ചോദ്യങ്ങള്‍ക്കു മറുപടി നല്‍കാതെ മന്ത്രിമാര്‍ ഒഴിഞ്ഞുമാറുന്നത് പതിവായിരിക്കുകയാണ്. ഇന്ന് നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇക്കാര്യം ശക്തമായി ഉന്നയിച്ചു എന്നതും ശ്രദ്ധേയമാണ്. ചില ചോദ്യങ്ങള്‍ക്ക് ഏറെ വൈകി ദിവസങ്ങള്‍ക്കുശേഷം ഉത്തരം നല്‍കുമ്പോള്‍ ചിലതിനാകട്ടെ പരിശോധിച്ചുവരികയാണെന്നോ വിവരങ്ങള്‍ ലഭ്യമല്ലെന്നോ ഉള്ള ഒറ്റവരി ഒഴുക്കന്‍ മറുപടിയാണ് നല്‍കുന്നത്. അതേസമയം ചോദ്യങ്ങള്‍ക്കു കൃത്യമായി മറുപടി നല്‍കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് സ്പീക്കര്‍ അനുകൂലമായി പ്രതികരിച്ചത് സര്‍ക്കാരിന് തിരിച്ചടി ആയിട്ടുണ്ട്. ചോദ്യങ്ങള്‍ക്കു മറുപടി ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രിമാര്‍ ജാഗ്രതയോടെ ഉത്തരം നല്‍കണമെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ റൂളിങ് നല്‍കുകയും ചെയ്തു.
Post Your Comments