പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തിട്ടു മാസങ്ങള്‍ പിന്നിടുമ്പോഴും മരണത്തിനു കാരണക്കാരായ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. കേസില്‍ ഒന്നാംപ്രതിയായ നെഹ്രു കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം ലഭിച്ചപ്പോള്‍ മറ്റുപ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. എന്നിട്ടും ആ പ്രതികളെ പോലും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ മകന് നീതികിട്ടാന്‍വേണ്ടി പോരാടുന്ന ജിഷ്ണുവിന്റെ മാതാപിതാക്കളുടെ ഇപ്പോഴത്തെ ജീവിതം തുറന്നുകാട്ടുകയാണ് മാധ്യമപ്രവര്‍ത്തകനായ വിപിന്‍ സി വിജയന്‍.
വിപിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
ജിഷ്ണു പ്രണോയ്. ജിഷ്ണുവിന്റെ വളയത്ത് കല്ലുനിരയിലുള്ള വീട്ടില്‍ റിപ്പോര്‍ട്ടിംഗിന്റെ ഭാഗമായി 15തവണയിലേറെയായി പോകുന്നു. അമ്മ മഹിജ. അച്ഛന്‍ അശോകന്‍. പാമ്പാടിനെഹ്റു കോളേജില്‍ വച്ച് ജിഷ്ണു മരിച്ചിട്ട് 56 ദിവസം കഴിഞ്ഞു. അവന്റെ അമ്മ അന്നു മുതല്‍ കിടക്കാന്‍ തുടങ്ങിയതാണ്. 60 കിലോയുണ്ടായിരുന്ന മഹിജ ഇപ്പോള്‍ 30 കിലോ മാത്രമാണ്. അവന് ഇഷ്ടമുള്ളതൊന്നും മഹിജ കഴിയ്ക്കുന്നില്ല. ജിഷ്ണുവിന് ചക്കയും ചക്കകുരു വിഭവങ്ങളും ഇഷ്ടമാണ്. അത് അവര്‍ കഴിക്കില്ല. പുട്ടും കടലയും കഴിയ്ക്കില്ല. സൂചി ഗോതമ്പിന്റെ ഉപ്പുമാവ് ജിഷ്ണുവിന് ഇഷ്ടമല്ല. അതു മാത്രമാണ് കുറച്ചെങ്കിലും കഴിയ്ക്കുന്നത്. അച്ഛന്‍ അശോകന്‍ ഗള്‍ഫില്‍ നിന്നും ജോലി നിര്‍ത്തി പോന്നു. ഇനി എന്തിനാണ് ഞാന്‍ പോകുന്നതെന്നാണ് അച്ഛന്‍ എന്നോട് ചോദിച്ചത്. അവരുടെ മുഖത്ത് നോക്കാനുള്ള ധൈര്യം ഞാന്‍ ഇപ്പോഴും കൈവരിച്ചിട്ടില്ല. അശോകന്‍ പുലര്‍ച്ചെ മൂന്നിനും നാലു മണിക്കുമെല്ലാം എണീക്കും. ജിഷ്ണുവിനെ സംസ്‌കരിച്ച സ്ഥലത്തും വീടിനു പുറത്തുള്ള ഫ്ളക്സ് ബോര്‍ഡുകളിലും മണിക്കൂറുകള്‍ നോക്കി നില്‍ക്കുന്നുണ്ടെന്ന് പ്രദേശത്തുള്ളവര്‍ പറഞ്ഞു.
എന്തു പറഞ്ഞാണ് ആ മനുഷ്യനെ സമാധാനിപ്പിക്കുക.?
ഒരാള്‍ മരിക്കുമ്പോള്‍ ചിലപ്പോള്‍ മരിച്ചു പോകുന്നത് ഒരു കുടുംബം തന്നെയാണ്. പറഞ്ഞുവരുന്നത് ഇതാണ്. ആ കേസില്‍ മൊത്തം അഞ്ചു പ്രതികള്‍. ഒന്നാം പ്രതി കൃഷ്ണദാസിന് മാത്രം ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം ലഭിച്ചു. മറ്റു നാലു പ്രതികളെയും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണ്?
20 ദിവസം കഴിഞ്ഞു, പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ട്. ഗതികേടുകൊണ്ട് എത്രതവണ ആ അമ്മ മാദ്ധ്യമങ്ങള്‍ക്ക് മുമ്പില്‍ വന്ന് കരഞ്ഞു. ?നീതിവേണമെന്ന് പറഞ്ഞു. വളയം പോലെ സിപിഎമ്മിന് ശക്മായ വേരൊട്ടമുള്ള സ്ഥലത്ത് ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തിന് പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ പറയുന്നതിന് ഏറെ പരിമിതികള്‍ ഉണ്ട്. അതുകൊണ്ടാണ് ‘ഞങ്ങള്‍ ദുര്‍ബലരാണ്, സമരത്തിനില്ലെന്ന് ‘ആ കുടുംബത്തിന് കരഞ്ഞ് പറയേണ്ടി വരുന്നത്. നാലുപ്രതികളെ എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ല എന്നു ചോദിക്കുമ്പോള്‍ നിങ്ങള്‍ ആവശ്യപ്പെട്ട സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചില്ലേ എന്ന നെഞ്ചത്ത് കുത്തുന്ന അശ്ലീല മറുചോദ്യം ഇനിയും ആവര്‍ത്തിക്കരുത്. നെഹ്‌റു മാനേജ്‌മെന്റിനോടും കൂടി പറയണം സഖാവേ ആ വിരട്ടൊന്നും ഇങ്ങോട്ടുവേണ്ടന്ന്.
Post Your Comments