Kerala

സര്‍ക്കാര്‍ ഉദ്യോഗം തേടുന്നവരുടെ ശ്രദ്ധക്ക് ; സുപ്രധാന നിര്‍ദേശവുമായി പി.എസ്.സി

തിരുവനന്തപുരം : സര്‍ക്കാര്‍ ഉദ്യോഗം തേടുന്നവര്‍ക്കായി സുപ്രധാന നിര്‍ദ്ദേശവുമായി പി.എസ്.സി. പി.എസ്.സി. വെബ്സൈറ്റില്‍ വണ്‍ ടൈം രജിസ്ട്രേഷന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചു. പബ്ലിക് സര്‍വീസ് കമ്മിഷന്‍ യോഗത്തിന്റേതാണു തീരുമാനം. ഒരാള്‍ പല പ്രൊഫൈലുകള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കാനും പി.എസ്.സി. പരീക്ഷകളില്‍ നിന്നു വിലക്കപ്പെട്ട ഉദ്യോഗാര്‍ഥികള്‍ മറ്റൊരു പേരില്‍ പരീക്ഷ എഴുതുന്നത് തടയാനും ഇത് സഹായകമാകും.

വനത്തിനകത്തുള്ള തീവ്രവാദപ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി വനത്തില്‍ താമസിക്കുന്ന പട്ടികവര്‍ഗ, ആദിവാസി വിഭാഗക്കാരില്‍ നിന്നു പോലീസിലേക്കും എക്സൈസിലേക്കും നിയമനം നടത്താന്‍ പി.എസ്.സി. തീരുമാനിച്ചു. സിവില്‍ പോലീസ് ഓഫീസര്‍, വനിതാ സിവില്‍ പോലീസ് ഓഫീസര്‍, സിവില്‍ എക്സൈസ് ഓഫീസര്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ തസ്തികകളിലേക്കു നേരിട്ടുള്ള നിയമനമാണു നടത്തുന്നത്. ഇവര്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഒഴിവാക്കി അപേക്ഷാ ഫോറത്തില്‍ എഴുതി രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കാം. ട്രൈബല്‍ വെല്‍ഫെയര്‍, വനം വകുപ്പുകളുടെ സഹായത്തോടെ നടപടി പൂര്‍ത്തീകരിക്കും. ആദിവാസികള്‍ക്കുള്ള പ്രത്യേക പാക്കേജ് എന്ന നിലയിലാണ് മാനദണ്ഡങ്ങള്‍ ഇളവു ചെയ്യുന്നത്.

പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് യോഗ്യത നേടിയവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാനും നിയമവകുപ്പില്‍ അസിസ്റ്റന്റ് തമിഴ് ട്രാന്‍സ്ലേറ്റര്‍ തസ്തികയിലേക്ക് തിരഞ്ഞെടുപ്പ് നടപടികളുടെ ആദ്യഘട്ടമായി എഴുത്തു പരീക്ഷ നടത്താനും കമ്മിഷന്‍ തീരുമാനിച്ചു. കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സില്‍ സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് തെരഞ്ഞെടുപ്പിന്റെ ഭാഗമായി (പട്ടികവര്‍ഗക്കാരില്‍ നിന്നുള്ള പ്രത്യേക നിയമനം) സൈക്ലിങ് ടെസ്റ്റ്, ശാരീരിക അളവെടുപ്പ് എന്നിവ നടത്തും. ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സില്‍ സൂപ്പര്‍വൈസര്‍ തസ്തികയിലെ മാനദണ്ഡം സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാനും തീരുമാനമായി.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ലക്ചറര്‍/ലക്ചറര്‍ (ഇന്‍ കമ്യൂണിറ്റി മെഡിസിന്‍), ഭക്ഷ്യസുരക്ഷാ വകുപ്പില്‍ മൈക്രോബയോളജിസ്റ്റ്, പുരാവസ്തു വകുപ്പില്‍ റിസര്‍ച്ച് അസിസ്റ്റന്റ് ഫോക്ലോര്‍, നിയമസഭാ സെക്രട്ടേറിയറ്റില്‍ കോപ്പി ഹോള്‍ഡര്‍ തസ്തികകളിലേക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്തും. പ്ലസ് 2 യോഗ്യത നിശ്ചയിച്ചിട്ടുള്ള തസ്തികകള്‍ക്ക് വി.എച്ച്.എസ്.ഇ. പാര്‍ട്ട് 1, പാര്‍ട്ട് 2 മാത്രം പാസായിട്ടുള്ളവരെ പരിഗണിക്കില്ല. എക്സൈസ് വകുപ്പില്‍ ഡ്രൈവര്‍ (എച്ച്.ഡി.വി.) തസ്തികയുടെ സ്പെഷല്‍ റൂള്‍ ദേഭഗതി കമ്മിഷന്‍ അംഗീകരിച്ചു.

കൃഷി വകുപ്പില്‍ ട്രാക്ടര്‍ ഡ്രൈവര്‍ തസ്തികയിലേക്ക് (കോട്ടയം, കോഴിക്കോട്, ആലപ്പുഴ ജില്ലകള്‍) പ്രായോഗിക പരീക്ഷയുടെ അടിസ്ഥാനത്തില്‍ ചുരുക്കപ്പട്ടികയും തുടര്‍ന്ന് അഭിമുഖവും നടത്തും. വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ അറബിക് ടീച്ചര്‍ (എല്‍.പി.എസ്), പത്തനംതിട്ട ജില്ലയില്‍ നിലവിലുള്ള എന്‍.സി.എ. ഒ.ബി.സി. ഒഴിവിലേക്ക് രണ്ടാം എന്‍.സി.എ. വിജ്ഞാപന ശേഷവും ഉദ്യോഗാര്‍ത്ഥികളെ ലഭ്യമല്ലാത്തതിനാല്‍ ഈ ഒഴിവ് മാതൃ റാങ്ക് ലിസ്റ്റില്‍ നിന്ന് അടുത്ത സംവരണ സമുദായത്തിന് നല്‍കി നികത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button