ഷാര്‍ജ : ഖോര്‍കല്‍ബയില്‍ മലയാളി തൊഴിലാളികളുടെ താമസകേന്ദ്രം കത്തി നശിച്ചു. തൊഴിലാളികള്‍ ജോലിക്കു പോയിരുന്നതിനാല്‍ ആളപായമൊഴിവായി. രാവിലെ പത്തരയോടെയായിരുന്നു മേഖലയെ നടുക്കിയ അഗ്‌നിബാധ. അടുക്കളഭാഗത്തു നിന്നാണു തീ പടര്‍ന്നതെന്നു കരുതുന്നു. ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതാണ് അപകടവ്യാപ്തി കൂട്ടിയത്. ഉടന്‍ സ്ഥലത്തെത്തിയ പൊലീസും സിവില്‍ ഡിഫന്‍സും ഉച്ചയോടെ തീ പൂര്‍ണമായി കെടുത്തി. വിലപ്പെട്ട രേഖകള്‍ക്കുപുറമേ പണം, മൊബൈലുകള്‍, ലാപ്ടോപ്പുകള്‍, വസ്ത്രങ്ങള്‍ എന്നിവയും കത്തിനശിച്ചു.
നാട്ടില്‍ അവധിക്കുപോകാനിരുന്നവര്‍ വാങ്ങിവച്ചിരുന്ന സാധനങ്ങളും ചാമ്പലായി. ആറു കാരവനുകളിലായി 15 മുറികളാണുണ്ടായിരുന്നത്. ഒരു മുറിയില്‍ അഞ്ചും ആറും പേര്‍ താമസിച്ചിരുന്നു. ഭൂരിഭാഗവും ഷാര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ട് ഫൊര്‍ ഹെറിറ്റേജിലെ തൊഴിലാളികളാണ്. കണ്ണൂര്‍ സ്വദേശികളായ ഷാജു, ഉമേഷ്, സജീവ്, തൃശൂര്‍ സ്വദേശി ലജീഷ്, പത്തനംതിട്ട സ്വദേശി അഭിലാഷ് എന്നിവരാണു മലയാളികള്‍. വസ്ത്രങ്ങള്‍ ഉള്‍പ്പെടെ വാങ്ങേണ്ട അവസ്ഥയിലാണിവര്‍. ഉത്തരേന്ത്യരും ടാന്‍സാനിയ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് സ്വദേശികളും ഇവരിലുണ്ട്.
ആളിപ്പടര്‍ന്ന തീയില്‍ നിന്നു സാധനങ്ങള്‍ പുറത്തെടുക്കാന്‍ ചില പാക്കിസ്ഥാന്‍ തൊഴിലാളികള്‍ ഓടിയെത്തിയെങ്കിലും ഉഗ്രശബ്ദത്തോടെ പാചകവാതക സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതോടെ പിന്‍വാങ്ങി. പ്രദേശമാകെ കറുത്തപുക മൂടിക്കെട്ടി.
ഇരുമ്പുപൈപ്പുകള്‍ ഉരുകിവളഞ്ഞു. ശക്തമായ കാറ്റ് രക്ഷാപ്രവര്‍ത്തനം ദുസ്സഹമാക്കി. രാവിലെ ജോലിക്കു പോകുന്ന തൊഴിലാളികള്‍ വൈകിട്ടോടെയാണു മടങ്ങുക. ഇന്നലെ പ്രവൃത്തിദിവസമായതിനാല്‍ ആരും ഉണ്ടായിരുന്നില്ല. സമീപത്തു വേറെ കെട്ടിടങ്ങള്‍ ഇല്ലാത്തതും ദുരന്തവ്യാപ്തി കുറച്ചു.
Post Your Comments